കുട്ടിക്കാലത്ത് പന്തുകളിച്ചിട്ടുണ്ട് സുകുമാർ അഴീക്കോട്; ഗോളടിച്ചിട്ടുമുണ്ട്. കളിക്കാനുള്ള ആരോഗ്യം ഉള്ളതുകൊണ്ടല്ല; കളിയോടുള്ള അകമഴിഞ്ഞ സ്നേഹം കൊണ്ടാണ്; പന്തുരുളുന്നത് കാണുമ്പോഴുള്ള കാൽത്തരിപ്പു കൊണ്ടും.
പിന്നെയെപ്പൊഴോ കളി നിർത്തി 'റഫറി'യായി മാഷ്. സമൂഹത്തിലെ കണ്ണിൽച്ചോരയില്ലാത്ത ഫൗളുകൾക്കെതിരെ നിസ്സംശയം ചുവപ്പുകാർഡ് വീശുന്ന റിയൽ ലൈഫ് റഫറി. വിസിലും കൊടിയുമല്ല, തൂലികയും മൈക്കുമായിരുന്നു മാഷിന്റെ ആയുധങ്ങൾ. അവശ്യ ഘട്ടങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ടും സഡൻ ഡെത്തും പുറത്തെടുത്ത് വില്ലൻ ടീമുകളെ നിലയ്ക്ക് നിർത്തുകയും ചെയ്തു അദ്ദേഹം. നിലയ്ക്കാത്ത ആ ഗോൾവർഷത്തിന് മുന്നിൽ ജീവഭയത്തോടെ പകച്ചു നിന്നു പ്രതിഭാഗം ഗോൾക്കീപ്പർമാർ.
കളിയെ കലയാക്കി മാറ്റിയവരാണ് ലാറ്റിൻ അമേരിക്കക്കാർ. സർഗാത്മകമാണ് അവരുടെ നീക്കങ്ങൾ
അതേ അഴീക്കോടിനെ ഇരുപതു വർഷം മുൻപ് ഒരു ലോകകപ്പിന് വേണ്ടി 'ട്രാപ്പ്' ചെയ്തത് കളിയെഴുത്തു ജീവിതത്തിലെ രസികൻ ഓർമ്മ. 2002 ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന ടൂർണമെന്റിന് മുന്നോടിയായി മാഷിന്റെ വീക്ഷണങ്ങൾ ഇന്ത്യൻ എക്സ്പ്രസിന് വേണ്ടി പങ്കുവെക്കാൻ ക്ഷണിച്ചപ്പോൾ ആദ്യമൊന്ന് പതറി മാഷ്. 'ഞാൻ ഒരു വിദഗ്ദൻ ഒന്നുമല്ല. എന്തെങ്കിലും മണ്ടത്തരം പറഞ്ഞാൽ അറിവുള്ളവർ പൊറുക്കില്ല.'
മാഷ് മണ്ടത്തരം പറഞ്ഞാൽ പോലും അതിൽ കാമ്പുണ്ടാകുമെന്ന് നന്നായി അറിയാമായിരുന്നതുകൊണ്ട്, പിൻവാങ്ങിയില്ല. പകരം സ്പോട്ടിൽ പന്ത് കൊണ്ടുചെന്നു വെച്ച്, കയ്യും കെട്ടി കാത്തുനിന്നു. അതാ വരുന്നു, മാഷിന്റെ സൂപ്പർ കിക്ക്:
'എക്കാലവും ബ്രസീലാണ് എന്റെ പ്രിയ ടീം. കളിയെ കലയാക്കി മാറ്റിയവരാണ് ലാറ്റിൻ അമേരിക്കക്കാർ. സർഗാത്മകമാണ് അവരുടെ നീക്കങ്ങൾ. കാവ്യാത്മകമായ അനുഭവമാക്കി കാല്പന്തുകളിയെ മാറ്റിയവരാണ് പെലെയും മറഡോണയുമൊക്കെ. അവരുടെ കാലിൽ പന്തെത്തുമ്പോൾ ഫുട്ബോൾ ഒരു കളിയെന്നതിനപ്പുറം കാൽപ്പനികതയുടെ ലാവണ്യമായി മാറുന്നു…'
ഓൾജിബ്രയും ജ്യോമട്രിയുമല്ല ഫുട്ബോൾ എന്ന് വിശ്വസിക്കുന്ന ഒരു പഴഞ്ചൻ ആരാധകനാണ് ഞാൻ
പന്തുകളിയെ കണക്കിന്റെ കളിയാക്കി മാറ്റിയ യൂറോപ്യൻമാരെ കുറിച്ചായിരുന്നു മാഷിന് പരാതി. ' ഓൾജിബ്രയും ജ്യോമട്രിയുമല്ല ഫുട്ബോൾ എന്ന് വിശ്വസിക്കുന്ന ഒരു പഴഞ്ചൻ ആരാധകനാണ് ഞാൻ. അതുകൊണ്ടുതന്നെ യൂറോപ്യന്മാരുടെ പവർ ഗെയിമിനോട് ആഭിമുഖ്യമില്ല. എതിരാളികളെ നിർദ്ദയം ചതച്ചരയ്ക്കുന്നതാണ് അവരുടെ ശൈലി.'
ബ്രസീൽ ജയിക്കണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴും ഫ്രാൻസിനെയും അർജന്റീനയെയും എഴുതിത്തള്ളാനാവില്ല എന്നു കൂടി പറഞ്ഞു മാഷ്.
ഒടുവിൽ കപ്പ് നേടിയത് ബ്രസീൽ. അഴീക്കോട് മാഷ് മാത്രമല്ല, സംഗീത സംവിധായകൻ ജി ദേവരാജൻ, മാധവിക്കുട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി, കൊരമ്പയിൽ അഹമ്മദ് ഹാജി, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുമുണ്ടായിരുന്നു എക്സ്പ്രസിന് വേണ്ടി 2002 ലെ ലോകകപ്പ് 'കളിക്കാനിറങ്ങിയ' ആ ടീമിൽ.
കണ്ണൂരിലെ മിക്ക കുട്ടികളെയും പോലെ ഫുട്ബോൾ കാണാൻ ഇഷ്ടമായിരുന്നു എനിക്ക് . ആര് ജയിക്കും എന്ന് പ്രവചിക്കാനുള്ള വൈദഗ്ദ്യം ഒന്നും എനിക്കില്ല
ടീമിലെ സെന്റർ ഫോർവേഡ് ആരെന്നു കൂടി അറിയുക: സാക്ഷാൽ പിണറായി വിജയൻ. അന്ന് പാർട്ടി സെക്രട്ടറി.
അതിനു മുൻപ് ഏതെങ്കിലും പത്രലേഖകൻ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് പിണറായിയോട് ചോദിച്ചിരുന്നോ എന്നറിയില്ല. അങ്ങേയറ്റം ഗൗരവക്കാരനായിരുന്നല്ലോ അന്നും അദ്ദേഹം. തെല്ലൊരു സങ്കോചത്തോടെ, ഫുട്ബോൾ സ്നേഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ പതിയെ ചിരിച്ചു സഖാവ്. എന്നിട്ട് പറഞ്ഞു: 'കണ്ണൂരിലെ മിക്ക കുട്ടികളെയും പോലെ ഫുട്ബോൾ കാണാൻ ഇഷ്ടമായിരുന്നു എനിക്ക്; എ കെ ജിയേയും മറ്റും പോലെ കളിച്ചിട്ടില്ലെങ്കിലും. ഇന്നും ആ ഇഷ്ടം ഉള്ളിലുണ്ട്. '
ചാമ്പ്യന്മാരെ പ്രവചിക്കാനൊന്നും നിന്നില്ല പിണറായി. എന്നുമെന്നപോലെ ജനപക്ഷത്തു നിന്നുകൊണ്ടായിരുന്നു നിരീക്ഷണം. ദൂരദർശന്റെ ലോകകപ്പ് ടെലികാസ്റ്റ് അനിശ്ചിതത്വത്തിൽ നിൽക്കുന്ന സമയം. 'ആര് ജയിക്കും എന്ന് പ്രവചിക്കാനുള്ള വൈദഗ്ദ്യം ഒന്നും എനിക്കില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ആര് ജയിച്ചാലും തോൽക്കുക മലയാളികളായ പന്തുകളി പ്രേമികളായിരിക്കും. ലൈവ് ആയി കളി കാണാനുള്ള അവസരമല്ലേ അവർക്ക് നിഷേധിക്കപ്പെടുക…' പിണറായി പറഞ്ഞു.
മാധവിക്കുട്ടിക്ക് ഫുട്ബോളിനെക്കാൾ ഇഷ്ടം ടെന്നീസായിരുന്നു
അഴീക്കോടിനെയും പിണറായിയേയും പോലെ കമല സുരയ്യ എന്ന മാധവിക്കുട്ടിക്കുമുണ്ട് ഫുട്‍ബോളിനോട് സ്നേഹവും കടപ്പാടും. വ്യത്യസ്തമായ കാരണം കൊണ്ടാണെന്ന് മാത്രം. ടെന്നീസാണ് എനിക്ക് കൂടുതലിഷ്ടം. ഫുട്ബോൾ പൊതുവെ ആണത്തത്തിന്റെ കളിയായിട്ടാണ് പണ്ടേ തോന്നിയിട്ടുള്ളത്. 'എന്റെ ഭർത്താവും കുട്ടികളും മുംബൈ കൂപ്പറേജിൽ ഫുട്ബോൾ മത്സരങ്ങൾ കാണാൻ പോകുന്ന ഇടവേളകളിലാണ് ഞാൻ എന്റെ നല്ല കവിതകൾ പലതും എഴുതിയിട്ടുള്ളത്‍. അതുകൊണ്ടുതന്നെ ഫുട്ബോളിനോട് എനിക്കുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവില്ല…'-- പൊട്ടിച്ചിരിച്ചുകൊണ്ട് മാധവിക്കുട്ടി പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ.
ബ്രസീൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല മുസ്ലിം ലീഗ് നേതാവ് കൊരമ്പയിലിന്. 'റൊണാൾഡോയെ (ഇന്നത്തെ ക്രിസ്ത്യാനോ റൊണാൾഡോ അല്ല; പഴയ ബ്രസീലിയൻ റൊണാൾഡോ) പോലൊരു പ്രതിഭയെ നൂറ്റാണ്ടിലൊരിക്കലേ നമുക്ക് കാണാൻ കഴിയൂ. ഇത്തവണ റൊണാൾഡോയുടെ മികവിൽ ബ്രസീൽ ജയിക്കുമെന്നാണ് പ്രതീക്ഷ.' കൊരമ്പയിലിന്റെ നാക്ക് പൊന്നായി. റൊണാൾഡോയുടെ രണ്ട് എണ്ണം പറഞ്ഞ ഗോളുകൾക്ക് ജർമ്മനിയെ കീഴടക്കി ബ്രസീൽ ചാമ്പ്യന്മാരായി.
കടുത്ത ഫുട്ബോൾ പ്രേമിയെങ്കിലും രാഗങ്ങളിലെന്നപോലെ ഫുട്ബോൾ ടീമുകളിലും ഏറ്റവും പ്രിയപ്പെട്ടവ എടുത്തുപറയാൻ ബുദ്ധിമുട്ടാണെന്ന് സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ. എങ്കിലും കളിയിൽ വന്ന മാറ്റങ്ങളിലുള്ള ആശങ്ക പങ്കുവെക്കാൻ മറന്നില്ല അദ്ദേഹം. 'ജീവിതം തന്നെ മാറുകയല്ലേ? സിനിമാപ്പാട്ട് പോലെ ചടുലമായിരിക്കുന്നു ഫുട്ബോളും. മന്ദഗതിയിലുള്ള മെലഡിയുടെ കാലം മിക്കവാറും ഓർമ്മയായി. ഫുട്ബോളിൽ ഈ മാറ്റം കൂടുതൽ പ്രകടമാണ്. അവിടെ തിയറിക്കാണ് ഇപ്പോൾ പ്രാധാന്യം. വ്യക്തിപരമായി എനിക്കിഷ്ടം പഴയ ശൈലി തന്നെ. എങ്കിലും രണ്ടു ശക്തരായ ടീമുകൾ ഏറ്റുമുട്ടുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടില്ല. അതാണ് ഫുട്ബോളിന്റെ പ്രത്യേകത.'
ഫുട്ബോളിൽ വന്ന മാറ്റങ്ങൾ കാലോചിതം എന്ന പക്ഷക്കാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. 'ചിത്രകല, സംഗീതം, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും കാണാം ഈ മാറ്റം. കാലത്തിനനുസരിച്ചു നാം സ്വയം നവീകരിച്ചേ പറ്റൂ.' 1987 ലെ കോഴിക്കോട് നെഹ്‌റു കപ്പ് മത്സരങ്ങൾ പ്രസ് ഗാലറിയിൽ ഇരുന്ന് ലൈവ് ആയി കടലാസ്സിൽ പകർത്തിയ ഓർമ്മകൾ പങ്കുവെക്കുക കൂടി ചെയ്തു നമ്പൂതിരി.
അർജന്റീനയോടുള്ള ആഭിമുഖ്യത്തെ കുറിച്ചാണ് സത്യൻ അന്തിക്കാടിന് പറയാനുണ്ടായിരുന്നത്. തെല്ല് വ്യത്യസ്തമായിരുന്നു നടൻ ശ്രീനിവാസന്റെ കാഴ്ചപ്പാട്. 'കളി കാണുമ്പോൾ സിനിമയോ ഫുട്‍ബോളോ എന്ന് സംശയം തോന്നും. അത്രയും സ്വാഭാവികമാണ് കളിക്കളത്തിലെ അഭിനയ മുഹൂർത്തങ്ങൾ. ശരിക്കും ഒരു തിയേറ്റർ ആയി മാറിയിരിക്കുന്നു ഫുട്ബാൾ ഗ്രൗണ്ട്. പല കളിക്കാരും വേദനകൊണ്ട് പുളയുന്നത് കാണുമ്പോൾ പഴയ പോലെ വേദന തോന്നാറില്ല. അഭിനയം മാത്രമോ എന്ന് സംശയം തോന്നും…'
ഇരുപത് വർഷങ്ങൾക്കിപ്പുറം ആ റിപ്പോർട്ടിലൂടെ കണ്ണോടിക്കുമ്പോൾ ഒരുപാട് ലോകകപ്പ് ഓർമ്മകൾ മധ്യരേഖയും കടന്ന് ഡ്രിബിൾ ചെയ്തു കുതിച്ചെത്തുന്നു. ഓർമ്മകൾ പങ്കുവെച്ച പലരും ഇന്ന് ഒപ്പമില്ല എന്നത് എന്റെ സ്വകാര്യ ദുഃഖം.