അഞ്ച് വളയങ്ങള്‍ നോക്കി കിനാവ് കണ്ട ആയിരക്കണക്കിന് താരങ്ങള്‍ ഒരു നഗരത്തില്‍. സ്വപ്ന നഗരമായ പാരീസില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് തിരിതെളിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. മറ്റ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് പോലല്ല ഇത്തവണത്തേത്, പ്രത്യേകതകളാല്‍ സമ്പന്നമാണ്.
ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന്റെ പുറത്ത് ഉദ്ഘാടനം നടക്കും. സെയിൻ നദിയിലായിരിക്കും അത്‌ലീറ്റുകളുടെ പരേഡുകള്‍ ഉള്‍പ്പെടെയുള്ളവ. ഒരോ രാജ്യത്തേയും അത്‌ലീറ്റുകള്‍ ബോട്ടുകളിലായിരിക്കും പരേഡിന്റെ ഭാഗമാകുക.
ബോട്ടുകളില്‍ ക്യാമറകളുണ്ടാകും. ഇതായിരിക്കും ഓണ്‍ലൈൻ സ്ട്രീമിങ്ങിനും മറ്റുമായി ഉപയോഗിക്കുക. 10,500 അത്ലീറ്റുകളായിരിക്കും കടന്നുപോകുക. നദിയുടെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ആറ് കിലോമീറ്റർ നീളുന്ന പരേഡ് ട്രൊക്കാഡെറോയിലാണ് അവസാനിക്കുന്നത്.
ഉദ്ഘാടന ചടങ്ങ് പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സംഘാടകർക്കുള്ളത്. ഇതിനായി എട്ട് പടുകൂറ്റൻ സ്ക്രീനുകളും സ്പീക്കറുകളുമാണ് ഉപയോഗിക്കുക. ഗെയിംസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഉദ്ഘാടന ചടങ്ങിനാണ് പാരീസ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. പാരീസില്‍ നിന്നുള്ളവർക്ക് മാത്രമല്ല ലോകത്തിലെ ഏത് കോണില്‍ നിന്നുള്ളവർക്കും ചടങ്ങ് കാണാനെത്താം.
അത്ലീറ്റുകള്‍ക്കായിരിക്കും ചടങ്ങില്‍ മഖ്യപരിഗണന. പരേഡോടുകൂടിയാണ് ഉദ്ഘാടന ചടങ്ങ് തുടക്കമാകുക. ചടങ്ങിലുടനീളം അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒളിമ്പിക്‌സ് നല്‍കിയിരിക്കുന്ന വിവരം.
ബോട്ടിലുള്ള പരേഡ് ഗെയിംസ് വേദികളുടെ മുന്നിലൂടെയുമാണ് കടന്നുപോകുന്നത്. പാർക്ക് അർബൻ ലാ കോണ്‍കോഡ്, എസ്‍പ്ലാനേഡ് ഡെസ് ഇൻവാലിഡെസ്, ദ ഗ്രാൻഡ് പലായിസ് തുടങ്ങിയവയാണ് വേദികള്‍.