ആഗോള കായിക മാമാങ്കം പാരിസ് ഒളിമ്പിക്സിന്റെ ആദ്യ ദിനത്തില്‍ അമളി പിണഞ്ഞ് സംഘാടകര്‍. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ടീമുകളെ അവതരിപ്പിക്കുന്ന ചടങ്ങിലാണ് വലിയ തെറ്റ് പിണഞ്ഞത്. പരേഡില്‍ അണിനിരന്ന തെക്കന്‍ കൊറിയന്‍ താരങ്ങളെ വടക്കന്‍ കൊറിയ എന്നാണ് അവതരിപ്പിച്ചത്. ഇംഗ്ലീഷിലും ഫ്രഞ്ച് ഭാഷയിലും ഈ അമളി ആവര്‍ത്തിച്ചു.
സെയിന്‍ നദിയില്‍ പതാകയുമേന്തി താരങ്ങളെ നയിച്ച ബോട്ട് എത്തിയപ്പോഴായിരുന്നു അനൗണ്‍സ്മെന്റ്. ഡെമോക്രാറ്റിക് പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നായിരുന്നു അവതാരകര്‍ വിളിച്ചുപറഞ്ഞത്. വടക്കന്‍ കൊറിയയുടെ ഔദ്യോഗിക പേരാണ് ഇത്. തെക്കന്‍ കൊറിയന്‍ ടീമിന് മുന്‍പ് വടക്കന്‍ കൊറിയ ടീം കടന്നു പോയപ്പോഴും ഡെമോക്രാറ്റിക് പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്ന് അനൗണ്‍സ്മെന്റ് മുഴങ്ങിയിരുന്നു. റിപ്പബ്ലിക് ഓഫ് കൊറിയ എന്ന് മാത്രമാണ് തെക്കന്‍ കൊറിയയുടെ ഔദ്യോഗിക നാമം.
സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് തെക്കന്‍ കൊറിയന്‍ അധികൃതര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ വിഷയം അവതരിപ്പിച്ചിരിക്കുകയാണ് തെക്കന്‍ കൊറിയ. ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു.
വിഷയം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും പ്രതികരണവുമായി രംഗത്തെത്തി. ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കൊറിയന്‍ ഭാഷയിലായിരുന്നു ഐഒസിയുടെ ഖേദപ്രകടനം. 'ഉദ്ഘാടന ചടങ്ങിനിടെ തെക്കന്‍ കൊറിയന്‍ പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തിയതില്‍ സംഭവിച്ച തെറ്റിന് ഞങ്ങള്‍ ആഴത്തിലുള്ള ഖേദം പ്രകടിപ്പിക്കുന്നു' എന്നാണ് കുറിപ്പ്.
21 കായിക ഇനങ്ങളിലായി 143 കായികതാരങ്ങളെയാണ് ഇത്തവണ തെക്കന്‍ കൊറിയ പാരീസില്‍ എത്തിച്ചിരിക്കുന്നത്. 2016 ന് ശേഷം ഇതാദ്യമായി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന വടക്കന്‍ കൊറിയ 16 കായികതാരങ്ങളെ അയച്ചിട്ടുണ്ട്.