പാരീസ് ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ വെല്‍റ്റർവെയിറ്റ് വിഭാഗത്തിന്റെ പ്രീ ക്വാർട്ടറില്‍ അള്‍ജീരിയയുടെ ഇമാനെ ഖെലീഫിനെതിരായ മത്സരത്തില്‍ നിന്ന് ഇറ്റലിയുടെ ഏഞ്ചെല കാരിനി പിന്മാറിയത് വലിയ വിവാദങ്ങളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ലിംഗ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വനിത ലോക ചാമ്പ്യൻഷിപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇമാനെ.
നോർത്ത് പാരീസ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇമാനെയുടെ ആദ്യ പഞ്ച് തന്നെ കാരിനിയുടെ ചിൻസ്ട്രാപ്പിനെ ഇളക്കിയിരുന്നു. രണ്ടാമത്തെ പഞ്ചിന് ശേഷം തന്റെ കോർണറിലേക്ക് എത്തി കൈ ഉയർത്തുകയായിരുന്നു കാരിനി. ഇമാനെയെ വിജയിയായി പ്രഖ്യാപിച്ച ശേഷം കാരിനി കണ്ണീരണിയുന്നതായിരുന്നു കണ്ടത്. ഇമാനെയ്ക്ക് ഹസ്തദാനം നല്‍കാനും താരം വിസമ്മതിച്ചു.
തന്റെ കരിയറില്‍ ഇത്രയും ശക്തിയാർന്ന പഞ്ച് ഏറ്റുവാങ്ങിയിട്ടില്ലെന്നാണ് കാരിനി പറയുന്നത്. മൂക്ക് തകർന്നുപോയതായി ഭയപ്പെട്ടെന്നും തന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് പിന്മാറിയതെന്നും കാരിനി കൂട്ടിച്ചേർത്തു.
"ഇമാനെയില്‍ നിന്നുള്ള രണ്ടാമത്തെ പഞ്ചില്‍ അതിയായ വേദനയാണ് അനുഭവപ്പെട്ട്, വർഷങ്ങള്‍ നീണ്ട കരിയറില്‍ ആദ്യമായാണ് ഇത്രയധികം വേദന അനുഭവിക്കുന്നത്. എന്റെ മുന്നിലെത്തിയ വ്യക്തിയേയൊ മറ്റൊന്നിനെയൊ പരിഗണിക്കാതെ വിജയിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്," കാരിനി വ്യക്തമാക്കി.
"ഇതെനിക്കൊരു തോല്‍വിയല്ല. എന്നെ സംബന്ധിച്ച് റിങ്ങിലേക്ക് എത്തുക തന്നെ വിജയത്തിന് തുല്യമാണ്. വിധിക്കാൻ ഞാൻ ഇവിടെയാളല്ല. ഞാനല്ല ഇതില്‍ ന്യായവും അന്യായവും പറയേണ്ടത്. അത് എന്റെ ജോലിയല്ല. ഞാൻ പക്വതയെത്തിയ ഒരു സ്ത്രീയാണ്. ഞാൻ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, ആ പഞ്ചുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു, അതിനാലാണ് അവസാനിപ്പിച്ചത്," കാരിനി പറഞ്ഞു.
ഇമാനെയെ മത്സരത്തില്‍ നിന്ന് പുറത്താക്കണോ എന്ന ചോദ്യത്തിന് താനല്ല ഇതൊക്കെ പറയേണ്ടതെന്നായിരുന്നു കാരിനിയുടെ പ്രതികരണം.
താൻ സ്വർണം നേടാൻ മാത്രമാണ് ഇവിടെ എത്തിയതെന്നായിരുന്നു ഇമാനെ ബിബിസിയോട് പ്രതികരിച്ചത്. ആരോട് വേണമെങ്കിലും മത്സരിക്കാമെന്നും ഇമാനെ കൂട്ടിച്ചേർത്തു.
മത്സരത്തിന് മുന്നോടിയായി തന്നെ ഇമാനെയെ മത്സരിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കെതിരെ (ഐഒസി) വിമർശനം ഉയർന്നിരുന്നു. ഇമാനെയ്ക്ക് പുറമെ ലിംഗപരിശോധനയില്‍ പരാജയപ്പെട്ട തായ്‌വാന്റെ ലിൻ യു ടിങ്ങും മത്സരിക്കുനനുണ്ട്. ഫെതർവെയിറ്റ് വിഭാഗത്തില്‍ ഉസ്‌ബെക്കിസ്താന്റെ സിതോര ടർഡിബെക്കോവയുമായാണ് ലിന്നിന്റെ മത്സരം.
കഴിഞ്ഞ വർഷമായിരുന്നു ലോകചാമ്പ്യൻഷിപ്പില്‍ നിന്ന് ഇരുവരും പുറത്താക്കപ്പെട്ടത്. ഇരുവരുടേയും ഡിഎൻഎ പരിശോധനയില്‍ എക്‌സ്, വൈ ക്രൊമസോമുകളാണെന്ന് (പുരുഷന്മാരുടേത്) തെളിഞ്ഞതായാണ് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ (ഐബിഎ) പ്രസിഡന്റ് ഉമർ ക്രെംലെവ് വ്യക്തമാക്കിയത്.
രണ്ട് താരങ്ങളും ചട്ടങ്ങള്‍ പ്രകാരമാണ് മത്സരിച്ചതെന്ന് ഐഒസി പ്രസ്താവനയിലൂടെ അറിയിച്ചു. ലിംഗഭേദവും വയസും പാസ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2023 ലോകചാമ്പ്യൻഷിപ്പിനിടെ ലിംഗനിയമങ്ങളില്‍ മാറ്റം കൊണ്ടുവന്നതിന് ഐബിഎയ്ക്കും വിമർശനമുണ്ട്.