സച്ചിനും സേവാഗും ഗംഭീറുമൊക്കെ പ്രതാപകാലം വെടിഞ്ഞ് വിരമിക്കല്‍ നാളുകളിലേക്ക് കടന്ന സമയം. എക്കാലത്തും ലോകക്രിക്കറ്റിനെ ഡൊമിനേറ്റ് ചെയ്തിരുന്ന ഇന്ത്യൻ ബാറ്റിങ് നിരയെ മുന്നോട്ട് നയിക്കാൻ ആരുണ്ടാകുമെന്ന ചോദ്യത്തിന് വിരാട് കോഹ്ലി എന്ന പേരുമാത്രമായിരുന്നു ആരാധകർക്ക് എടുത്ത് പറയാനുണ്ടായിരുന്നത്. അവിടേക്കാണ് മഹേന്ദ്ര സിങ് ധോണി എന്ന നായകൻ ഒരാളെ തിരഞ്ഞെടുത്തത്, ഒരു ഇടംകയ്യൻ ബാറ്റർ, ഗാംഗുലിയും ഗംഭീറൂം വാണ ആ ഓപ്പണിങ്ങ് സ്ഥാനം അയാള്‍ക്ക് നല്‍കി. പിന്നീടയാള്‍ സ്ഥിരതയുടെ മറുവാക്കായി മാറുന്നതായിരുന്നു കണ്ടത്, ശിഖർ ധവാൻ, ഗബ്ബാർ ഓഫ് ഇന്ത്യൻ ക്രിക്കറ്റ്.
ധോണിയുടെ ആയുധപ്പുരയിലെ പ്രധാന ആയുധത്തിന്റെ 14 വർഷം നീണ്ട കരിയറിലെ കണക്കുകള്‍ പരിശോധിച്ചാല്‍ റണ്‍സിന്റേയോ സെഞ്ചുറിയുടേയൊ കോളത്തില്‍ അത്ഭുതപ്പെടുത്തുന്ന നമ്പറുകളുണ്ടാകില്ല. അന്താരാഷ്ട്ര കരിയറില്‍ കളിച്ചത് 269 മത്സരങ്ങള്‍, നേടിയത് 10867 റണ്‍സ്, 24 സെഞ്ചുറികളും. മോഡേണ്‍ ഡെ ഗ്രേറ്റ്സിനൊപ്പം ചേർത്തുവെക്കാൻ പലർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നേക്കാം, പക്ഷേ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ മികച്ച ഓപ്പണർമാരിലൊരാളായി തന്നെ ധവാൻ വാഴ്ത്തപ്പെടും.
ഇതില്‍ സംശയം തോന്നുന്നവർക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ 2013 മുതല്‍ 2019 വരെയുള്ള കാലയളവ് പരിശോധിക്കാം. ധവാനും രോഹിത് ശർമയും കോഹ്ലിയും ചേരുന്ന മൂവർ സംഘം അനായാസം വിജയത്തിന്റെ കൊടുമുടികള്‍ കയറിയ സമയം. സച്ചിന്റേയും സേവാഗിന്റേയും ഗംഭീറിന്റേയുമൊക്കെ അഭാവം ആരാധകരെ അതിവേഗം മറക്കാൻ പ്രേരിപ്പിച്ചത് മൂവരുടേയും ബാറ്റായിരുന്നു. ഈ കാലയളവില്‍ 20,138 റണ്‍സാണ് ടോപ് ത്രീ നേടിയത്, 73 സെഞ്ചുറികളും. ഓപ്പണിങ് വിക്കറ്റിൽ രോഹിതും ധവാനും ചേർന്ന് അയ്യായിരത്തിലധികം റണ്‍സാണ് ഏകദിനത്തില്‍ നേടിയിട്ടുള്ളത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം കൂട്ടുകെട്ടാണ് ഇത്.
രോഹിതിന്റെ മെല്ലത്തുടക്കം ഇന്ത്യ അക്കാലത്ത് മറികടന്നിരുന്നത് ധവാന്റെ ബാറ്റില്‍ നിന്ന് ഇടവേളകളില്ലാതെ പിറന്ന ബൌണ്ടറികളുടെ ചുവടുപിടിച്ചായിരുന്നു. ഇന്ത്യയ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ച എത്രയെത്ര ഇന്നിങ്സുകള്‍, മൊഹാലിയും കാർഡിഫും ഓവലും മെല്‍ബണും ഗാലെയും ജയ്‌പൂരുമൊക്കെ സാക്ഷ്യം വഹിച്ച നിസ്വാർത്ഥമായ ഇന്നിങ്സുകള്‍. എല്ലാത്തിനുമുപരിയായി ഇന്ത്യ സമ്മർദത്തിന് കീഴ്‌പ്പെടാറുള്ള ഐസിസി ടൂർണമെന്റുകളില്‍ എന്നും സ്ഥിരത പുലർത്തിയിരുന്നത് ധവാന്റ ബാറ്റുകളായിരുന്നു.
അണ്ടർ 19 കാലം മുതല്‍ തുടങ്ങിയതാണ് ഐസിസി ടൂർണമെന്റുകളോടുള്ള ധവാന്റെ കമ്പം. 2004 അണ്ടർ 19 ലോകകപ്പില്‍ 505 റണ്‍സായിരുന്നു ധവാൻ നേടിയത്. അന്ന് രണ്ടാമത് എത്തിയത് ഇംഗ്ലണ്ട് ഇതിഹാസം അലസ്റ്റിർ കുക്കായിരുന്നു. കുക്കിനേക്കാള്‍ 122 റണ്‍സ് കൂടുതലുണ്ടായിരുന്നു ധവാന്റെ പേരില്‍. പക്ഷേ, ധവാന്റെ കരിയറിലെ തന്നെ നിർണായക വഴിത്തിരവായത് 2013 ചാമ്പ്യൻസ് ട്രോഫിയായിരുന്നു. രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 90 ശരാശരിയില്‍ 363 റണ്‍സായിരുന്നു ടൂർണമെന്റില്‍ ധവാൻ നേടിയത്. അന്ന് ഇന്ത്യ കിരീടം ഉയർത്തിയപ്പോള്‍ ടൂർണമെന്റിലെ താരമായതും ധവാൻ തന്നെ.
2015 ഏകദിന ലോകകപ്പിലും റണ്‍വേട്ട തുടർന്നു. കിരീടമോഹം സെമിയില്‍ പൊലിഞ്ഞ് ഇന്ത്യ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ടോപ് സ്കോററുടെ പട്ടവും ധവാന്റെ പേരിലായിരുന്നു. ആ ലോകകപ്പിലും രണ്ട് സെഞ്ചുറികള്‍ നേടി. ആകെ 412 റണ്‍സും. 2017 ചാമ്പ്യൻസ് ട്രോഫിയിലും ടോപ് സ്കോററുടെ കോളത്തില്‍ ധവാന്റെ പേരായിരുന്നു. ഫൈനലില്‍ പാകിസ്താനോട് പരാജയം രുചിച്ചെങ്കിലും 363 റണ്‍സുമായി ധവാൻ തിളങ്ങി. ഒരു സെഞ്ചുറിയായിരുന്നു 2017ലെ ടൂർണമെന്റില്‍ ധവാൻ നേടിയത്.
2019 ഏകദിന ലോകകപ്പിലും ധവാന്റെ ബാറ്റ് മികവ് ആവർത്തിക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി ഉജ്വല ഫോമില്‍ നില്‍ക്കെയായിരുന്നു പരുക്ക് പറ്റിയതും ടൂർണമെന്റില്‍ നിന്ന് പുറത്തായതും. പിന്നീട് തുടര്‍ച്ചയായ പരുക്കുകയും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും ധവാന്റെ കരിയർ പിന്നോട്ടടിക്കുന്നതായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. ശേഷം ഇടവേളകളില്‍ മാത്രമായി ഇന്ത്യൻ ടീമിലേക്കുള്ള വരവ്. ഒടുവില്‍ ഇനിയൊരു അവസരമില്ല എന്ന തിരിച്ചറിവ് കളി മതിയാക്കാനും ഗബ്ബാറിനെ പ്രേരിപ്പിച്ചു.
നീലക്കുപ്പായമണിഞ്ഞ് മൈതാനത്തേക്ക് ചുവടുവെച്ച ഒരു മത്സരത്തില്‍ പോലും ധവാൻ തന്റെ നൂറു ശതമാനം നല്‍കാതിരുന്നിട്ടില്ല. സമ്മർദത്തിന്റെ ഭാരം തെല്ലുമില്ലാതെയായിരുന്നു അയാള്‍ കളത്തിലെത്തിയിരുന്നത്. പിരിച്ചുവെച്ച മീശയും തൈ ഫൈവും ചിരിച്ച മുഖവുമായി അയാള്‍ മൈതാനങ്ങളെ മാത്രമല്ല ആരാധാകരെയും കീഴടക്കി. വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളിലും അയാള്‍ ഉലഞ്ഞില്ല. കളത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചില താരങ്ങളുണ്ട്, ആ പട്ടികയിലാണ് ധവാനും.