Olympics 2024

Paris Olympics 2024 | 58-ാം വയസില്‍ സ്വപ്നസാക്ഷാത്കാരം; ആദ്യ ഒളിമ്പിക്‌സിനിറങ്ങി ഷിയിങ് സെങ്, കയ്യടിച്ച് ലോകം

വെബ് ഡെസ്ക്

പ്രായം വെറും നമ്പർ മാത്രമാണോ? അതെ, അങ്ങ് പാരിസിലേക്ക് നോക്കാം, ടേബിള്‍ ടെന്നീസ് കോർട്ടിലേക്ക്. പേര് ഷിയിങ് സെങ്, വയസ് 58. കഴിഞ്ഞ ദിവസമായിരുന്നു പതിറ്റാണ്ടുകള്‍ക്ക് മുൻപ് ഉപേക്ഷിച്ച സ്വപ്നം ഷിയിങ് വീണ്ടെടുത്തത്. ഷിയിങ്ങിന്റെ മാത്രമായിരുന്നില്ല, തന്റെ മകള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് കാണാൻ കൊതിച്ച ഒരു പിതാവിന്റെ ആഗ്രഹം കൂടിയായിരുന്നു സ്വപ്ന നഗരത്തില്‍ സഫലമായത്.

ഷിയിങ് കഴിഞ്ഞ ദിവസമായിരുന്നു ഒളിമ്പിക്‌സിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയത്. വനിതകളുടെ പ്രിലിമിനറി ഘട്ടത്തിലായിരുന്നു ഷിയിങ് മത്സരിച്ചത്. ലെബനന്റെ സഹകിയാനായിരുന്നു എതിരാളി. ആദ്യം ഗെയിം 11-4ന് നേടി. രണ്ടാം ഗെയിം 12-14 പൊരുതി തോറ്റു. അവശേഷിച്ച ഗെയിമുകള്‍ സ്വന്തമാക്കി ലെബനൻ താരം മത്സരം നേടി.

ചൈനയിലെ ഗാങ്‌ഷൂവില്‍ നിന്നായിരുന്നു ഷിയിങ്ങിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത്. പക്ഷേ, ചൈനയ്ക്കായി ഒളിമ്പിക്‌‌സില്‍ മത്സരിക്കാനായില്ല. പകരം, ചിലിക്കായി പാരീസിലിറങ്ങി. ഇതിന് പിന്നിലൊരു കഥയുണ്ട്. കയറ്റിറങ്ങള്‍ ആവോളം കണ്ടൊരു താരത്തിന്റെ കഥ.

ടേബിള്‍ ടെന്നീസ് പരിശീലകയായ മാതാവിന്റെ കീഴിലായിരുന്നു ഒൻപതാം വയസുവരെയുള്ള ഷിയിങ്ങിന്റെ പരിശീലനം. പ്രാദേശിക ടൂർണമെന്റുകളിലെല്ലാം ഉജ്വലമായ നേട്ടം കൊയ്തു മുന്നേറിയ നാളുകളായിരുന്നു പിന്നീട്. 16-ാം വയസില്‍ ചൈനയുടെ ദേശീയ ടീമിലുമെത്തി.

പക്ഷേ, ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്ന ലക്ഷ്യം സാധ്യമായില്ല. 1988 സിയോള്‍ ഒളിമ്പിക്‌സിന് മുന്നോടിയായി അവതരിപ്പിച്ച ടു കളർ റൂളായിരുന്നു ഇതിന് കാരണം. ടേബിള്‍ ടെന്നിസ് പാഡിലിന് രണ്ട് നിറങ്ങള്‍ നിർബന്ധമാക്കി. എതിരാളി കബളിപ്പിക്കാൻ പലകുറി പാഡില്‍ കറക്കുന്ന ഷിയിങ്ങിന്റെ തന്ത്രത്തിന്റെ ആയുസും ഇതോടെ അവസാനിക്കുകയായിരുന്നു. 20-ാം വയസില്‍ ഷിയിങ് വിരമിക്കുകയും ചെയ്തു.

പക്ഷേ, 1989ല്‍ ചിലിയിലെ ഒരു സ്കൂള്‍ ടേബിള്‍ ടെന്നീസ് പരിശീലകയായി ക്ഷണിച്ചു. ശേഷം വീണ്ടും കോർട്ടിലേക്ക് തിരിച്ചെത്തിയ താരം 2004ലും 2005ലും ദേശീയ ചാമ്പ്യൻഷിപ്പുകള്‍ നേടി. പിന്നീട് മകൻ ടേബിള്‍ ടെന്നീസ് താരമായതോടെ ഇടവേളയെടുക്കുകയായിരുന്നു.

കോവിഡില്‍ ലോകം തടങ്കലിലായപ്പോഴായിരുന്നു ഷിയിങ് പുതിയ അധ്യായം തുറന്നത്. വ്യായാമത്തിന്റെ ഭാഗമായി തുടങ്ങിയതായിരുന്നു വീണ്ടും ടേബിൾ ടെന്നീസ്. തന്റെ മികവ് പരിശോധിക്കാനായി കളത്തിലേക്ക് മടങ്ങിയെത്തി.

ചിലിയിലെ ഫെഡറേഷന്റെ സഹായത്തോടെ പ്രാദേശിക ടൂർണമെന്റുകളുടെ ഭാഗമായി. 2023 സൗത്ത് അമേരിക്കൻ ടേബിള്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. 2023 പാൻ അമേരിക്കൻ ഗെയിംസിലെ മികവിലായിരുന്നു പാരീസിലേക്ക് യോഗ്യത നേടിയതും.

ആദ്യ ഘട്ടത്തില്‍ പുറത്തായെങ്കിലും ഷിയിങ് നിരാശയല്ല. ഇതിന്റെ കായികമാണ്, എന്റെ ഭർത്താവും മകനുമെല്ലാം എനിക്കായി പ്രോത്സാഹനം നല്‍കി, ഇതില്‍ പരം എന്തുവേണമെന്നായിരുന്നു ഷിയിങ്ങിന്റെ വാക്കുകള്‍.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും