പാരീസിലെ സ്‌റ്റേഡ് ഡ ഫ്രാൻസ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍, വായുവിനെ കീറിമുറിച്ചൊരു ത്രോ. ഉയർന്നുപൊങ്ങിയ ജാവലിൻ പുല്‍മൈതാനത്തെ സ്പർശിക്കും മുൻപ് ഗ്യാലറികളില്‍ നിന്ന് അതിശയ ശബ്ദങ്ങളുയർന്നു. 92.97 മീറ്റർ, ഒളിമ്പിക്‌സിന്റെ പുതിയ ചരിത്രത്തിലേക്ക് ചെന്ന് പതിച്ച ആ ത്രോയ്ക്ക് ശേഷം അയാള്‍ ഇരുകൈകളും വാനിലേക്കുയർത്തി, ശേഷമൊന്ന് കൈകള്‍കൂപ്പി, നിറകണ്ണുകളോടെ ആ നിമിഷത്തെ ഓർത്തെടുത്തു. അർഷാദ് നദീം, പ്രതിസന്ധികളെയെല്ലാം ഒറ്റത്രോയില്‍ നിഷ്‌പ്രഭമാക്കിയ താരം.
പാകിസ്താനിലെ പഞ്ചാബിലെ മിയാൻ ചന്നുവിലെ സാധാരണ കുടുംബത്തില്‍ ജനിച്ച അർഷാദ് അസാധാരണമായ നേട്ടങ്ങള്‍ കൊയ്‌തത് ഇന്നും ഒരു സ്വപ്നം പോലെയാണ് അയാള്‍ക്ക് ചുറ്റുമുള്ളവർ കാണുന്നത്. കാരണം, അർഷാദിന്റെ ജീവിതവും കരിയറുമെല്ലാം അത്രത്തോളം ദുർഘടമായിരുന്നു. കുട്ടിക്കാലം മുതല്‍ മുന്നില്‍ വന്ന കായിക ഇനത്തിലെല്ലാം കൈവെച്ചിരുന്നു അർഷാദ്. ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് കൈവിട്ട്, ഷോട്ട് പുട്ടും ഡിസ്‍കസ് ത്രോയും കടന്ന് ജാവലിനെ ഒപ്പം കൂട്ടിയത് 18-ാം വയസിലായിരുന്നു.
സൗത്ത് ഏഷ്യൻ ഗെയിംസിലെറിഞ്ഞ 78.33 മീറ്റർ ദൂരത്തില്‍ നിന്നാണ് അന്താരാഷ്ട്ര മൈതാനങ്ങളിലേക്കുള്ള കാല്‍വെപ്പ്. അന്ന് നേടിയ വെങ്കലത്തില്‍ നിന്ന് പാരീസില്‍ എറിഞ്ഞെടുത്ത സ്വർണത്തിനുമിടയില്‍ ഒരു കായികതാരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അർഷാദ് നടത്തിയ പോരാട്ടങ്ങള്‍ ചെറുതൊന്നുമല്ല. പരിശീലനം നടത്താൻ പോലും പണമില്ലായിരുന്നു ആദ്യ കാലങ്ങളില്‍. ഗ്രാമത്തിലുള്ളവരും ബന്ധുക്കളും മിച്ചം വെച്ച തുകയില്‍ നിന്നായിരുന്നു അർഷാദെന്ന താരമുണ്ടായത്.
പിന്നീട് സാമ്പത്തിക പിന്തുണയും പരിശീലിക്കാൻ അനിവാര്യമായൊരു മൈതാനവുമില്ലാത്ത കാലം. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സാമ്പത്തിക സഹായം തേടി അർഷാദ്. തനിക്ക് വേണ്ടി മാത്രമായിരുന്നില്ല അത്, പാകിസ്താനിലെ ഓരോ അത്ലീറ്റിനും വേണ്ടിയായിരുന്നു. പാകിസ്താനില്‍ അത്‌ലീറ്റുകള്‍ നേരിടുന്ന അവഗണനയുടേയും പ്രതിസന്ധികളുടേയും യഥാർഥ ചിത്രംകൂടി വരച്ചിടാൻ അന്ന് അർഷാദിന് സാധിച്ചു.
ആറ് വർഷത്തെ ജാവലിൻ പാഠവും കൊണ്ട് ടോക്കിയോയില്‍ അഞ്ചാം സ്ഥാനം. നീരജെന്ന പ്രതിഭയുടെ ഉദയത്തിന് മുന്നില്‍ പലപ്പോഴും തിളക്കം നഷ്ടപ്പെട്ടിരുന്നു അർഷാദിന്റെ കൈകള്‍ക്ക്. 2022 കോമണ്‍വെല്‍ത്തില്‍ എറിഞ്ഞ 90.18 മീറ്റർ ദൂരം അർഷാദിനും ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം നല്‍കി. 90 മീറ്ററെന്ന സ്വപ്നം ദൂരം താണ്ടിയതോടെയാണ് പാരീസിലെ മെഡല്‍ സാധ്യത പട്ടികയിലേക്ക് അർഷാദ് എത്തുന്നതും.
2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്ന ബുഡാപാസ്റ്റ് സാക്ഷ്യം വഹിച്ചത് അർഷാദിന്റേയും നീരജിന്റേയും ഇഞ്ചോടിഞ്ചുള്ള മറ്റൊരു പോരാട്ടത്തിനായിരുന്നു. അന്ന് 35 സെന്റി മീറ്റർ ദൂരത്തിലായിരുന്നു അർഷാദ് പിന്നിലായത്. നീരജിനൊപ്പം ത്രിവർണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിൻ പരിശീലനത്തിന് ഉപയോഗിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അർഷാദ് ഇരയായിരുന്നു.
ജാവലിൻ ത്രോയില്‍ ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിൻ ഇല്ലാതെയാണ് അർഷാദ് പാരീസിലെത്തിയത്. ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുൻപായിരുന്നു, താനുപയോഗിക്കുന്ന ജാവലിൻ തകരാറിലായ കാര്യവും പരിശീലകനോടും ദേശീയ കായിക ഫെഡറേഷനോടും പുതിയ ജാവലിനായി അഭ്യർഥിച്ച കാര്യവും അർഷാദ് വെളിപ്പെടുത്തുന്നത്.
ഞെട്ടലോടെയായിരുന്നു അർഷാദിന്റെ വെളിപ്പെടുത്തലിനെ കായിക ലോകം കണ്ടത്. കാരണം, സ്പോണ്‍സർമാരെ അനായാസം ലഭിക്കുന്ന തലത്തിലേക്ക് അർഷാദ് എത്തിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ അർഹിച്ചതൊന്നും അർഷാദിലേക്ക് എത്തിയില്ല.
ഒടുവില്‍ സ്വപ്ന നഗരം അർഷാദിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകി. ആദ്യ ത്രോയ്‌ക്കെത്തിയ അർഷാദില്‍ ആത്മവിശ്വാസമില്ലായിരുന്നു, റണ്ണപ്പ് തെറ്റി, ആദ്യ ത്രോയുടെ രണ്ടാം ശ്രമത്തിനായി 20 സെക്കൻഡ് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അത് ഫൗളായും മാറി.
രണ്ടാം ത്രോ പാകിസ്താന്റെ 32 വർഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് കൂടിയായിരുന്നു ഫുള്‍ സ്റ്റോപ്പിട്ടത്. പാകിസ്താൻ നേടുന്ന ആദ്യ വ്യക്തിഗത സ്വർണവും അർഷാദിന്റെ പേരിലായി. നീരജിനേയും യാക്കൂബ് വാല്‍ഡെക്കിനേയും ആൻഡേഴ്‌സൻ പീറ്റേഴ്‌സിനേയും മറികടന്ന ത്രോ. 31.76 ഡിഗ്രിയില്‍ മണിക്കൂറില്‍ 110 കിലോ മീറ്റർ വേഗതയായിരുന്നു അർഷാദിന്റെ കൈകള്‍ കണ്ടെത്തിയത്. ഇന്നലെ ഒപ്പം മത്സരിച്ച ഇന്ത്യന്‍ താരം നീരജ് ചോപ്ര ഉള്‍പ്പടെയുള്ളവരില്‍ ഏറ്റവും മികച്ച ആംഗിള്‍ കണ്ടെത്തിയതും നദീമായിരുന്നു.
ഒളിമ്പിക്‌സ് ഫൈനലില്‍ 90 മീറ്റർ താണ്ടുന്ന നാലാമത്തെ മാത്രം താരം. തന്റെ അവസാന ശ്രമത്തിലും 90 മീറ്റർ മറികടക്കാൻ അർഷാദിനായി, 91.79 മീറ്റർ. ഇനി അർഷാദിനെ തേടിയെത്തും കായികലോകത്തെ ഭീമന്മാർ, അവഗണിച്ചവർ ചേർത്തു നിർത്തും. പരിഹസിച്ചവർ അത്ഭുതത്തോടെ നോക്കി നില്‍ക്കും. അർഹിച്ചതെല്ലാം അയാള്‍ക്ക് ജാവലിൻ നല്‍കും.