Olympics 2024

വിനേഷ് അന്നേ പറഞ്ഞു; 'അവർ ചതിക്കും'

വെബ് ഡെസ്ക്

പാരീസ് ഒളിംപിക്സിൽ ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫൊഗാട്ട് അയോഗ്യയാക്കപ്പെട്ട് പുറത്തായ സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിനേഷ് ഫൊഗാട്ട് ഏപ്രിലിൽ എക്‌സിൽ എഴുതിയ ഒരു കുറിപ്പ് വീണ്ടും ചർച്ചയാവുകയാണ്.

ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങൾക്കോരുങ്ങുന്ന തന്റെ കൂടെയുള്ള കോച്ചുമാരും ഫിസിയോമാരും തങ്ങൾ ലൈംഗികാതിക്രമം ആരോപിച്ച ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ കൂട്ടാളികളാണെന്നും. അവർ തനിക്കെതിരെ ഗൂഢാലോചന നടത്തുമെന്ന സംശയമുണ്ടെന്നും പറയുന്ന വിനേഷ്, മത്സരത്തിനിടയിൽ അവർ നൽകുന്ന എന്തെങ്കിലും പാനീയം തന്റെ ശാരീരികാവസ്ഥയെ ബാധിക്കാനും അത് മത്സരത്തിൽ പ്രതിഫലിക്കാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.

തന്റെ കൂടെയുള്ള കോച്ചിനും ഫിസിയോയ്ക്കും കേന്ദ്രസർക്കാർ അംഗീകാരം നൽകാത്തതുകൊണ്ട് അവർക്ക് പാരീസിലേക്ക് തന്നെ അനുഗമിക്കാൻ സാധിക്കില്ല എന്നും അത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നും വിനേഷ് കുറിപ്പിൽ പറയുന്നുണ്ട്.

തന്റെ കോച്ചിനുൾപ്പെടെ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് വിനേഷ് ഫൊഗാട്ട് നിരവധി തവണ സായി, ടോപ്സ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചിരുന്നെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ലെന്നും ഇനി ഈ രാജ്യത്ത് വളർന്നു വരുന്ന താരങ്ങളെല്ലാം ഇത് തന്നെ അനുഭവിക്കേണ്ടി വരുമോ എന്നും വിനേഷ് കുറിപ്പിൽ എഴുതുന്നു.

ബ്രിജ് ഭൂഷണും അയാളുടെ അനുയായി ആയ സഞ്ജയ് സിങ്ങും ചേർന്നുകൊണ്ട് തന്നെ ഒളിംപിക്സിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും തന്നെ അയോഗ്യയാക്കാനുള്ള ശ്രമങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിനേഷ് കുറിപ്പിൽ പറയുന്നു. തങ്ങളെ മാനസികമായി ദ്രോഹിക്കാനുള്ള അവസരമൊന്നും ഇവർ പാഴാക്കാറില്ലെന്നും, ഇത്തരമൊരു പ്രധാനപ്പെട്ട മത്സത്തിൽ പോലും തങ്ങൾ ഇങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നത് എങ്ങനെ നീതീകരിക്കാൻ സാധിക്കുമെന്നും വിനേഷ് ചോദിക്കുന്നു.

ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ, ഒരന്താരാഷ്ട്ര വേദിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പോകുന്ന സമയത്തും തങ്ങൾ ഈ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കേണ്ടതുണ്ടോ? ഇതാണോ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഈ രാജ്യം നൽകുന്ന ശിക്ഷ? എന്ന് ചോദിച്ചുകൊണ്ടാണ് വിനേഷ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.

50 കിലോഗ്രാം ആണ് വിനേഷ് മത്സരിച്ച വിഭാഗത്തിലെ ഭാരപരിധി. ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിനേഷ് ഫോഗാട്ടിന് ഇന്നലെ രാത്രി രണ്ട് കിലോഗ്രാം അധികഭാരമുണ്ടായിരുന്നു. ശേഷം രാത്രി മുഴുവൻ അതിതീവ്രമായ വ്യായാമം ചെയ്ത് ഭാരം കുറയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ അനുവദിനീയമായതിനേക്കാൾ 100 ഗ്രാം ഭാരം അധികമുണ്ടെന്ന് പറഞ്ഞാണ് അയോഗ്യയാക്കുന്നത്. ലോക ഒന്നാം നമ്പർ താരത്തെ പ്രീക്വാട്ടറിൽ തന്നെ പരാജയപ്പെടുത്തി മുന്നേറിയ വിനേഷ് ഫൊഗാട്ട് ഇത്തവണ സ്വർണവുമായി മാത്രമേ തിരിച്ചുവരൂ എന്നായിരുന്നു എല്ലാ ഇന്ത്യക്കാരും കരുതിയത്. അപ്പോഴാണ് ദൗർഭാഗ്യമായി അയോഗ്യത വരുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന ആരോപിച്ച് അന്വേഷണം ആവശ്യപ്പെടുകയും പാർലമെന്റിൽ നിന്നും വാക് ഔട്ട് നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കുറിപ്പ് കൂടി ചർച്ചയായതോടെ വിനേഷ് ഏപ്രിൽ മാസം തന്നെ ചൂണ്ടിക്കാണിച്ച കാര്യം സംഭവിച്ചിരിക്കുകയാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്