SPORT

ഇനി വരുന്നത് വനിതകളുടെ കാലം

അരുൺ സോളമൻ എസ്

കേരളാ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണെന്ന് രണ്ടു പതിറ്റാണ്ടായി തന്നെ കേള്‍ക്കുന്നതാണ്. അക്ഷരാര്‍ത്ഥത്തില്‍ ആ വളര്‍ച്ച കാണാനുമുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു രീതിയില്‍ തീര്‍ത്തു പറയാം... കേരളാ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിലാണ്... പുരുഷന്മാര്‍ക്കൊപ്പം തന്നെ വനിതകളെയും വളര്‍ത്തിയെടുത്തു ദേശീയ-രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ ഉന്നമിട്ട് ഇറങ്ങുന്ന രാജ്യത്തെ ആദ്യ ക്രിക്കറ്റ് അസോസിയേഷനാണ് കെ.സി.എ എന്നിനി നിസംശയം പറയാം.

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയില്‍ നിന്നും പോറ്റ്ഗൃഹങ്ങളായ കൊല്‍ക്കത്ത, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഒരുപാട് വനിതാ താരങ്ങള്‍ ദേശീയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ അവിടങ്ങളിലൊന്നിലും പുരുഷ-വനിതാ ക്രിക്കറ്റിന് തുല്യ പ്രാധാന്യം നല്‍കിയിട്ടില്ല. അവിടെയാണ് കെ.സി.എ. വേറിട്ടു നില്‍ക്കുന്നത്. 2017-18 സീസണില്‍ അണ്ടര്‍ 23 ദേശീയ കിരീടം കേരളത്തില്‍ എത്തിയ ശേഷം വനിതാ ക്രിക്കറ്റിനായി കെ.സി.എ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സെക്രട്ടറി വിനോദ് എസ്. കുമാര്‍ 'ദ ഫോര്‍ത്തിനോട്' സംസാരിക്കുന്നു.

മിന്നു മണി ദേശീയടീമിൽ ഇടം പിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നമ്മൾ സംസാരിക്കുന്നത്. മിന്നുവിന്റെ നേട്ടത്തെ അക്കാദമിയുടെ ഭാഗത്തുനിന്നും എങ്ങനെയാണ് നോക്കികാണുന്നത്?

വനിതാ ക്രിക്കറ്റിനാണ് കേരളം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിന്നു മണി ക്രിക്കറ്റ് സെലക്ഷന് വരുന്നതും കെസിഎയുടെ അക്കാദമിയിൽ എത്തുന്നതും. അന്ന് ജൂനിയര്‍ കുട്ടികള്‍ക്കായി കോട്ടയം മാന്നാനത്തായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമി ഉണ്ടായിരുന്നത്. അവിടെ താമസിച്ചു പഠിച്ചാണ് മിന്നു വളരുന്നത്. പിന്നീട് പ്ലസ് ടു കാലയളവില്‍ മിന്നുവിന്റെ ജില്ലയില്‍ തന്നെയുള്ള സുല്‍ത്താന്‍ ബത്തേരിയിലെ കെ.സി.എ അക്കാദമിയിലായി പരിശീലനവും മറ്റും. അതിനു ശേഷം ഡിഗ്രി കാലയളവില്‍ തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയിലും. ആ സമയത്ത് പഠനം ഒക്കെ തിരുവനന്തപുരത്തെ കോളജുകളിലാണ് കെ.സി.എ. നല്‍കിയത്. കെസിഎയുടെ അക്കാദമി വഴിയാണ് മിന്നു തന്റെ കളിയിൽ ഒരു സീരിയസിനസ് കൊണ്ടുവരുന്നത്. പ്രാക്ടീസും കാര്യങ്ങൾക്കുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്.

ഭാവിയിൽ കൂടുതൽ വനിതാ താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കാൻ സാധ്യതയുണ്ടോ?

ഭാവിയിൽ വനിതാ ക്രിക്കറ്റിലാണ് ഞങ്ങൾക്ക് പ്രതീക്ഷയുളളത്. പുരുഷ താരങ്ങളെക്കാളും വനിതാ താരങ്ങളായിരിക്കും ഭാവിയിൽ ദേശീയ ടീമിൽ ഇടംപിടിക്കുക. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് പൊതുവേ ടൂർണമെന്റുകൾ കിട്ടുന്നത് കുറവാണ്. അതുകൊണ്ടാണ് പെൺകുട്ടികൾക്ക് അത്രമാത്രം അവസരങ്ങൾ ഒരുക്കാൻ അക്കാദമി ലക്ഷ്യമിടുന്നത്. 2017-2018 സീസണിലെ വനിതകളുടെ അണ്ടർ 23 യിലൂടെയാണ് കേരളത്തിന് ഒരേയൊരു നാഷണൽ കിരീടം തന്നെ കിട്ടുന്നത്. ആ ബാച്ചിലൂടെയാണ് മിന്നു മണിയൊക്കെ വരുന്നതും. ഇനിയും ധാരാളം ജൂനിയർ വനിതാ താരങ്ങൾ അക്കാദമിയിലൂടെ വരുന്നുണ്ട്.

ഭാവിയിൽ വനിതാ താരങ്ങളിലാണ് പ്രതീക്ഷയെന്ന് പറഞ്ഞുവല്ലോ, ഇതിനായി നിലവിൽ എന്തൊക്കെയാണ് ചെയ്തു വരുന്നത്?

പെൺകുട്ടികൾക്ക് കളിച്ചുവരുന്നതിനുളള അവസരങ്ങൾ പുരുഷതാരങ്ങളെക്കാൾ കുറവാണ്. അതുകൊണ്ടു തന്നെ അക്കാദമിയുടെ നേതൃത്വത്തിൽ അതാത് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന പുരുഷ താരങ്ങളുടെ ലീഗ് മത്സരങ്ങളിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഉദാഹാരണത്തിന്, അണ്ടർ 16ന്റെ ആൺകുട്ടികൾക്കുളള മത്സരങ്ങളിൽ അണ്ടർ 19നിലെ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി ആയിരിക്കും മത്സരം സംഘടിപ്പിക്കുക. ഇത്തരത്തിൽ ആൺകുട്ടികൾക്കൊപ്പം മത്സരിക്കുമ്പോൾ അവർക്ക് ഭാവിയിൽ കുറച്ചുകൂടി മെച്ചപ്പെടാൻ സാധിക്കും. ഇത്തരത്തിൽ പെൺകുട്ടികൾക്ക് കൂടുതൽ മത്സരങ്ങളും അവസരങ്ങളും സൃഷ്ടിക്കാനാണ് അക്കാദമി കൂടുതൽ ലക്ഷ്യമിട്ടിരിക്കുന്നത്.

പരിശീലനത്തിനും ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനും ജില്ലാതലത്തിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുളളത് ?

പരിശീലനത്തിനും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിർമ്മിക്കാനുള്ള ശ്രമം കെസിഎ ഏറ്റെടുത്തിരിക്കുന്ന പ്രധാന സംരംഭങ്ങളിലൊന്നാണെന്നാണ്. നോർത്തിൽ കോഴിക്കോട് ഒഴികെ എല്ലാ സ്ഥലങ്ങളിലും സ്വന്തമായി മൈതാനങ്ങൾ ഉണ്ട്. എറണാകുളത്ത്, രാജഗിരി കോളേജിലെ സ്റ്റേഡിയവും എറണാകുളം സെന്റ് പോൾസ് കോളേജും ചേർന്നാണ് പ്രവർത്തിച്ചു വരുന്നത്. നിലവിൽ തൃശ്ശൂരിലും പത്തനംതിട്ടയിലും ഗ്രൗണ്ടിന്റെ അഭാവം ഉണ്ട്. കോട്ടയത്ത് ഗ്രൗണ്ടിന്റെ പദ്ധതിയ്ക്കുളള കരാറുകൾ അക്കാദമി പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻ തന്നെ അവിടെയും പരിശീലനത്തിനും ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനും സാധിക്കും.

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം തഴയപ്പെട്ടു പോകുന്നത് എന്തു കൊണ്ടാണ്?

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം തഴയപ്പെട്ടുപോകുന്നത് മത്സരങ്ങൾ സംഘടിപ്പിക്കാനുളള സൗകര്യക്കുറവ് കൊണ്ടാണ്. പലരും അവിടെ മത്സരങ്ങൾ സംഘടിപ്പിക്കാത്തതിനെ വിമർശിക്കുന്നുണ്ട്. എന്നാൽ, ടൂർണമെന്റുകൾ നടത്തുവാനുളള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ലായെന്നുളളത് പലർക്കും അറിയില്ലാ എന്നുളളതാണ് വസ്തുത. സ്വന്തമായി ഒരു സ്റ്റേഡിയം നമുക്കില്ലാത്തതുകൊണ്ടു തന്നെ മറ്റൊരു സ്റ്റേഡിയത്തിനായുളള സ്ഥലം കണ്ടെത്താനും വാങ്ങാനുമുളള നീക്കത്തിലാണ് നമ്മളിപ്പോൾ.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ ഇടം പിടിച്ചിരിക്കുകയാണ്. സഞ്ജുവിന് കാര്യമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന വിമർശനം പൊതുവേ ഇല്ലേ?

മലയാളികൾ ആയതുകൊണ്ടു മാത്രമാണ് നമ്മൾ സഞ്ജുവിന് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പറയുന്നത്. വളരെ നിർണായകമായ മത്സരങ്ങളിൽ ടീമിനെ മികച്ച പ്രകടനത്തിലൂടെ വിജയിപ്പിക്കാൻ കഴിയുമ്പോഴാണ് ഒരു താരം ശ്രദ്ധിക്കപ്പെടുന്നതും തുടർപരമ്പരകളിൽ സെലക്ഷൻ ലഭിക്കുന്നതും. അല്ലെങ്കിൽ കളിക്കുന്ന മത്സരങ്ങളിൽ താരങ്ങൾക്ക് പ്രകടനം കൊണ്ട് സ്ഥിരത കൈവരിക്കാൻ കഴിയണം. എന്നാൽ മാത്രമേ ദേശീയ ടീമിൽ ഇടം ലഭിക്കുകയുളളൂ. സഞ്ജുവിന് എന്നല്ല ഒരു താരത്തിന് ദേശീയ ടീമിൽ കളിക്കാനുളള അവസരം ലഭിക്കുക എന്നത് തന്ന വലിയ ഒരു ഭാഗ്യമാണ്. സൂര്യകുമാറൊക്കെ എത്രയോ കാലം ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും കളിക്കുകയും പ്രകടനമികവ് തെളിയിക്കുകയും ചെയ്ത ശേഷമാണ് ദേശീയ ടീമിൽ ഇടം പിടിക്കുന്നത്. അതുപോലെ കിട്ടുന്ന അവസരങ്ങളിലും സഞ്ജു തന്റെ കഴിവ് തെളിയിക്കണം.

സഞ്ജുവിന് പിന്നാലെ മറ്റ് പുരുഷ താരങ്ങൾക്ക് ദേശീയ ടീമിൽ ഭാവിയിൽ സാധ്യയുണ്ടോ?

ഞാൻ പറഞ്ഞല്ലോ, താരങ്ങൾ ആഭ്യന്തര കളികളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും തുടർന്ന് ഐപിഎല്ലുകളിലും മറ്റും സ്ഥിരതയാർന്ന പ്രകടനമികവ് പുറത്തെടുത്താൽ മാത്രമെ ദേശീയ ടീമിലേക്ക് പ്രവേശനം ലഭിക്കുകയുളളൂ. നിലവിൽ, രോഹൻ കുന്നുമ്മേൽ, വിഷ്ണു വിനോദ്, സിജോമോൻ, ജോസഫ് ഇവരൊക്കെ ആഭ്യന്തര മത്സരങ്ങളിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ്. ഇവരെല്ലാം അവരുടെ പ്രകടനത്തിൽ സ്ഥിരത കൈവരിച്ചാൽ മാത്രമേ ദേശീയ ടീമിൽ ഇടം പിടിക്കുമെന്ന് പറയാനാകൂ.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ