SPORT

വൈരം മറന്ന് നീതിക്കായി; വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധവുമായി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാള്‍ ആരാധകർ

ഡ്യൂറന്റ് കപ്പില്‍ ഇരുടീമുകളും തമ്മിലുള്ള മത്സരം ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലെ സാഹചര്യമൂലം മത്സരം ഒഴിവാക്കുകയായിരുന്നു

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കായികലോകവും. ബദ്ധവൈരികളായ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റേയും ആരാധകർ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ പുറത്ത് ഒരുമിച്ച് പ്രതിഷേധിച്ചു.

ഡ്യൂറന്റ് കപ്പില്‍ ഇരുടീമുകളും തമ്മിലുള്ള മത്സരം ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലെ സാഹചര്യമൂലം മത്സരം ഒഴിവാക്കുകയായിരുന്നു. ടിക്കറ്റിന്റെ പണം തിരികെ നല്‍കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്കും കുടുംബത്തിനും നീതി ലഭ്യമാക്കണണെന്ന് ആവശ്യപ്പെട്ടായിരുന്നു ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധിച്ചത്. ഇരുടീമുകള്‍ക്കും ഒപ്പം മുഹമ്മദൻ എസ് സി ആരാധകരും ചേർന്നു. ആരാധകരുടെ എണ്ണം കൂടിയതോടെ പോലീസിന് ഇടപേണ്ടതായി വന്നു. എങ്കിലും സാഹചര്യം നിയന്ത്രണവിധേയമാക്കാനായില്ല. നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബെ സ്റ്റേഡിയത്തിലെത്തി പ്രതിഷേധക്കാരെ നേരിട്ടുകാണുകയും പ്രതികരിക്കുകയും ചെയ്തു.

"വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചത്. പശ്ചിമബംഗാളിലെ ക്രമസമാധാനനില പൂർണമായും നശിച്ചിരിക്കുന്നു. ഒരു ഫുട്ബോള്‍ മത്സരം പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തി," കല്യാണ്‍ പറഞ്ഞു.

സാഹചര്യം ദുഷ്കരമാകുന്നത് ഒഴിവാക്കാൻ വൈകുന്നേരം നാല് മുതല്‍ 12 വരെ പ്രദേശത്ത് നിയന്ത്രണങ്ങള്‍ പോലീസ് ഏർപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരുമായി സ്റ്റേഡിയം പരിസരം വിടാനൊരുങ്ങിയ പോലീസിനെ ഇരുടീമുകളുടേയും ആരാധകർ തടയുകയായിരുന്നു.

അതേസമയം കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ സുപ്രീംകോടതി കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.

അതേസമയം, കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മെഡിക്കല്‍ കോളേജിലെ മുൻ പ്രിൻസിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തു. സംഭവത്തിന് മുൻപും ശേഷവും നടത്തിയ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം സന്ദീപില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സന്ദീപിന്റെ ഫോണ്‍ റെക്കോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശനിയാഴ്ച 13 മണിക്കൂറോളമായിരുന്നു സന്ദീപിനെ ചോദ്യം ചെയ്തത്.


24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ