ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്ത് പകര്‍ന്ന് ഹോക്കിയില്‍ ആശ്വാസ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ചു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. 1972 ന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ ഓസ്ട്രേലിയയക്ക് എതിരെ നേടുന്ന ആദ്യ വിജയം കൂടിയാണ് ഇന്നത്തേത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളുടെ ലീഡ് സ്വന്തമാക്കിയിരുന്നു. സ്ട്രൈക്കിലൂടെ അഭിഷേകും പെനാല്‍റ്റി കോര്‍ണറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് എന്നിവരാണ് ആദ്യ രണ്ട് ഗോളുകള്‍ നേടിയയത്. തോമസ് കെഗ്രിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. പിന്നാലെ ലഭിച്ച പെനാല്‍റ്റി സ്‌ടോക്ക് ഹര്‍മന്‍പ്രീത് കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചതോടെ ഇന്ത്യ രണ്ട് ഗോളെന്ന ലീഡ് സ്ഥിരപ്പെടുത്തുകയായിരുന്നു.
മത്സരം തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പെനാല്‍റ്റി സ്ട്രോക്കിലൂടെ ഓസ്ട്രേലിയ വീണ്ടും ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.