സാഫ് കപ്പ് കിക്കോഫ് മത്സരത്തിൽ പാകിസ്താനെ നിഷ്പ്രഭരാക്കി ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗളൂരുവിലെ കാണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിലൂടെയാണ് ഇന്ത്യ ജയം കണ്ടത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് പാകിസ്താന്റെ തോൽവി. 10ാം മിനിറ്റിലും 16,74 മിനിറ്റുകളിൽ നേടിയ പെനാൽറ്റികളിലൂടെയുമാണ് ഛേത്രി പാകിസ്താന്റെ ഗോൾവല കുലുക്കിയത്. 81ാം മിനിറ്റിൽ ഉദാന്ത സിങ് ഇന്ത്യയ്ക്കായി നാലാം ഗോൾ നേടി.
ഇന്‍റർ കോണ്ടിനെന്‍റൽ കപ്പ് വിജയത്തിന്‍റെ തിളക്കത്തിലാണ് സുനിൽ ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങിയത്. തുടക്കം മുതൽ തന്നെ മത്സരം ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മിനിറ്റിൽ തന്നെ ആക്രമണം തൊടുത്തുവിട്ട ഇന്ത്യ 10 മിനിറ്റിൽ തന്നെ ലീഡെടുത്തു. പാക് ഗോൾകീപ്പർ സാഖിബ് ഹനീഫ് വരുത്തിയ പിഴവിലൂടെ 10ാം മിനിറ്റിൽ ഛേത്രി ആതിഥേയർക്ക് ലീഡ് നൽകുകയായിരുന്നു. പാക് പ്രതിരോധതാരം ഇഖ്ബാലിന്റെ മൈനസ് പാസ് സ്വീകരിച്ച സാഖിബിനടുത്തേക്ക് ഛേത്രി ഓടിയെത്തി. ഛേത്രിയെ മറികടന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സാഖിബിന് പാളി. ഗോൾകീപ്പറിൽ നിന്ന് തെന്നിമാറിയ പന്ത് പിടിച്ചെടുത്ത ഛേത്രി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
തുടക്കം മുതൽ തന്നെ മത്സരം ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലാകുന്ന കാഴ്ചയാണ് കണ്ടത്
അധികം വൈകാതെ ഇന്ത്യ പാക് പടയ്ക്ക് അടുത്ത അടി നൽകി. ബോക്സിനകത്തേക്ക് ഓടിക്കയറിയ അനിരുദ്ധ് ഥാപ്പയുടെ ഷോട്ട് പാക് താരം തടയാൻ ശ്രമിക്കുന്നതിനിടെ ഹാൻഡ്ബോൾ ആയി. പെനാൽറ്റി കിക്കെടുത്ത ക്യാപ്റ്റൻ അത് അനായാസം എതിരാളികളുടെ വലയ്ക്കകത്തേക്ക് പായിച്ചു. സ്കോർ 2-0 എന്ന നിലയിൽ െത്തി. ഛേത്രിയുടെ 89ാം അന്താരാഷ്ട്ര ഗോളാണ് ഇത്. ഇതിനു ശേഷവും തട്ടകത്തിൽ ഇന്ത്യ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നീട് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
രണ്ടാം പകുതിയിലും ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. ഛേത്രിയെ പാക് താരം ബോക്സിനകത്ത് വീഴ്ത്തിയതിനെത്തുടർന്ന് 73ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഛേത്രിക്ക് ഇത്തവണയും പിഴച്ചില്ല. പാക് ഗോൾകീപ്പർ സാഖിബിനെ മറികടന്ന് ലക്ഷ്യത്തിലെത്തിയ ഗോളോടെ ഛേത്രി ഹാട്രിക് പൂർത്തിയാക്കി.
ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിയുടെ നാലാം ഹാട്രിക്കാണ് ഇത്. പിന്നാലെ 81ാം മിനിറ്റിൽ ഉദാന്ത സിങ്ങും ഗോൾ നേടി. പാക് പ്രതിരോധം പൊളിച്ചു വന്ന അൻവർ അലിയിൽ നിന്ന് പാസ് സ്വീകരിച്ച താരം ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലക്ഷ്യം കണ്ടു. ഇന്ത്യൻ ആക്രമണത്തിൽ വിറച്ച പാകിസ്താന് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല. ഇതോടെ ഇന്ത്യ ജയമുറപ്പിച്ചു.
ആദ്യ പകുതിയുടെ അവസാന നിമിഷം ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയർക്ക് തിരിച്ചടിയായിരുന്നു. 45-ാം മിനിറ്റിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. സ്റ്റിമാച്ചിന് ചുവപ്പുകാർഡ് വിധിച്ച റഫറി പാക് പരിശീലകന് മഞ്ഞക്കാർഡും നൽകി.
ശക്തമായ ടീമിനെയാണ് പാകിസ്താനെതിരേ പരിശീലകൻ സ്റ്റിമാച്ച് ഇറക്കിയത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനിൽ ഇടം നേടി. ഇന്ന് രാവിലെ ബംഗുളൂരുവിൽ ഇറങ്ങിയ പാകിസ്താന് ഗ്രൗണ്ടിൽ കൃത്യമായി പരിശീലനം ചെയ്യാൻ ആവാത്തതിന്റെ പോരായ്മയും ഉണ്ടായിരുന്നു.