എതിരാളികളോട് മാത്രമല്ല, ശരീരത്തിനോടും മനസിനോടും പൊരുതിയാണ് ഓരോ കായികതാരവും കായികവേദികളില്‍ മത്സരിക്കുന്നതെന്ന് പറയാറുണ്ട്. ഇത്തരം പറച്ചിലുകള്‍ക്ക് ഉദാഹരണമാവുകയാണ് ഈജിപ്ഷ്യൻ ഫെൻസർകൂടിയായ നദ ഹഫെസ്. ഏഴ് മാസം ഗർഭിണിയായിരിക്കെയായിരുന്നു നദ പാരീസ് ഒളിമ്പിക്‌സില്‍ മത്സരിച്ചത്. നദ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
അമേരിക്കയുടെ എലിസബെത്ത് ടർട്ടകോവ്‌സ്കിയെ കീഴടക്കിത്തുടങ്ങിയ നദ പിന്നീട് തെക്കൻ കൊറിയൻ താരത്തോട് പ്രീ ക്വാർട്ടറില്‍ പുറത്താവുകയായിരുന്നു.
"രണ്ട് താരങ്ങള്‍ മത്സരിക്കുകയാണെന്ന് നിങ്ങള്‍ തോന്നിയേക്കാം. പക്ഷേ, അത് രണ്ടല്ല മൂന്നാണ്. ഞാനും എതിരാളിയും പിന്നെ എന്റെ കുഞ്ഞും. എനിക്കും എന്റെ കുഞ്ഞിനും മുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. ശാരീരികമായും മാനസികമായും," നദ പറഞ്ഞു.
"ഗർഭിണിയായിരിക്കുന്ന കാലഘട്ടം പിരിമുറുക്കങ്ങളുടേതാണ്. ജീവിതവും കായികവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുക എന്നത് വെല്ലുവിളി നിറഞ്ഞതും. ഈ സാഹചര്യത്തിലും ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായത് എനിക്ക് അഭിമാനം നല്‍കുന്നതാണ്," നദ കൂട്ടിച്ചേർത്തു.
2014ലായിരുന്നു നദ ഈജിപ്‌ഷ്യൻ ദേശീയ വനിത ഫെൻസിങ് ടീമിനൊപ്പം ചേരുന്നത്. ഈജിപ്‌ഷ്യൻ സീനിയർ വിമൻസ് സാബർ നാഷണല്‍ റിപബ്ലിക്ക് കോമ്പറ്റീഷനില്‍ ആദ്യ ജയം സ്വന്തമാക്കി.
2016 റിയോ ഒളിമ്പിക്‌സില്‍ അമേരിക്കൻ സോണല്‍ യോഗ്യതാ റൗണ്ടിലൂടെയായിരുന്നു മുന്നേറ്റം. 2021ല്‍ വീണ്ടും ഒളിമ്പിക്‌സിലും സാന്നിധ്യമായി. 2018 ആഫ്രിക്കൻ സോണല്‍ ചാമ്പ്യൻഷിപ്പില്‍ വെള്ളിയും സ്വന്തമാക്കി.
നദയ്ക്ക് പുറമെ സമാനമായി അമ്പയ്ത്തില്‍ അസർബൈജാന്റെ യൈലഗുല്‍ രാംസനോവയും നിറവയറുമായി ഒളിമ്പിക്‌സ് വേദിയിലെത്തി. ആറ് മാസം ഗർഭിണിയാണ് യൈലഗുല്‍. അമ്പെയ്ത്തില്‍ ചൈനയുടെ ആൻ ക്വിക്‌സുവാനെ പരാജയപ്പെടുത്തി. പക്ഷേ പ്രീ ക്വാർട്ടറില്‍ ജർമനിയുടെ മിഷേല്‍ ക്രൊപ്പെനോട് പരാജയപ്പെടുകയായിരുന്നു.