SPORT

കളിയും കലയും: ഓർമകളുടെ ഒരപൂർവ ജുഗൽബന്ദി

ഹോക്കി മൈതാനത്ത് ബാല്യകൗമാരങ്ങൾ ചെലവഴിച്ച ശേഷം ദൂരദർശനിൽ ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച പി ആർ ശാരദയുടെ ആത്മകഥ

രവി മേനോന്‍

ഓർമകളുടെ മൈതാനത്താണ് കളി. കൈയിൽ ഹോക്കി സ്റ്റിക്കില്ല. പകരം തൂലിക. തട്ടിക്കളിക്കുന്നത് പന്തല്ല; ജീവിതം തന്നെ.

വിധിയുമായി പാസുകൾ കൈമാറി പി ആർ ശാരദ എന്ന ഹോക്കി താരം ഓർമകളിലൂടെ ഒറ്റയ്ക്ക് ഡ്രിബിൾ ചെയ്തു മുന്നേറുമ്പോൾ മനസിന്റെ ഗ്യാലറിയിൽ ആരവങ്ങൾ ഉയരുന്നു. പോയി മറഞ്ഞ സ്നേഹസുരഭിലമായ ഒരു കാലം തിരശ്ശീലയിലെന്നോണം വീണ്ടും കണ്മുന്നിൽ തെളിയുന്നു.

ബാല്യകൗമാരങ്ങൾ മുഴുവൻ ഹോക്കി മൈതാനത്ത് ചെലവഴിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ദൃശ്യമാധ്യമലോകത്തേക്ക് ചേക്കേറുകയും ഒടുവിൽ ദൂരദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പ്രോഗ്രാംസ് പദവി വരെയെത്തി വിരമിക്കുകയും ചെയ്ത ഒരു വനിതയുടെ തെല്ലു നാടകീയത കലർന്ന ജീവിതകഥയാണ് 'ഫോർവേഡ്'

കളിക്കളത്തിൽ റൈറ്റ് എക്‌സ്ട്രീം ആയിരുന്നു ശാരദ. മുന്നേറിക്കളിക്കുകയും ശൂന്യതയിൽനിന്ന് ഗോളുകൾ സൃഷ്ടിക്കുകയും ചെയ്ത അറ്റാക്കർ. പക്ഷേ സ്വന്തം ജീവിതത്തെക്കുറിച്ചെഴുതുമ്പോൾ സർവവ്യാപിയായി മാറുന്നു അവർ. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം കയറിയിറങ്ങിക്കളിക്കുന്ന ഓൾറൗണ്ടർ. കറ കളഞ്ഞ ടീം സ്പിരിറ്റാണ് ആ "കളി"യുടെ മുഖമുദ്ര. ഫൗളുകൾ ഇല്ല തന്നെ.

പി ആർ ശാരദ

സംശയമുണ്ടെങ്കിൽ 'ഫോർവേഡ്' എന്ന അവരുടെ ആത്മകഥ വായിച്ചുനോക്കുക. കളിക്കളത്തിലും മാധ്യമലോകത്തും ഒരുപോലെ മികവ് തെളിയിച്ച ഒരാളുടെ ജീവിതമുണ്ടതിൽ. ബാല്യകൗമാരങ്ങൾ മുഴുവൻ ഹോക്കി മൈതാനത്ത് ചെലവഴിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ദൃശ്യമാധ്യമലോകത്തേക്ക് ചേക്കേറുകയും ഒടുവിൽ ദൂരദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പ്രോഗ്രാംസ് പദവി വരെയെത്തി വിരമിക്കുകയും ചെയ്ത ഒരു വനിതയുടെ തെല്ലു നാടകീയത കലർന്ന ജീവിതകഥ.

പി ആർ ശാരദയുടെ ആത്മകഥ 'ഫോർവേഡ്'

ദൂരദർശനിലെ 'പ്രതികരണം' പരിപാടിയിലാണ് ശാരദയെ ആദ്യം കണ്ടത്; വർഷങ്ങൾക്ക് മുൻപ്. കാര്യമാത്രപ്രസക്തമായി മാത്രം സംസാരിക്കുന്ന ഗൗരവപ്രകൃതിയായ ഒരാൾ. "ഈ മാഡമെന്താ ഇത്രേം സീരിയസ്? ഒന്ന് ചിരിച്ചൂടെ?" ടി വി കണ്ടിരിക്കേ ഞങ്ങൾ കൂടപ്പിറപ്പുകൾ പരസ്പരം ചോദിക്കും.

"അവരെന്താ കോമഡി പരിപാടി നടത്താൻ വന്നതാ?" അതേ മുറിയുടെ ഒരു മൂലയിൽ പരിപാടി കണ്ടുകൊണ്ടിരിക്കുന്ന അമ്മയുടെ അനിയൻ കൃഷ്ണൻകുട്ടിമ്മാമ ഉറക്കെ വിളിച്ചുചോദിക്കുന്നത് കേൾക്കാം അപ്പോൾ. "കാഴ്ചക്കാര് സീരിയസ്സായി ചോദിക്കുന്ന ചോദ്യങ്ങളാ. അതിന് സീരിയസ്സായിത്തന്നെ വേണം ഉത്തരം കൊടുക്കാൻ. അല്ലാതെ ങ്ങളെപ്പോലെ ചിരിച്ചും കളിച്ചുംകൊണ്ടിരുന്നാ കാര്യം നടക്കുമോ?'' പിന്നീടൊരിക്കൽ അതേ പരിപാടിയിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ശാരദയെ കണ്ടപ്പോൾ വിസ്മയം തോന്നി. മനോഹരമായ ഒരു പകർന്നാട്ടം.

പതിമൂന്നാം വയസ്സിൽ ഹോക്കി കളിച്ചു തുടങ്ങിയതാണ് ശാരദ. ഇരുപത്തൊന്നാം വയസ്സിൽ വിടവാങ്ങുന്നതിനിടെ 25 തവണ തുടർച്ചയായി കേരളത്തിനുവേണ്ടി കളിച്ചു; ഒൻപത് തവണ സംസ്ഥാന ടീമിന്റെ നായികയായി

അന്ന് ഞങ്ങൾ കാണാൻ മോഹിച്ച അതേ മന്ദഹാസമുണ്ട് ശാരദയുടെ ആത്മകഥയിൽ. പൊട്ടിച്ചിരിയല്ല; തന്നിലേക്ക് തന്നെ നോക്കിയുള്ള ചിരി. അപൂർവമായെങ്കിലും ആ ചിരിയിൽ ആകുലതകളും ആശങ്കകളും കലരുന്നുണ്ടെന്ന് മാത്രം. സ്പോർട്ട്സ് ജീവിതം തനിക്കും കൂട്ടുകാർക്കുമായി കാത്തുവെച്ച "ലൈംഗിക" കെണികളിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറിയ കഥ തെല്ലൊരു ഉൾക്കിടിലത്തോടെ വിവരിക്കുമ്പോൾ ഈ ആശങ്കകൾ വായനക്കാരിലേക്കും പകരുന്നു അവർ. സ്ത്രീപീഢനവും ലൈംഗികചൂഷണങ്ങളും അന്നും അത്ര അപൂർവമായിരുന്നില്ല നമ്മുടെ കളിക്കളങ്ങളിൽ എന്ന തിരിച്ചറിവ് കൂടിയായി മാറുന്നു ആ അനുഭവകഥനം.

പതിമൂന്നാം വയസ്സിൽ ഹോക്കി കളിച്ചു തുടങ്ങിയതാണ് ശാരദ. ഇരുപത്തൊന്നാം വയസ്സിൽ വിടവാങ്ങുന്നതിനിടെ 25 തവണ തുടർച്ചയായി കേരളത്തിനുവേണ്ടി കളിച്ചു; ഒൻപത് തവണ സംസ്ഥാന ടീമിന്റെ നായികയായി. 1972 ൽ കേരളം നടാടെ ദേശീയ ജൂനിയർ കിരീടം നേടുമ്പോഴും ടീമിലുണ്ടായിരുന്നു ശാരദ. സർവകലാശാലാ തലത്തിൽ ഒൻപത് തവണ ക്യാപ്റ്റൻസി. ഇതിനിടെ മികച്ച ബഹുമുഖ പ്രതിഭയ്ക്കു കേരള സർവകലാശാല നൽകുന്ന മിസിസ് മള്ളൂർ ഗോവിന്ദപ്പിള്ള ഫിസിക്കൽ കൾച്ചർ സ്വർണമെഡൽ... അംഗീകാരങ്ങൾ അങ്ങനെ നിരവധി.

പി ആർ ശാരദ തനിക്കു ലഭിച്ച ട്രോഫികളുമായി
കേരളത്തിൽ ഹോക്കി എന്ന കായികവിനോദം വളർത്താൻ ജീവിതം തന്നെ സമർപ്പിച്ച ആ ഗുരുവിനുള്ള പ്രണാമം കൂടിയാണ് ശാരദയുടെ ആത്മകഥ

കളിക്കളത്തിലെ ഈ നേട്ടങ്ങളെല്ലാം ശാരദ സമർപ്പിക്കുന്നത് പ്രിയപ്പെട്ട കോച്ചിനാണ്. ടി പി ബാലകൃഷ്ണൻ എന്ന ബാലൻ സാറിന്. "ദേശീയ തലത്തിൽ ഒരു അവാർഡോ അംഗീകാരമോ അദ്ദേഹത്തെ തേടിയെത്തിയില്ല. എങ്കിലും ഞങ്ങൾ ശിഷ്യരുടെ മനസ്സിൽ എന്നും അദ്ദേഹം ദ്രോണാചാര്യതുല്യനാണ്," ശാരദ എഴുതുന്നു. കേരളത്തിൽ ഹോക്കി എന്ന കായികവിനോദം വളർത്താൻ ജീവിതം തന്നെ സമർപ്പിച്ച ആ ഗുരുവിനുള്ള പ്രണാമം കൂടിയാണ് ശാരദയുടെ ആത്മകഥ.

ഹോക്കിയാണ് പ്രധാന മേച്ചിൽപ്പുറമെങ്കിലും ദൃശ്യമാധ്യമ കാലത്തുനിന്നുള്ള രസകരമായ ചില ഓർമകൾ കൂടി പങ്കുവെക്കുന്നുണ്ട് 'ഫോർവേഡി'ൽ ശാരദ. ദൂരദർശനിലെ ജനപ്രിയ ചലച്ചിത്രഗാന പരിപാടിയായ 'ചിത്രഗീത'ത്തിൽ സദാചാര്യമൂല്യങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന് നിർബന്ധമുണ്ടായിരുന്ന ഒരു മേലുദ്യോഗസ്ഥന്റെ കഥ ചിരിയുണർത്തും. അന്നന്ന് സംപ്രേഷണം ചെയ്യുന്ന ഗാനരംഗങ്ങൾ സൂക്ഷ്മമായി കണ്ട് നായികാനായകന്മാർ പരിധി വിട്ട് പെരുമാറുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങളിൽ സ്‌ക്രീനിൽ എഡിറ്ററുടെ സഹായത്തോടെ "പൂക്കൾ വാരി വിതറുന്ന" ആ ഉദ്യോഗസ്ഥൻ ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് നമ്മുടെ സദാചാരബോധം എത്ര മാറി. ടെലിവിഷൻ തന്നെ എത്ര മാറി... ഓർക്കാൻ രസമുണ്ട്.

'ഫോർവേഡ്' വ്യത്യസ്തമായ ഒരു ജീവിതകഥയാണ്. കളിയും കലയും കൈകോർക്കുന്ന ഓർമ്മകളുടെ ഒരു മനോഹരമായ ഫ്യൂഷൻ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി