SPORT

'ഒളിമ്പിക് മെഡലിലേക്കുള്ള സ്മാഷ് വിദൂരമല്ല, പ്രൈം വോളി ലീഗ് ഒരു ചവിട്ടുപടി'; അഖിന്‍ ജി എസ് അഭിമുഖം

പ്രതാപം മങ്ങിത്തുടങ്ങിയോ എന്ന ചോദ്യം വോളിബോളിനെയും തേടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പ്രൈം വോളിബോള്‍ ലീഗിലൂടെ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് താരങ്ങള്‍

ഹരികൃഷ്ണന്‍ എം

കേരളത്തില്‍ ഒരു വോളിബോള്‍ കോര്‍ട്ടില്ലാത്ത പഞ്ചായത്തുണ്ടോ...വോളിബോള്‍ കോര്‍ട്ട് ഭാഗമല്ലാത്ത മൈതാനങ്ങളുണ്ടോ...കാല്‍പ്പന്തിനും ക്രിക്കറ്റിനും പിന്നാലെ ഓടുന്നതിന് ഒരുപാട് കാലം മുന്‍പുതന്നെ പന്തിനെ കൈകൊണ്ട് താലോലിച്ചവരാണ് മലയാളികള്‍. ജിമ്മി ജോര്‍ജിന്‌റെ കളികാണാനും മറ്റൊരു ജിമ്മി ജോര്‍ജാകാനും ഊണും ഉറക്കവും കളഞ്ഞ തലമുറ ഉണ്ടായിരുന്നിവിടെ.

പ്രതാപം മങ്ങിത്തുടങ്ങിയോ എന്ന ചോദ്യം ഹോക്കിക്ക് പിന്നാലെ വോളിബോളിനെയും തേടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പ്രൈം വോളിബോള്‍ ലീഗിലൂടെ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഐപിഎല്ലിനും ഐഎസ്എല്ലിനും പ്രോ കബഡി ലീഗിനും സമാനമായ ടൂർണമെന്റാണ് പ്രൈം വോളിബോള്‍ ലീഗ്.

ഒന്‍പത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍ തുടര്‍ വിജയങ്ങളോടെ മുന്‍നിരയിലേക്കെത്തിയിരിക്കുന്ന ടീമാണ് ചെന്നൈ ബ്ലിറ്റ്‌സ്. നായകനാകട്ടെ മലയാളി താരം അഖിന്‍ ജി എസും. ടീമിലെ സുപ്രധാന താരം കൂടിയായ അഖിന്‍ ലീഗിനെക്കുറിച്ചും ലീഗ് ഇന്ത്യന്‍ വോളിബോളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുന്നു.

ലീഗ് ഭാവിയിലേക്കുള്ള പ്രചോദനം

എനിക്കിപ്പോള്‍ 32 വയസായി. ഈ സമയത്തും കായികക്ഷമത നിലനിര്‍ത്താനുള്ള പ്രചോദനമാണ് ലീഗ്. അടുത്ത സീസണിലും കളിക്കണമെന്നൊരു തോന്നല്‍ മനസിലുണ്ടാകുന്നുണ്ട്. ലീഗിന്‌റെ വരവോടുകൂടി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ മാത്രമല്ല പ്രൊഫഷണലായുള്ള സമീപനം ഗെയിമിനോട് പൊതുവെ ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു വലിയ ഷിഫ്റ്റിന്‌റെ കാരണം ലീഗ് തന്നെ.

ലീഗ് ദേശീയതലത്തിലേക്കുള്ള ചവിട്ടുപടി

നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെതന്നെ ലീഗിലേക്കുള്ള തയ്യാറെടുപ്പുകള്‍ സ്വഭാവികമായും ദേശീയതലത്തിലേക്കുള്ള യാത്രയില്‍ സഹായകമാകും. ലീഗില്‍ പ്രൊഫഷണലിസമാണ് പ്രധാനം. താരങ്ങള്‍ ഫിറ്റായിരിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതും എപ്പോഴും ദേശീയ ടീമിന്‌റെ മുന്നേറ്റത്തിന് ഊര്‍ജം പകരും. ലീഗില്‍ കളിക്കാന്‍ മാത്രമല്ല, ദേശീയ തലത്തില്‍, രാജ്യത്തിന്‌റെ കുപ്പായം അണിയുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനും കൂടിയാണ് ഇത്തരത്തിലുള്ള പരിശ്രമങ്ങള്‍ ഓരോ താരങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.

ഉദാഹരണത്തിന്, കോളേജ് തലം മുതല്‍ ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ സമീപനം കാണാം. പരിശീലന രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് പ്രൈം വോളിയെ തന്നെ. വരും തലമുറയ്‌ക്കൊരു പ്രതീക്ഷ കൂടിയാവുകയാണ് പ്രൈം വോളി. കാരണം, വോളിബോളിലൂടെയും ഉയരത്തിലെത്താമെന്നൊരു ചിന്ത കുട്ടികളില്‍ ജനിപ്പിക്കാന്‍ കഴിയും. നമ്മുടെ കളി ടിവിയില്‍ വരുന്നു, ആരാധകരുണ്ടാകുന്നു, സാമ്പത്തികമായി മെച്ചപ്പെട്ട രീതിയിലേക്ക് എത്തുന്നു...ഇതെല്ലാം നല്ല കാര്യങ്ങളാണല്ലോ.

വിദേശതാരങ്ങളുടെ സ്വാധീനം

പണ്ടൊക്കെ വിദേശതാരങ്ങളില്‍നിന്ന് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല, നമ്മളും അവര്‍ക്കൊപ്പം എത്തിയിരിക്കുന്നു. അവരെപ്പോലെ പ്രൊഫഷണലായുള്ള സമീപനം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. എങ്ങനെ ഒരു ഗെയിമിന് തയ്യാറെടുക്കണം, ഫിറ്റ്‌നസ് എങ്ങനെ നിലനിര്‍ത്തണം എന്നിവയൊക്കെയായിരുന്നു അവരില്‍നിന്ന് നമുക്ക് പഠിക്കാനുണ്ടായിരുന്നത്. വരും കാലങ്ങളില്‍ വിദേശ-സ്വദേശ താരങ്ങളെന്ന താരതമ്യമുണ്ടാകാനുള്ള സാധ്യത കുറവാണ്.

ആഗോളതലത്തില്‍ കളിച്ച് പരിചയസമ്പത്ത് നേടിയവരാണ് വിദേശ താരങ്ങള്‍. അവര്‍ അവരുടെ എക്‌സ്പീരിയന്‍സ് നമ്മോട് പങ്കുവെക്കാറുണ്ട്. മത്സരം കൈവിട്ടുപോകുമെന്ന് തോന്നുന്ന ചില സാഹചര്യങ്ങളുണ്ടാകും. അപ്പോള്‍ എങ്ങനെ കളിയെ സമീപിക്കണമെന്ന് അവര്‍ക്ക് കുറച്ചുകൂടി ധാരണയുണ്ട്, പരിചയസമ്പത്തിന്‌റെ വ്യത്യാസമാണിത്. അവരത് നമുക്ക് പകര്‍ന്നുതരാറുണ്ട്.

ലീഗിലെ മലയാളിക്കരുത്ത്

ലീഗില്‍ കൂടുതലും മലയാളി താരങ്ങളാണുള്ളത്. കേരളത്തില്‍ വോളിബോളിന് അത്രത്തോളം വേരുറപ്പുള്ളതുകൊണ്ടാണിത്. എല്ലാ ടീമിലും കുറഞ്ഞത് രണ്ടോ മൂന്നോ മലയാളികളെങ്കിലുമുണ്ടെന്നാണ് എന്‌റെ അനുമാനം.

ഒളിമ്പിക്‌സിലേക്കുള്ള യാത്ര വിദൂരമല്ല

ഒളിമ്പ്കിസിലേക്കുള്ള യാത്ര കുറച്ചുനാളത്തേക്ക് കിട്ടാക്കനിയായിരിക്കും. പക്ഷേ, ലീഗൊക്കെ ഇങ്ങനെ തുടര്‍ന്നു പോകുകയാണെങ്കില്‍ ഒളിമ്പിക്‌സ് മെഡല്‍ അകന്നുനില്‍ക്കുന്ന ഒന്നല്ല. പ്രകടനംവെച്ച് അളക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍. പക്ഷേ, നമുക്കില്ലാതെ പോകുന്നത് പരിചയസമ്പത്താണ്. അവിടെയാണ് നമ്മുടെ വീഴ്ച.

നമ്മള്‍ വിദേശരാജ്യങ്ങളില്‍ പോയി കളിക്കുന്നില്ല, വിദേശ ടീമുകളെ നേരിടുന്നില്ല. ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ കപ്പ്... ഇതോടെ തീരുകയാണ് നമ്മുടെ വിദേശ ടൂര്‍ണമെന്‌റുകള്‍. മറ്റ് ടീമുകള്‍ക്ക് നിരവധി ടൂര്‍ മാച്ചുകളും വിദേശ ടൂര്‍ണമെന്‌റുകളുമൊക്കെ ലഭിക്കുന്നുണ്ട്. ഇങ്ങനെയുള്ള കൃത്യമായ തയ്യാറെടുപ്പുകള്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്‌റിന് മുന്നോടിയായി ആവശ്യമാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം