''ഞങ്ങള്‍ ഈ വെള്ളിയില്‍ സന്തുഷ്ടരാണ്. ഈ വെള്ളിക്ക് സ്വർണത്തിന്റെ തിളക്കമുണ്ട്. സ്വർണം നേടിയ അർഷാദ് നദീമും എന്റെ മകനാണ്,'' നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവിയുടെ ഈ വാക്കുകളിലുണ്ട് ട്രാക്കിനകത്തും പുറത്തും നീരജും അർഷാദും കാത്തുസൂക്ഷിക്കുന്ന സൗഹൃദം.
മില്‍ഖ സിങ്ങിനും അബ്ദുള്‍ ഖലീഖിനും ശേഷം ട്രാക്ക് ഇത്രത്തോളം ആഘോഷിച്ചിട്ടുള്ള ഇന്ത്യ-പാകിസ്താൻ ദ്വയമില്ലെന്ന് തന്നെ പറയാം. ഇതിനുകാരണം ജാവലിനില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി തുടരുന്ന ഇഞ്ചോടിഞ്ചുള്ള പോരാട്ടം മാത്രമല്ല. ഇരുവരും പരസ്പരം പങ്കുവെക്കുന്ന ബഹുമാനവും കൂടിയാണ്.
ഇന്നലെ പാരീസിലെ സ്‌റ്റേഡ് ഡ ഫ്രാൻസ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ ഇതിന്റെ മറ്റൊരു അധ്യായം കൂടിയായിരുന്നു കണ്ടത്. ഒളിമ്പിക് റെക്കോഡോടെ (92.97 മീറ്റർ) അർഷാദ് സ്വർണമണിഞ്ഞപ്പോള്‍ നീരജിന്റെ ടോക്കിയോയിലെ പൊന്ന് പാരീസില്‍ വെള്ളിയായി മാറി (89.45 മീറ്റർ). ആറ് ത്രോകള്‍ക്ക് ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന കാഴ്ചയായിരുന്നു കാണികളെ കാത്തിരുന്നത്.
മെഡല്‍ദാനത്തിന് ശേഷം അർഷാദിനെ അഭിനന്ദിക്കാനും നീരജ് മറന്നില്ല. അർഷാദിന്റെ നേട്ടത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അർഷാദിന്റെ കഠിനാധ്വാനം ഫലം കണ്ടെന്നുമായിരുന്നു നീരജ് പറഞ്ഞത്.
എട്ട് വർഷം, നേർക്കുനേർ പത്ത് തവണ
പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം സ്വർണവും വെള്ളിയും മാത്രം വെട്ടിപ്പിടിച്ചിട്ടുള്ള ചരിത്രമാണ് നീരജിന്റേത്. പക്ഷേ അർഷാദിന്റേത് അത്തരത്തിലൊന്നായിരുന്നില്ല. വളരെ സാവധാനമായിരുന്നു നീരജിന്റെ മികവിലേക്ക് ഉയർന്ന യാത്ര. ഇരുവരും ആദ്യമായി ട്രാക്കില്‍ നേർക്കുനേർ വരുന്നത് 2016 സൗത്ത് ഏഷ്യൻ ഗെയിംസിലാണ്. ഗുവാഹത്തി ആതിഥേയത്വം വഹിച്ച ഗെയിംസില്‍ 82.23 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണം നേടിയത്. 78.33 മീറ്റർ എറിഞ്ഞ അർഷാദിന് അന്ന് മൂന്നാം സ്ഥാനമായിരുന്നു.
പിന്നീട് 2016 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ്, 2016 വേള്‍ഡ് അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, 2017 ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, 2018 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2018 ഏഷ്യൻ ഗെയിംസ്, 2020 ടോക്കിയോ ഒളിമ്പിക്‌സ്, 2022, 2023 വേള്‍ഡ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് എന്നിവയാണ് പാരീസിന് മുൻപ് ഇരുവരും നേർക്കുനേർ വന്നത്. ഒരിക്കല്‍ പോലും നീരജിന്റെ ദൂരം മറികടക്കാൻ അർഷാദിന് മേല്‍പ്പറഞ്ഞ ഗെയിംസിലൊന്നുമായിരുന്നില്ല.
നേർക്കുനേർ വന്നപ്പോള്‍ മാത്രമാണ് അർഷാദിന് നീരജിന് മുന്നില്‍ കാലിടറിയിട്ടുള്ളത്. വ്യക്തിഗത നേട്ടങ്ങളുടെ പട്ടിക നോക്കുകയാണെങ്കില്‍ അർഷാദിനാണ് മേല്‍ക്കൈ. 90 മീറ്ററെന്ന മാന്ത്രിക സംഖ്യ കരീയറില്‍ ഇന്നേ വരെ മറികടക്കാൻ നീരജിനായിട്ടില്ല. പരുക്കുമൂലം നീരജിന് നഷ്ടമായ 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 90.18 മീറ്റർ എറിഞ്ഞായിരുന്നു അർഷാദ് സ്വർണം നേടിയത്. നീരജിന്റെ കരിയറിലേ ഏറ്റവും മികച്ച ദൂരം 89.94 മീറ്ററാണ്, 2022 സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിലായിരുന്നു ഇത്.
ജാവലിനൊപ്പം സൗഹൃദം
ജാവലിനെറിയുന്ന നിമിഷത്തിനപ്പുറം ഒരു നീരജും അർഷാദുമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ടോക്കിയോ ഒളിമ്പിക്‌സ് സമയം. അന്ന് നീരജിന്റെ ജാവലിൻ ഉപയോഗിച്ചായിരുന്നു അർഷാദ് പരിശീലനം നടത്തിയത്. അർഷാദ് നീരജിന്റെ ജാവലിനില്‍ കൃത്രിമം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു ഒരുകൂട്ടത്തിന്റെ വാദം. അർഷാദിനെതിരെ വിമർശനങ്ങളും ഉയർന്നു.
പക്ഷേ, അത്തരം വാദങ്ങളെയെല്ലാം നീരജ് തന്റെ പ്രതികരണംകൊണ്ട് ഇല്ലാതാക്കി. അർഷാദ് തന്റെ ജാവലിൻ ഉപയോഗിച്ചതില്‍ തെറ്റില്ല. വൃത്തികെട്ട അജണ്ടകള്‍ നടപ്പാക്കുന്നതിനായി തന്റെ പേര് ഉപയോഗിക്കരുതെന്നായിരുന്നു നീരജ് നല്‍കിയ താക്കീത്.
മറ്റൊരു സന്ദർഭം ബുഡാപാസ്റ്റില്‍ നടന്ന ലോകചാമ്പ്യൻഷിപ്പായിരുന്നു. അന്ന് നീരജ് എറിഞ്ഞത് 88.17 മീറ്റർ, അർഷാദ് 87.82 മീറ്ററും. 35 സെന്റി മീറ്റർ മാത്രം വ്യത്യാസത്തിലായിരുന്നു അർഷാദിന് അന്ന് സ്വർണം നഷ്ടമായത്.
മെഡല്‍ നേടിയ ശേഷം ചിത്രത്തിനായി നീരജ് അർഷാദിനെ ക്ഷണിച്ചു. പാകിസ്താൻ പതാക എടുക്കാൻ പോവുകയായിരുന്നു അർഷാദ് അത് ഒഴിവാക്കി നീരജിനൊപ്പം നിന്ന് ചിത്രമെടുത്തു. അന്ന് ഇന്ത്യയുടെ ദേശീയ പതാകയുടെ കീഴില്‍ നിന്ന് ചിത്രമെടുത്തതിനും അർഷാദിനെതിരെ ചില സൊ കോള്‍ഡ് രാജ്യസ്നേഹികള്‍ തിരിഞ്ഞിരുന്നു.
ഏറ്റവും ഒടുവിലായി ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുൻപ് തന്റെ ജാവലിൻ തകരാറിലായെന്നും പരിശീലകനോടും ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനോടും പുതിയ ജാവലിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അർഷാദ് വെളിപ്പെടുത്തിയ നാളിലും നീരജിന്റെ ഇടപെടലുണ്ടായി. സാമ്പത്തിക ഭദ്രതയുള്ള ഒരു കരിയറായിരുന്നില്ല അർഷാദിന്റേത്, പരിശീലനത്തിനായി പണം നല്‍കിയിരുന്നത് ബന്ധുക്കളും ഗ്രമാവാസികളുമായിരുന്നു. സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിൻ പോലുമില്ലാതെയായിരുന്നു പരിശീലനം പോലും.
അർഷാദിന്റെ വെളിപ്പെടുത്തല്‍ അന്ന് ഞെട്ടലോടെയായിരുന്നു കായികലോകം ഉള്‍ക്കൊണ്ടത്. വൈകാതെ തന്നെ നീരജിന്റെ പ്രതികരണവുമുണ്ടായി. പുതിയ ജാവലിൻ ലഭിക്കുന്നതിനായി അർഷാദ് കഷ്ടപ്പെടുന്നുവെന്നത് വിശ്വസിക്കാനാകാത്ത ഒന്നാണ്. അർഷാദിന്റെ മികവ് വെച്ച് നോക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഏറ്റവും മികച്ച ജാവലിൻ അർഷാദ് അർഹിക്കുന്നുവെന്നായിരുന്നു നീരജ് പറഞ്ഞത്.