യാരോസ്ലാവ മാഹുച്ചിക്ക്, പാരീസില്‍ ഹൈ ജമ്പില്‍ സ്വർണം നേടിയ യുക്രെയ്‌ൻ താരം. തന്റെ കുതിച്ചുചാട്ടമോ, കടന്നുവന്ന വഴികളോ ആയിരുന്നില്ല യാരോസ്ലാവയിലേക്ക് ലോകത്തിന്റെ ശ്രദ്ധ എത്തിച്ചത്. റഷ്യൻ അധിനിവേശംമൂലം സ്വന്തം രാജ്യം വിടേണ്ടി വന്ന യാരോസ്ലാവ തന്റെ ഓരോ ചാട്ടങ്ങള്‍ക്കിടയിലും വിശ്രമിക്കുകയായിരുന്നു. അതും ഒരു സ്ലീപ്പിങ് ബാഗിന് മുകളില്‍. എന്താണ് ഇതിന് പിന്നിലെ കാരണമെന്നാണ് കായികലോകം തിരയുന്നത്.
"കിടന്നുകൊണ്ട് വിശ്രമിക്കുമ്പോള്‍ എനിക്ക് ആശ്വാസകരമായി തോന്നാറുണ്ട്. ചിലപ്പോള്‍ എനിക്ക് മേഘങ്ങളെ കാണാനാകുമല്ലോ. ചിലപ്പോള്‍ അക്കങ്ങള്‍ എണ്ണി ശ്വാസം എടുക്കുകയും പുറന്തള്ളുകയും ചെയ്യും. സ്റ്റേഡിയത്തിലാണെന്ന തോന്നലൊഴിവാക്കാനും ശ്രമിക്കാറുണ്ട്," സ്വർണമെഡല്‍ നേട്ടത്തിന് ശേഷം യാരോസ്ലാവ വ്യക്തമാക്കി.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം താരം ഈ ശീലം ആരംഭിച്ചത് 2018ലാണ്. യൂത്ത് ഒളിമ്പിക്‌സില്‍ ഹൈ ജമ്പില്‍ സ്വർണം നേടിയതും അന്നായിരുന്നു.
യാരോസ്ലാവയുടെ പരിശീലകൻ ഇക്കാര്യത്തില്‍ സാങ്കേതികമായ ഒരുവശംകൂടി ചൂണ്ടിക്കാണിക്കാനുണ്ട്. "ചാട്ടങ്ങളുടെ ഇടവേളയില്‍ ഒരുപാട് സമയം ഇരിക്കുന്നത് താരങ്ങളുടെ കാലുകളില്‍ രക്തം തളം കെട്ടുന്നതിന് കാരണമായേക്കും. അതിനാലാണ് സ്ലീപ്പിങ് ബാഗ് എന്ന ആശയത്തിലേക്ക് എത്തിയത്," സെർഹി സ്റ്റെപ്പനോവ് വ്യക്തമാക്കി.
യാരോസ്ലാവ ഇത് ഉപയോഗിക്കുക മാത്രമല്ല, മറ്റ് താരങ്ങള്‍ക്ക് ഈ പാത പിന്തുടരാനുള്ള നിർദേശവും നല്‍കുന്നുണ്ട്.
യാരോസ്ലാവയുടെ ബാഗിലേക്ക് ശ്രദ്ധ പോകുമ്പോഴും ഇതിനേക്കാള്‍ മുകളില്‍ പരിഗണിക്കേണ്ട ഒന്നാണ് സ്വർണമെഡല്‍ നേട്ടവും. റഷ്യയുടെ അധിനിവേശം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് യുക്രെയ്‌നായുള്ള മെഡല്‍ നേട്ടം. യാരോസ്ലാവ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വാഴ്‌ത്തുപാട്ടുകള്‍.
റഷ്യയുടെ അധിനിവേശത്തില്‍ യുക്രെയ്‌നില്‍ അഞ്ഞൂറിലധികം കായികതാരങ്ങള്‍ മരിച്ചതായാണ് കണക്കുകള്‍.