SPORT

ദൈവത്തിന്റെ കൈ; രവീന്ദ്രദാസിന്റെ ഗോൾ

രവി മേനോന്‍

ഡീഗോ ആർമാൻഡോ മാറഡോണയ്ക്കും ലയണൽ മെസ്സിക്കും ഐ എം വിജയനും ജോപോൾ അഞ്ചേരിക്കുമൊക്കെ അപ്പുറത്ത് എന്റെയും രവീന്ദ്രദാസിൻെറയും ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന മറ്റു ചിലരുണ്ട്:

ചെല്ലപ്പൻ, അപ്പുക്കുട്ടൻ നായർ, ഡോ. തോമസ്, മാധവൻ തമ്പി, ശ്രീനി, സുധി, കേണൽ രാജശേഖരൻ, പരമുപിള്ള, നാരായണക്കൈമൾ...

ഫുട്ബോളുമായി പുലബന്ധം പോലുമില്ലാത്തവർ. എങ്കിലെന്ത്? എല്ലാവരും ഒന്നാന്തരം "സ്കോറർമാർ". ഗോളടിച്ചുകൂട്ടിയത് സിനിമാപ്രേക്ഷകരുടെ മനസ്സുകളിലാണെന്ന് മാത്രം. വെള്ളിത്തിരയിൽ മഹാനടനായ സത്യൻ അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങളാണെല്ലാം. അനുഭവങ്ങൾ പാളിച്ചകൾ, വാഴ്‌വേമായം, കരിനിഴൽ, കടൽപ്പാലം, ശരശയ്യ തുടങ്ങി ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന ചിത്രങ്ങളിലെ നായകന്മാർ.

സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിന്റെ റിപ്പോർട്ട് ഫയൽ ചെയ്ത് കലൂരിലെ ദേശാഭിമാനി ഓഫീസിൽ ചെന്ന് രവീന്ദ്രദാസിനെയും കൂട്ടി നോർത്ത് പാലത്തിനടുത്തുള്ള ഹോട്ടൽ കൊച്ചിൻ ടവറിലേക്ക് നടന്നുപോയിട്ടുണ്ട് പല രാത്രികളിൽ. സംസാരവിഷയം മിക്കപ്പോഴും നടൻ സത്യനായിരിക്കും. സത്യന്റെ വൈവിധ്യമാർന്ന വേഷങ്ങൾ, ഭാവങ്ങൾ, വ്യക്തിജീവിതത്തിലെ അച്ചടക്കം, അവസാന നാളുകളിൽ മഹാരോഗത്തിനെതിരെ നടത്തിയ ഐതിഹാസികമായ പോരാട്ടം... അങ്ങനെയങ്ങനെ സത്യനിൽ തുടങ്ങി സത്യനിൽ അവസാനിക്കുന്ന ചർച്ചകൾ.

എ എൻ രവീന്ദ്രദാസ്

"സത്യൻ ബാധ" അതേ തോതിൽ എനിക്കുമുണ്ടായിരുന്നതിനാൽ ഒരിക്കലും മുഷിപ്പുളവാക്കിയിട്ടില്ല ആ രാത്രിയാത്രകൾ. സ്പോർട്‌സ് റിപ്പോർട്ടിങ്ങിലെ സൂക്ഷ്മതയും ഭാവനാസമ്പന്നതയും സിനിമയെക്കുറിച്ചുള്ള വിലയിരുത്തലുകളിലും നിലനിർത്തിയ രവിയുടെ നിരീക്ഷണങ്ങൾ പലതും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. സംസാരത്തിനിടെ പലപ്പോഴും വികാരാധീനാകും രവി. അനുഭവങ്ങൾ പാളിച്ചകളിലെ വിഖ്യാതമായ കഥാമുഹൂർത്തത്തിൽ ജയിൽ വിട്ടുവരുന്ന ചെല്ലപ്പൻ മകളുടെ മരണവാർത്തയറിഞ്ഞ നിമിഷം ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല രവിക്ക്.

ഇത് രവിയുടെ അധികമാരും അറിയാത്ത മറ്റൊരു മുഖം. മലയാളികളറിയുന്ന എ എൻ രവീന്ദ്രദാസ് ഒന്നാന്തരം കളിയെഴുത്തുകാരൻ. അത്ലറ്റിക്‌സും ഫുട്‍ബോളുമാണ് ഇഷ്ട വിഷയങ്ങൾ. രവിയുടെ സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ്, നെഹ്‌റു കപ്പ് റിപ്പോർട്ടുകൾ വായിക്കാൻ വേണ്ടി രാഷ്ട്രീയ നിലപാടുകളിലെ ഭിന്നത പോലും മറന്ന് ദേശാഭിമാനി വാങ്ങി വായിച്ചിരുന്നവരെ എനിക്കറിയാം.

രവീന്ദ്രദാസ് എന്ന ബൈലൈൻ ആദ്യം ശ്രദ്ധിച്ചത് പഠനകാലത്താണ്. കണ്ണൂരിൽനിന്നിറങ്ങിയിരുന്ന 'ഫുട്ബാൾ ഫ്രണ്ട്' മാസികയിൽ സ്ഥിരം എഴുത്തുകാരനായിരുന്നു രവി. ജ്യേഷ്ഠൻ എ എൻ മോഹൻദാസിനെ പിന്തുടർന്ന് കളിയെഴുത്തുകാരനായി മാറിയ രവിയുടെ ഭാഷ അന്നേ മനസ്സിൽ തടഞ്ഞു, പതിവ് ജാർഗണുകളിൽനിന്ന് മാറി തെല്ലൊരു കാവ്യാത്മകമായ ശൈലി. നല്ല ഒഴുക്കുള്ള ഭാഷ. വിംസി, അബു, കെ കോയ, മുഷ്‌താഖ്‌ തുടങ്ങി അന്നത്തെ എണ്ണംപറഞ്ഞ കളിയെഴുത്തുകാരെയൊന്നും അനുകരിക്കാൻ ശ്രമിച്ചില്ല അദ്ദേഹം. പകരം സ്വതഃസിദ്ധമായ ഒരു ശൈലി രൂപപ്പെടുത്തി, അതിലൂടെ ഒറ്റയ്ക്ക് പന്ത് ഡ്രിബിൾ ചെയ്ത് മുന്നേറി.

ഇടക്കൊക്കെ ആ ഓട്ടത്തിൽ ഞാനുമുണ്ടായിരുന്നു ഒപ്പം. ആദ്യം ഫുട്ബോൾ ഫ്രണ്ടിലെ ലേഖകനായി; പിന്നെ കേരളകൗമുദിയുടെയും ഇന്ത്യൻ എക്‌സ്‌പ്രസ്സിന്റെയും സ്പോർട്ട്സ് റിപ്പോർട്ടറായി. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ദേശീയ, അന്തർദേശീയ മത്സരങ്ങൾ ഒരേ പ്രസ് ഗാലറിയിൽ അടുത്തടുത്തിരുന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഞാനും രവിയും. ഒരേ ഹോട്ടലുകളിൽ ആഴ്ചകളോളം താമസിച്ചിട്ടുമുണ്ട്. മറക്കാനാവില്ല ആ ദിവസങ്ങളൊന്നും.

നല്ലൊരു റിപ്പോർട്ട്, അല്ലെങ്കിൽ ലേഖനം, അടിച്ചുവരുമ്പോൾ പരസ്പരം ഹൃദയപൂർവം അഭിനന്ദിക്കാൻ മടിച്ചില്ല ഞങ്ങൾ. പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരം എല്ലാ അതിരുകളും ഭേദിച്ച് ഫൗളുകളിൽനിന്ന് ഫൗളുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ചിലർക്കെങ്കിലും അത്ഭുതം തോന്നിയേക്കാം. പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ടവരെങ്കിലും സ്പർധയുടെ അംശം പോലുമില്ലാതെ മനസ്സുകൊണ്ട് ചേർന്നുനിന്നവരായിരുന്നു ആ തലമുറയിലെ മിക്ക കളിയെഴുത്തുകാരും.

കളിയെഴുത്ത് വെറും കളിയെഴുത്തല്ല രവിക്ക്. ഇത്രാം മിനുറ്റിൽ ഇന്നയാളുടെ പാസിൽനിന്ന് ഇന്നയാൾ ഗോളടിച്ചു എന്നെഴുതിവെക്കാൻ ഒരു സ്റ്റെനോഗ്രാഫറെ മാത്രം ആവശ്യമുള്ള പുതിയ കാലത്ത് യഥാർത്ഥ സ്പോർട്‌സ് ലേഖകന്റെ ദൗത്യം കുറേക്കൂടി ഗൗരവമാർന്നതാണെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു രവിയുടെ എഴുത്തുകൾ. സാമൂഹ്യ, രാഷ്ട്രീയ, ദാർശനിക മാനങ്ങൾ കൂടി ചേർന്നതാണവ. ബ്രസീലിന്റെയോ ഹംഗറിയുടെയോ അർജന്റീനയുടെയോ പന്തുകളി പാരമ്പര്യത്തെക്കുറിച്ചെഴുതുമ്പോൾ സ്വാഭാവികമായിത്തന്നെ ആ രാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രം കൂടി കടന്നുവരുന്നു അതിൽ. സ്ഥിതിവിവരക്കണക്കുകൾക്കപ്പുറത്ത് ആഴമുള്ള അനാലിസിസ് തന്നെയായി മാറുന്നു ഓരോ എഴുത്തും.

'ദൈവത്തിന്റെ കൈ- ഡീഗോ മാറഡോണയുടെ ദുരന്തകഥ' എന്ന പുസ്തകത്തിലും നാം കണ്ടുമുട്ടുന്നു രവീന്ദ്രദാസിലെ ആ സൂക്ഷ്മനിരീക്ഷകനെ. വെറുമൊരു ജീവചരിത്ര ഗ്രന്ഥമല്ല ഇത്. മാറഡോണ എന്ന കളിക്കാരനും വ്യക്തിയും ഒരു ജനതയെ എത്ര ആഴത്തിൽ സ്വാധീനിച്ചുവെന്നതിന്റെ വൈകാരികമായ അടയാളപ്പെടുത്തൽ കൂടിയാണ്. "കളിപ്പന്ത് ഒരു കുതിരയാണെങ്കിൽ ആ കുതിരയുടെ ഹൃദയതാളം കാലുകളിലേക്കാവാഹിച്ച് കളിക്കളവും ചരിത്രവും ഒരുപോലെ മുഗ്ധമാക്കുന്ന ഫുട്‍ബോളിന്റെ ഉത്തമതാപസനാണ് ഈ കുറിയ മനുഷ്യൻ,"- മാറഡോണയെ കുറിച്ച് രവി എഴുതുന്നു. "സദാചാരത്തിന്റെ പാഠാവലികൾ മറന്നുപോയവനെങ്കിലും പന്തിനെ ഗാഢമായി സ്നേഹിച്ച്, കളിയുടെ ഗൗരവമാർന്ന സാർത്ഥകമായ ദിനങ്ങൾ സമ്മാനിച്ചവ"നായ ഡീഗോയുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളും പ്രതിസന്ധികളും തനിക്ക് മാത്രം കഴിയുന്ന രീതിയിൽ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു രവി. നല്ലൊരു നോവൽ പോലെ ആസ്വദിച്ച് വായിച്ചുപോകാവുന്ന കൃതിയെന്ന് ആമുഖത്തിൽ എസ് ജയചന്ദ്രൻ നായർ നടത്തിയ നിരീക്ഷണം കിറുകൃത്യം.

ആവേശകരമായ ഒരു ഫുട്‍ബോൾ മത്സരത്തിന്റെ വീറും വാശിയും ചൂടും പുകയുമെല്ലാമുണ്ട് രവിയുടെ എഴുത്തിൽ. കിക്കോഫ് മുതൽ അവസാന വിസിൽ വരെ ഉദ്വേഗം നിലനിർത്തുന്ന രചനാശൈലി. വ്യക്തിയെന്ന നിലയിൽ മിതഭാഷിയാണ് ഞാനറിയുന്ന രവി. നല്ലൊരളവോളം അദൃശ്യനും. ആൾക്കൂട്ടങ്ങളിൽനിന്ന് അകന്നുനിന്നാണ് ശീലം. എന്നാൽ കളിയെഴുത്തുകാരൻ രവീന്ദ്രദാസ് എന്നും ആൾക്കൂട്ടങ്ങൾക്കും ആരവങ്ങൾക്കും നടുവിലാണ്. ഫുട്‍ബോളിനെ ലഹരിയായി ഇടനെഞ്ചിൽ കൊണ്ടുനടക്കുന്ന മനുഷ്യരുടെ ഹൃദയത്തെ തൊട്ടറിയാൻ കഴിയുന്നതും അതുകൊണ്ടാവാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും