SPORT

'പ്രൈം വോളി ലീഗ് ഇന്ത്യന്‍ വോളിയുടെ ചിത്രം മാറ്റും'; കാലിക്കറ്റ് ഹീറോസ് പരിശീലകന്‍ കിഷോര്‍കുമാര്‍ അഭിമുഖം

പ്രൈം വോളിബോള്‍ ലീഗ് ഇന്ത്യന്‍ വോളിയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പരിശീലക അനുഭവങ്ങളെക്കുറിച്ചും കിഷോർ കുമാർ ദ ഫോർത്തിനോട് സംസാരിക്കുന്നു

ഹരികൃഷ്ണന്‍ എം

പ്രൈം വോളിബോള്‍ ലീഗില്‍ രണ്ട് തവണ സെമി ഫൈനലില്‍ കൈവിട്ട കിരീട മോഹം, കഠിനപ്രയത്നങ്ങള്‍ക്കപ്പുറവും നേടനാകാതെ പോയ ചാമ്പ്യന്‍പട്ടം... പ്രദേശിക ലീഗില്‍ നിന്ന് പെറുക്കിയെടുത്ത യുവതാരങ്ങളേയും പരിചയസമ്പന്നരേയും കോർത്തിണക്കി അയാളൊരു ടീമിനെ വാർത്തെടുത്തു... കിരീടമെന്ന സ്വപ്നം സാക്ഷാത്കരിച്ചു കാലിക്കറ്റ് ഹീറോസിന്റെ മാസ്റ്റർ മൈന്‍ഡ്, കിഷോർ കുമാർ.

താരമെന്ന നിലയില്‍ വോളിബോള്‍ കോർട്ടുകളില്‍ ആവേശം വിതറിയ കിഷോർ ഇന്ന് കാലിക്കറ്റ് ഹീറോസിന്റെ മുഖ്യ പരിശീലകനാണ്. പ്രൈം വോളിബോള്‍ ലീഗ് ഇന്ത്യന്‍ വോളിയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പരിശീലക അനുഭവങ്ങളെക്കുറിച്ചും കിഷോർ കുമാർ ദ ഫോർത്തിനോട് സംസാരിക്കുന്നു.

ചിത്രം മാറ്റും പ്രൈം വോളി

പ്രൈം വോളിയുടെ കാര്യത്തില്‍ ഏറ്റവും വലിയ പോസിറ്റീവ് എന്താണെന്ന് പറഞ്ഞാല്‍. ഇപ്പോള്‍ ഞാനിതിന്റെ ഭാഗമാണ്. വോളിബോള്‍ തീരെ അറിയില്ലാത്ത എന്റെ അമ്മയുടേയും അച്ഛന്റേയും കുടുംബാംഗങ്ങള്‍ വരെ പ്രൈം വോളി കാണുന്നു. പലരും കളി കണ്ടു കഴിഞ്ഞ് വിളിച്ച് പറയാറുണ്ട്, ഈ വോളിബോള്‍ ഇത്ര രസകരമായ കളിയായിരുന്നോയെന്ന്. കാണുന്നവരെ ത്രില്ലടിപ്പിക്കുന്നു. നമ്മുടെ കുടുംബത്തിലെ ഒരാളെ വോളിബോള്‍ കളിപ്പിക്കാമെന്ന തോന്നലുണ്ടാക്കുന്നു. ആ തോന്നല്‍ ജനിപ്പിക്കാനാകുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ വിജയം.

കായികമേഖലയിലേക്ക് കുട്ടികള്‍ കടന്നുവരാത്തതിന്റെ കാരണം മാതാപിതാക്കള്‍ അനുവദിക്കാത്തതുകൊണ്ടാണ്. മാതാപിതാക്കള്‍ ടിവിയില്‍ ഇത്തരം ടൂർണമെന്റുകള്‍ കാണുമ്പോള്‍, മക്കളെ വോളിബോള്‍ കളിപ്പിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ചിന്തിക്കും. അപ്പോള്‍ ഉറപ്പായും മൈതാനങ്ങളിലേക്ക് കുട്ടികളെ വിടാന്‍ തയാറാകും.

പ്രൈം വോളിബോള്‍ കിരീടവുമായി കിഷോർ കുമാറും കുടുംബവും

കാലിക്കറ്റ് ഹീറോസ് ഒരു കംപ്ലീറ്റ് പാക്കേജ്

യുവതാരങ്ങളേയും സീനിയേഴ്സിനേയും ഒരുപോലെ ബ്ലെന്‍ഡ് ചെയ്താണ് കാലിക്കറ്റ് ഹീറോസിനെ അണിനിരത്തിയിരിക്കുന്നത്. ഇതൊരു സാധാരണ വോളിബോള്‍ ടൂർണമെന്റല്ല. സൂപ്പർ പോയിന്റൊക്കെ പോലെ വളരെ പ്രസക്തമായ നിമിഷങ്ങളിവിടെയുണ്ട്.

കോർട്ടില്‍ അധികസമയമില്ല, അതുകൊണ്ട് കളത്തില്‍ എത്തുമ്പോള്‍ തന്നെ കളിയിലേക്ക് ഇറങ്ങാന്‍ കഴിയണം. അത്തരം ആവേശമുള്ള ചെറുപ്പക്കാരെ വേണം. അതുപോലെ തന്നെ നിർണായക സമയത്ത് മനസ് പതറാതെ മികവ് പുലർത്താന്‍ കഴിയുന്ന പരിചയസമ്പന്നരായ കളിക്കാരെയും വേണം. ഇവ രണ്ടും ഒത്തുവന്നുവെന്നതാണ് നമ്മുടെ ടീമിന്റെ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം.

പ്രൈം വോളിയിലെ കേരളം

പ്രൈം വോളിയിലെ കേരള താരങ്ങളുടെ സാന്നിധ്യം കഴിഞ്ഞ വർഷം വർധിച്ചിരുന്നു. ടൂർണമെന്റിന്റെ ഭാഗമാകാന്‍ താല്‍പ്പര്യപ്പെടുന്ന ഒരു വലിയ വിഭാഗമുണ്ട്. അവർ ഓക്ഷനിലേക്കെല്ലാം രജിസ്റ്റർ ചെയ്യാന്‍ ആരംഭിച്ചിട്ടുമുണ്ട്. അത് വലിയൊരു ഘടകം തന്നെയാണ്. ടിവിയില്‍ വരുക, ഒരു സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എത്തുക എന്നതൊക്കെ വരു തലമുറയിലും ഒരു അനക്കം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. വരും വർഷങ്ങളിലെല്ലാം കൂടുതല്‍ മലയാളി താരങ്ങള്‍ എത്തുമെന്നതില്‍ തർക്കമില്ല.

ദേശീയ ടീമിലേക്കൊരു ചവിട്ടുപടി

കഴിഞ്ഞ വർഷത്തെ ഇന്ത്യന്‍ ടീം പരിശോധിക്കു. പ്രൈം വോളിയുടെ ഭാഗമായതുകൊണ്ട് മാത്രം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. നാഷണല്‍സ് നടക്കാത്തതുകൊണ്ട് പ്രൈം വോളി കണ്ടാണ് താരങ്ങളെ വിലയിരുത്തിയിരുന്നത്. അതുകൊണ്ട് തന്നെ ദേശീയ ടീമിലേക്കുള്ള ചുവടുവെപ്പിന് പ്രൈം വോളി സഹായകരമാകും.

കാലിക്കറ്റ് ഹീറോസിന്റെ പരിശീലന സംഘത്തോടൊപ്പം

ടൂർണമെന്റിന്റെ ദൈർഘ്യം നീളണം, ലോകോത്തരമാകും

വേള്‍ഡ് ക്ലാസ് താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിലുണ്ട്. എന്നാണ് എണ്ണം ചുരുക്കമാണ്. അത് വർധിക്കണമെങ്കില്‍ ടൂർണമെന്റിന്റെ ദൈർഘ്യം കൂടണം. രണ്ട് മാസം മാത്രം നീളുന്ന ടൂർണമെന്റിലേക്ക് ലോകോത്തര താരങ്ങളെത്തിയാല്‍ പിന്നീടുള്ള പത്ത് മാസം അവർ വെറുതെ ഇരിക്കേണ്ടി വരും. മറിച്ചാണെങ്കില്‍ പത്ത് മാസവും എൻഗേജ്മെന്റ് ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രൈം വോളി ഒരു എട്ട്, പത്ത് മാസത്തെ ലോങ് ടൂർണമെന്റായി മാറണം. പക്ഷേ, ഇതിനെല്ലാം കുറച്ചുകൂടി സമയം എടുത്തേക്കും. അത്തരം ലോങ് ടൂർണമെന്റുകള്‍ നടത്താനുള്ള കെല്‍പ്പ് ഇന്ത്യയ്ക്കുണ്ട്. വേള്‍ഡ് ലീഗ് ബെംഗളൂരുവില്‍ നടത്തിയതാണല്ലോ.

താരം പരിശീലകനാകുമ്പോള്‍

വോളിബോള്‍ താരമാകുമ്പോള്‍ ടെന്‍ഷന്‍ കുറവാണ്. പക്ഷേ, ഒരു പരിശീലകനാകുമ്പോള്‍ താരങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കണം. അവരുടെ ഫിറ്റ്നസ്, മാനസികനില, പരുക്ക്, ആത്മവിശ്വാസം എല്ലാം വിലയിരുത്തണം പരിശോധിക്കണം അത് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കണം. നല്ലൊരു പരിശീലകനാകുക എന്നത് ഭാരമുള്ള ജോലി തന്നെയാണ്. എല്ലാവരേയും തുല്യമായി പരിഗണിക്കണം. കോച്ചെന്നതിലുപരി മാനേജർ എന്ന പദമാണ് യോജിക്കുന്നത്.

താരങ്ങള്‍ക്ക് പൂർണമായ സ്വതന്ത്ര്യം കൊടുക്കുന്ന രീതിയാണ് എന്റേത്. കളത്തിലിറങ്ങിക്കഴിഞ്ഞാല്‍ താരങ്ങളെ നിയന്ത്രിക്കാന്‍ പാടില്ല. പിഴവുകള്‍ സംഭവിച്ചാല്‍ അത് ചൂണ്ടിക്കാണിക്കുക എന്നത് മാത്രമായിരിക്കണം നമ്മുടെ ഉത്തരവാദിത്തം. എതിരാളികളുടെ ദൂർബലതകള്‍ മനസിലാക്കിക്കൊടുക്കുക. നിയന്ത്രിക്കാന്‍ പോയാല്‍ അത് കളിയെ ബാധിക്കും.

താരമായിരിക്കെ

പരിശീലനത്തിന്റെ രീതി തന്നെ മാറിയിരിക്കുന്നു. സിനിമയൊക്കെപ്പോലെ, നസീറിന്റെ കാലത്തെ സിനിമയല്ലല്ലൊ ഇന്ന്. അതുപോലെ മാറ്റമുണ്ട്. ആ മാറ്റത്തിന് വിധേയമായി മുന്നോട്ട് പോകുന്നവർക്ക് നേട്ടമുണ്ടാകും. അല്ലാത്തവർ പുറകോട്ട് പോകും. പരിശീലകന്റെ റോളാണൊ കളിക്കാരന്റെ റോളാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍, രണ്ടും രണ്ട് തരമാണ്. അതുകൊണ്ട് കൃത്യമായൊരു മറുപടി പറയാനാകില്ല. ആസ്വാദനവും വ്യത്യസ്തമാണ്.

ഒളിമ്പിക്സിലേക്കുള്ള യാത്ര

എളുപ്പം യാഥാർത്ഥ്യമാകുന്ന ഒന്നല്ല. അതൊരു ലോങ് ടേം പ്രൊസസാണ്. കൃത്യമായ പദ്ധതികള്‍ ആവശ്യമാണ്. അതനുസരിച്ച് ക്യാമ്പുകള്‍ നടത്തണം. കളികള്‍ സംഘടിപ്പിക്കണം. വിദേശ ടീമുകളുമായി ഏറ്റുമുട്ടണം. വ്യത്യസ്ത കാലാവസ്ഥകളിലും തലങ്ങളിലും പരിശീലനം നടത്താന്‍ കഴിയണം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ ടീമുകളുമായി മാറ്റുരയ്ക്കാനാകണം. തയാറെടുപ്പുകളുടെ കുറവുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, നമുക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുന്ന കാര്യമാണ്.

ഫോക്കസില്ലാത്ത തലമുറ

പുതിയ തലമുറയിലെ കുട്ടികള്‍ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ പിന്നോട്ടാണ്. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിന് പിന്നിലെ കാരണം. ഞങ്ങളുടെ കാലത്തെ പോലെ ഓട്ടവും ചാട്ടവുമെല്ലാം ഉള്‍പ്പെട്ട ജീവിതമല്ല അവരുടേത്. കാല്‍ഷ്യത്തിന്റെ പോരായ്മ കൂടുതലായി കാണാറുണ്ട്. രാവിലെ എണീക്കുക, സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക, ഇവയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വൈറ്റമിന്‍ ഡിയുടെ കുറവുമുണ്ട്. അങ്ങനെയുള്ള ഒരു തലമുറയെ മുന്നിലേക്ക് കൊണ്ടുവരണമെങ്കില്‍ ഭക്ഷണരീതിയില്‍ തുടങ്ങി എല്ലാത്തിലും കൃത്യമായ ശ്രദ്ധവേണം. ഇതിലെല്ലാം ഉപരിയായി ഫോക്കസ് ചെയ്യാനും പഠിപ്പിക്കാണം. ഇവിടെ മനസാണ് പ്രധാനം. ഇങ്ങനെയെല്ലാം ഒത്തുവരുമ്പോഴാണ് യുവതലമുറയെ ഉയർത്തിക്കൊണ്ടുവരാന്‍ സാധിക്കുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ