Olympics 2024

Paris Olympics 2024| ആണോ പെണ്ണോ? ലിംഗവിവാദം ഒഴിയാതെ ഇടിക്കൂട്; ഖെലീഫിയ്ക്ക് പിന്നാലെ തായ്‌വാന്റെ ലിൻ യു ടിങ്ങും

വെബ് ഡെസ്ക്

പാരീസ് ഒളിംപിക്സിൽ ലിംഗവിവാദം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം അൾജീരിയയുടെ ബോക്സിങ് താരം ഇമാനെ ഖെലീഫിയ്ക്ക് പിന്നാലെ തായ്‌വാന്റെ ലിൻ യു ടിങ്ങും ലിംഗവിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. ബോക്സിങ് 57 കിലോഗ്രാം വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാൻ്റെ സിറ്റോറ തുർഡിബെക്കോവയെ ലിൻ യു ടിങ് പരാജയപ്പെടുത്തിയതോടെയാണ് ചോദ്യശരങ്ങൾ താരത്തിനുനേരെയും തിരിഞ്ഞത്. 2023ൽ നടന്ന അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ലിംഗപരിശോധനയിൽ പരാജയപ്പെട്ട ഇരുവനിതാ താരങ്ങളെയും ഒളിംപിക്സിൽ പങ്കെടുപ്പിച്ചതിനെതിരെയാണ് ആരോപണങ്ങൾ.

പാരീസ് ഒളിമ്പിക്‌സിൽ തായ്‌വാനിൻ്റെ ലിൻ യു-ടിങ്

യോഗ്യത മാനദണ്ഡങ്ങളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2023ൽ ന്യൂഡൽഹിയിൽവച്ച് നടന്ന അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇരുതാരങ്ങളേയും വിലക്കിയിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇമാനെ ഖെലീഫിയ്ക്കും ലിൻ യു ടിങ്ങിനും എക്‌സ്, വൈ ക്രൊമസോമുകളാണെന്ന് (പുരുഷന്മാരുടേത്) തെളിഞ്ഞതായി അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ (ഐബിഎ) പ്രസിഡന്റ് ഉമർ ക്രെംലെവ് വ്യക്തമാക്കിയിരുന്നു. പുരുഷന്മാരുടെ ശരീരഘടനയുള്ള ഇവർ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ കഴിയില്ലെന്നാണ് പലരും വാദിക്കുന്നത്.

നോർത്ത് പാരീസ് അരീനയിൽ ഓഗസ്റ്റ് ഒന്നിന് നടന്ന ഇമാനെയുടെ ആദ്യമത്സരത്തിൽനിന്ന് ഇറ്റലിയുടെ ഏഞ്ചെല കാരിനി പിന്മാറിയിരുന്നു. ഇമാനെയുടെ ആദ്യ പഞ്ചിൽ തന്നെ ഏഞ്ചലെയുടെ ചിൻസ്ട്രാപ്പ് ഇളക്കുകയും രണ്ടാമത്തെ പഞ്ചോടുകൂടി പിന്മാറുകയുമായിരുന്നു. തന്റെ കരിയറിൽ ഇത്രയും പവറുള്ള പഞ്ച് ലഭിച്ചിട്ടില്ല എന്നായിരുന്നു ഏഞ്ചലെ മത്സരശേഷം പ്രതികരിച്ചത്. ഇതാണ് വലിയ വിവാദങ്ങൾക്ക് കഴിഞ്ഞ ദിവസം വഴിവച്ചത്.

എന്നാൽ തുർഡിബെക്കോവയെ ലിൻ തോൽപ്പിച്ചത് ശക്തിയേക്കാൾ മികച്ച ടെക്നിക്കുകൾ പുറത്തെടുത്തായിരുന്നു. നീളമുള്ള കൈകൾ ഉപയോഗിച്ച് എതിരാളിക്ക് നേരെ തുരുതുരാ പഞ്ചുകൾ പായിച്ചായിരുന്നു ലിൻ സ്കോർ ചെയ്തത്. പക്ഷേ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ 'യോഗ്യത മാനദണ്ഡങ്ങൾ' മറികടക്കാൻ കഴിയാതിരുന്ന ഇമാനെയെയും ലിൻ യു ടിങ്ങിനെയും പാരിസിലെ ബോക്സിങ് റിങ്ങിൽ മത്സരിക്കാൻ അനുവദിച്ചതിനെതിരെയാണ് നിലവിലെ വിമർശനങ്ങൾ.

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഇറ്റാലിയൻ പ്രീമിയർ ജോർജിയ മെലോണി തുടങ്ങിയവരും ഇമാനെ ഖെലീഫിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്നിരുന്നു. അതേസമയം, ഇരുവരുടെയും പാസ്‌പോർട്ടിൽ രണ്ടു താരങ്ങളും സ്ത്രീകളാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഒളിംപിക്‌സ് കമ്മിറ്റിയുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഇരുവർക്കും മത്സരിക്കുന്നതിൽ തടസങ്ങളില്ലെന്നും കമ്മിറ്റി പറയുന്നു. കൂടാതെ 2021ലെ ടോക്കിയോ ഒളിംപിക്സിലും ഇരുത്തരങ്ങളും വിവാദങ്ങളൊന്നുമില്ലാതെ മത്സരിച്ചിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും