Olympics 2024

സിമോണ്‍ ബൈല്‍സ്: ജിംനാസ്റ്റിക്‌സിന്റെ തിളക്കത്തിനപ്പുറമൊരു ജീവിതം, പോരാട്ടം

ഹരികൃഷ്ണന്‍ എം

മനസും ശരീരവും ഒരേ വേഗതയില്‍ സഞ്ചരിക്കണം, ഏകാഗ്രതയും കൃത്യതയും ഒപ്പം വേണം. കാഴ്‌ചക്കാർക്ക് വിരുന്നൊരുക്കണം, വേദിയിലൊരു പുഴപോലെ ഒഴുകണം. ജിംനാസ്‌റ്റിക്‌സിന്റെ താളം അങ്ങനെയാണ്.

നിയർ പെർഫെക്‌റ്റെന്ന് വിശേഷിപ്പിക്കാൻ, ചരിത്രത്തില്‍ ചുരുക്കം പേരുകള്‍ മാത്രമാണുള്ളത്. അതിലൊന്നാണ് അമേരിക്കയുടെ സിമോണ്‍ ബൈല്‍സ്. വെളുത്ത വർഗക്കാരുടെ കായിക ഇനം കീഴടക്കിയവള്‍, ബാല്യകാല ട്രോമകളെ അതിജീവിച്ചവള്‍, ലൈംഗീക പീഡനത്തിന്റേയും വിഷാദത്തിന്റേയും അധ്യായങ്ങള്‍ മറികടന്നവള്‍. ജിംനാസ്റ്റിക്‌സിന്റേയും മെഡലിന്റേയും തിളക്കത്തിനപ്പുറമൊരു ജീവിതം.

ഷാനോൻ ബൈല്‍സിന്റെ മൂന്നാമത്തെ കുരുന്നായി പിറന്ന് വീണത് ദാരിദ്ര്യത്തിന്റെ തൊട്ടിലിലേക്ക്. കുരുന്നുകള്‍ക്ക് ആവശ്യമായ ഭക്ഷണം പോലും നല്‍കാൻ ആ കുടുംബത്തിനാകുമായിരുന്നില്ല. പാലിന് പകരം വെള്ളം കുടിച്ച് ധാന്യങ്ങള്‍ മാത്രം കഴിക്കേണ്ടി വന്ന നാളുകളെക്കുറിച്ച് ബൈല്‍സ് ഇന്നും ഓർക്കുന്നുണ്ട്. ആറാം വയസുവരെ ഇങ്ങനെയായിരുന്നു ജീവിതം. ഒരു ദരിദ്രകുടുംബത്തിന്റെ എല്ലാ കഷ്ടതകളും നിറഞ്ഞ ബാല്യം.

ആറാം വയസില്‍ അമ്മയുടെ പിതാവ് വളർത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതോടെയാണ് ബൈല്‍സിന്റെ ജീവതത്തിലേക്ക് ആദ്യ വെളിച്ചമെത്തിയത്. ആത്മവിശ്വാസത്തിന്റെ ആദ്യ വിത്ത് പാകിയത് സഹോദരൻ ആദമായിരുന്നു. I’m Black and I’m proud! എന്ന് ഉറക്ക പറയാൻ ആദം പഠിപ്പിച്ചു. ഡെ കെയർ സെന്ററില്‍ നിന്നുള്ള ഫീല്‍ഡ് ട്രിപ്പിലാണ് ഹൂസ്റ്റണിലെ ജിമ്മിലേക്ക് ചുവടുവെച്ചതും അവിടെയുണ്ടായിരുന്നു പരിശീലകൻ സിമോണ്‍ ബൈല്‍സ് എന്ന ജിംനാസ്റ്റിക്ക് താരത്തെ തിരിച്ചറിഞ്ഞതും. എത്ര ഉയരത്തില്‍ ഉയർന്നു ചാടിയാലും കാല്‍പാദം നിലത്തുറപ്പിക്കാൻ ബൈല്‍സിന് കഴിഞ്ഞിരുന്നു.

ഐതിഹാസികമായ ഒരു കരിയറിന്റെ ആദ്യ ചുവടുവെപ്പുകൂടിയായിരുന്നു അത്. 2013ല്‍ ആരംഭിച്ച സീനിയർ കരിയർ അതിന്റെ പരമോന്നതിയിലെത്തിയത് 2016 റിയോ ഒളിമ്പിക്‌സിലായിരുന്നു. നാല് സ്വർണവും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍. വിമൻസ് ആർട്ടിസ്റ്റിക്ക് വ്യക്തിഗത ഓള്‍റൗണ്ടിലും ടീം ഓള്‍റൗണ്ടിലും ആർട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സില്‍ വോള്‍ട്ടിലും ഫ്ലോറിലുമായിരുന്നു സ്വർണങ്ങള്‍.

നേട്ടങ്ങളുടെ പട്ടികകൊണ്ടും കാലാതീതമായി തുടരുന്നതിലും മാത്രമല്ല ബൈല്‍സ് വാഴ്‌ത്തപ്പെടുന്നത്. സ്വീകരിക്കുന്ന നിലപാടുകളുടെ സ്വാധീനംകൊണ്ടുകൂടിയാണ്. അമേരിക്കയെ മാത്രമല്ല കായിക ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു താരങ്ങളെ പരിശീലകരും മാനേജ്‍മെന്റ് അംഗങ്ങളും ലൈംഗിക ദുരുപയോഗത്തിനിരയാക്കി എന്നത്. പിന്നിലേക്ക് നോക്കിയാല്‍ ഇതിഹാസങ്ങളാരും ശബ്ദം ഉയർത്തിയിട്ടില്ല. കാരണം അമേരിക്കൻ ജിംനാസ്റ്റിക്‌സിനെതിരെ സംസാരിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല എന്നതുതന്നെയായിരുന്നു കാരണം.

ബൈല്‍സും ഒരുപരിധിവരെ അങ്ങനെയായിരുന്നു. അന്ന് ഏറ്റവും അധികം ആരോപണം ഉയർന്നത് അമേരിക്കൻ ജിംനാസ്റ്റിക്‌സ് ടീമിന്റെ ഡോക്ടറായ ലോറൻസ് ജെറാഡ് നാസറിനെതിരെയായിരുന്നു. 265 പെണ്‍കുട്ടികളാണ് ലോറൻസ് തങ്ങളെ ലൈംഗിക ദുരുപയോഗത്തിന് ഇരയാക്കി എന്ന വസ്തുത വെളിപ്പെടുത്തിയത്. ലോറൻസിന്റെ വിചാരണ സുപ്രധാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് താരം ഇരയായിരുന്നുവെന്നത് മനസിലാക്കാനുള്ള മാനസികാവസ്ഥയിലേക്ക് ബൈല്‍സ് എത്തിയത്.

അതിജീവിതമാർക്ക് ഊർജം പകരേണ്ടതിന്റെ അനിവാര്യതയും ബൈല്‍സ് മനസിലാക്കി. ട്വിറ്ററിലൂടെ തന്റെ വേദന ലോകത്തെ അറിയിച്ചു. മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി. പിന്നീട് വിഷാദത്തിലേക്ക് ബൈല്‍സ് വീഴുകയായിരുന്നു. മരണത്തിനോട് ഏറ്റവും അടുത്ത നാളുകളായിരുന്നു അത് എന്നാണ് ബൈല്‍സ് ഒരിക്കല്‍ പറഞ്ഞത്. പിന്നീട് അമേരിക്കയിലെ ജിംനാസ്റ്റിക്‌സ് താരങ്ങള്‍ക്കായി ബൈല്‍സ് ശബ്ദമുയർത്തി.

ടെക്‌സസിലെ പരിശീലന കേന്ദ്രത്തിലേക്ക് പോകരുതെന്ന് പീഡനത്തിനിരയായ താരങ്ങളോട് ആഹ്വാനം ചെയ്തു. അന്ന് ദേശീയ ജിംനാസ്റ്റിക്‌സിന്റെ തലപ്പത്തുണ്ടായിരുന്നു മേരി ബോനോയെ ശക്തമായ വിമർശിച്ചു. അത് മേരിയുടെ രാജിക്ക് വഴിയൊരുക്കുകയും ചെയ്തു. ജിംനാസ്റ്റിക്‌സ് താരങ്ങളുടെ ശബ്ദമായി ബൈല്‍സ് മാറുകയായിരുന്നു. യുഎസ്എ ജിംനാസ്റ്റിക്‌സിന് വേണ്ടിയല്ല അമേരിക്കയ്ക്കായാണ് തങ്ങള്‍ മത്സരിക്കുന്നതെന്ന് നിലപാടെടുത്തു.

ഒരു താരമെന്നതിനുപരിയായി ബൈല്‍സ് ലോകത്തിന് മുന്നില്‍ ഉയർത്തിക്കാട്ടപ്പെട്ട സമയം. നിറത്തിനും വംശത്തിനും ലിംഗവിവേചനത്തിനും മുകളിലായി മനുഷ്യനെ പരിഗണിക്കണമെന്ന് ബൈല്‍സ് പറഞ്ഞു. ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് പിന്നാലെ അമേരിക്ക കണ്ട പ്രക്ഷോഭത്തില്‍ Black Live Matter മൂവ്മെന്റിന്റെ ഭാഗമായി.

കായിക മേഖലയിലെ ഭീമൻമാരായ നൈക്കിയുടെ സ്പോണ്‍സർഷിപ്പ് അവസാനിപ്പിച്ച് സ്ത്രീകളുടെ വസ്ത്ര കമ്പനിയായ അത്‍ലെറ്റയ്ക്ക് ബൈല്‍സ് കൈകൊടുത്തു. താരങ്ങളോടുള്ള നൈക്കിയുടെ സമീപനമായിരുന്നു ബൈല്‍സിന്റെ ചുവടുമാറ്റത്തിന് കാരണമായത്. വനിത ജീവനക്കാരോടും സ്പോണ്‍സർ ചെയ്യുന്ന കായിക താരങ്ങളോടുമുള്ള നൈക്കിയുടെ സമീപനം ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. താരങ്ങള്‍ ഗർഭിണിയായിരിക്കുമ്പോള്‍ പിഴ ഈടക്കുന്ന തരത്തില്‍ വരെ നൈക്കിയുടെ രീതികള്‍ എത്തിയിരുന്നു.

ലൈംഗികാരോപണത്തില്‍ പ്രൗഢി നഷ്ടമായ അമേരിക്കൻ ജിംനാസ്റ്റി‌ക്‌സിനെ ലോകത്തിന് മുന്നില്‍ തിരിച്ചെത്തിക്കുക എന്ന ഉത്തരവാദിത്തംകൂടി താനറിയാതെ തന്നെ ബൈല്‍സിന്റെ ചുമലിലെത്തിയിരുന്നു. ബൈല്‍സിനൊപ്പം പരിശീലിക്കാൻ പല അന്താരാഷ്ട്ര താരങ്ങളും എത്തി. വൈവിദ്യങ്ങളാല്‍ സമ്പന്നമായ ഒരു ജിംനാസ്റ്റിക്‌സ് പരിശീലനകേന്ദ്ര കണ്ടിട്ടില്ലായിരുന്നെന്നാണ് ഒളിമ്പ്യൻ കൂടിയായ ജോർദാൻ ചിലിസ് പറഞ്ഞത്.

പിന്നീട് ടോക്കിയോ, ആറ് മെഡലുകള്‍ നേടുമെന്ന പ്രതീക്ഷയുടെ അമിതഭാരം ബൈല്‍സിന് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. ലോകം തന്റെ ചുമലിലാണെന്ന് തോന്നുന്നുവെന്നും അമിത പ്രതീക്ഷ തനിക്ക് സമ്മർദം മാത്രമാണ് നല്‍കുന്നതെന്നും തുറന്നുപറഞ്ഞു ബൈല്‍സ്. മാനസികാരോഗ്യം മുൻനിർത്തി പിന്മാറുകയും ചെയ്തു. വിമർശനങ്ങള്‍ ഒരു വശത്തുണ്ടായിരുന്നെങ്കിലും, അന്ന് ബൈല്‍സിനെ ലോകം ചേർത്തുപിടിച്ചു.

പാരീസില്‍ ബൈല്‍സെന്ന ഇതിഹാസം പൂർണത പ്രാപിക്കുകയായിരുന്നു. കായിക ലോകത്തെ ഇതിഹാസങ്ങളെല്ലാം ബൈല്‍സിന്റെ പ്രകടനം കാണാൻ ഗ്യാലറികളില്‍ അണിനിരന്നു, മൈക്കിള്‍ ഫെല്‍പ്‌സും സെറീന വില്യംസുമൊക്കെ ഇവരില്‍ ഉള്‍പ്പെടുന്നു. മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി.

ബൈല്‍സെന്ന ഇതിഹാസത്തിന്റെ വലുപ്പം ലോകം ഒന്നുകൂടി ഊട്ടിയുറപ്പിച്ചത് ആർട്ടിസ്റ്റിക്‌ ജിംനാസ്റ്റിക്‌സിലെ ഫ്ലോർ വിഭാഗത്തിലെ വെള്ളിനേട്ടത്തിന് പിന്നാലെയായിരുന്നു. സ്വർണം നേടിയ ബ്രസീലിന്റെ റെബേക്ക ആൻഡ്രേഡയ്ക്ക് മെഡല്‍ദാനത്തിനിടെ പോഡിയത്തില്‍ വെച്ച് ബോ ഡൗ ചെയ്താണ് ആദരിച്ചത്...പാരീസിലെ സുന്ദരനിമിഷങ്ങളുടെ പട്ടികയില്‍ ഏറ്റവും തിളക്കമാർന്നത്, ആ വെള്ളിക്ക് തങ്കത്തിന്റെ ശോഭ നല്‍കിയ നിമിഷം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം