ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്ക് അമിതവേഗത്തിൽ വാഹനമോടിച്ചതിന് പിഴ ചുമത്തി പൂനെ ട്രാഫിക് പോലീസ്. മുംബൈ - പൂനെ എക്‌സ്പ്രസ്‌വേയിൽ അമിത വേഗതയിൽ കാറോടിച്ചതിന് മൂന്ന് പിഴയാണ് താരത്തിന് ലഭിച്ചത്. ട്രാഫിക് മന്ത്രാലയത്തെ ഉദ്ധരിച്ച് പൂനെ മിററാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ലോകകപ്പ് മത്സരത്തിനായി പൂനെയിലേക്ക് തന്റെ ലംബോർഗിനിയുമായി അമിതവേഗതയിൽ എത്തിയപ്പോഴാണ് പിഴ. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ പോയ വാഹനത്തിന്റെ വേഗത പിന്നീട് 215 കിലോമീറ്റർ വരെ കടന്നതായും അധികൃതർ അറിയിച്ചു. ഇതേതുടർന്ന്, ഗതാഗത ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ മൂന്ന് പിഴയാണ് രോഹിതിന് ലഭിച്ചത്.
ഹൈവേയിൽ അമിതവേഗതയിൽ പോകുന്നത് കണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ആശങ്കപ്പെടുകയും പോലീസ് അകമ്പടിയോടെ ഇന്ത്യൻ ടീമിന്റെ ബസിൽ തന്നെ യാത്ര ചെയ്യാൻ രോഹിത്തിനോട് നിർദ്ദേശിക്കുകയും ചെയ്തതായി വിവരങ്ങളുണ്ട്.
ഞായറാഴ്ചയാണ് ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം അംഗങ്ങൾ പൂനെയിലെത്തിയത്. തിങ്കളാഴ്ച ടീമിന് വിശ്രമം അനുവദിച്ചതിനാൽ രോഹിത് കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാൻ മുംബൈയിലേക്ക് പോയിരുന്നതായാണ് വിവരം.
ലോകകപ്പ് പോരാട്ടത്തിൽ മിന്നും പ്രകടനമാണ് രോഹിത്തിന്റേത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടൂർണമെന്റ് ഓപ്പണറിൽ നിരാശാജനകമായ പരാജയത്തിന് ശേഷം ലോകകപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെതിരെയും പാകിസ്ഥാനെതിരെയും യഥാക്രമം രണ്ട് മത്സരങ്ങളിൽ ഒരു സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും നേടി ഇന്ത്യൻ ടീമിനെ വിജയത്തിലേക്കെത്തിക്കാൻ നിർണ്ണായക പങ്കുവഹിച്ചത് ടീം നായകൻ കൂടിയായ രോഹിത് ശർമയായിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്. സച്ചിനെ മറികടന്ന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റുവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും രോഹിത് അടുത്തിടെ സ്വന്തമാക്കിയിരുന്നു.
ഇന്ന് ഉച്ചക്ക് പൂനെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നാലാം മത്സരം. ആദ്യ മൂന്നു മത്സരങ്ങളിലെ വിജയത്തുടർച്ചയുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നത്.