വനിതാ ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ സ്പെയിനിന്റെ മുന്നേറ്റതാരം ജെന്നിഫർ ഹെർമോസോയെ പരസ്യമായി ചുംബിച്ചതിൽ വിമർശനം നേരിട്ട സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവച്ചു. ചുംബന വിവാദത്തിന് പിന്നാലെ റുബിയാലെസിനെ ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലൂയിസ് രാജി പ്രഖ്യാപിച്ചത്.
ഒരു ടെലിവിഷൻ ഷോയിലാണ് ലൂയിസ് റൂബിയാലെസ് രാജി പ്രഖ്യാപിച്ചത്. യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്നും ഫെഡറേഷനെ അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഓഗസ്റ്റ് 20ന് നടന്ന വനിതാ ലോകകപ്പിൽ, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്‌പെയിൻ കിരീടം നേടിയതിന് പിന്നാലെ നടന്ന മെഡൽദാനച്ചടങ്ങിനിടെയാണ് റൂബിയാലെസ് അനുവാദമില്ലാതെ ജെന്നിഫർ ഹെർമോസോയെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ അദ്ദേഹം കവിളിൽ ചുംബിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ലൂയിസ് തന്നെ ചുംബിച്ചത് ഇഷ്ടമായില്ലെന്നും ചുംബനം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും ജെന്നിഫർ ഇൻസ്റ്റഗ്രാമിൽ കുറിച്ചതോടെ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ലൂയിസ് റുബൈലസിനെതിരെ ജെന്നി ഹെര്‍മോസോ പരാതിയും നല്‍കി. ഉഭയസമ്മതപ്രകാരമല്ല ലൂയിസ് റുബൈലസ് ചുംബിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 46 കാരനായ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാണ് പരാതിയിലുള്ളത്.
ഫിഫ അച്ചടക്ക സമിതി നടപടിയെടുക്കുകയും ദേശീയ അന്തർദേശീയ തലത്തിൽ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഫിഫ അച്ചടക്ക നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 26 മുതൽ 90 ദിവസത്തേക്കായിരുന്നു സസ്‌പെൻഡ് ചെയ്തിരുന്നത്. ഫുട്ബോൾ ഫെഡറേഷനോയുമായോ അതിക്രമത്തിനിരയായ സ്പാനിഷ് ഫുട്‍ബോൾ താരവുമായോ യാതൊരു തരത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് റുബിയാലെസിന് നിർദേശം നൽകിയതായും ഫിഫ വ്യക്തമാക്കി. ഫിഫ പെരുമാറ്റച്ചട്ടത്തിലെ അനുച്ഛേദം 51 അനുസരിച്ചാണ് അച്ചടക്ക സമിതി ചെയർമാൻ ജോർജ് ഇവാൻ പലാസിയോ (കൊളംബിയ) വിലക്ക് തീരുമാനം കൈക്കൊണ്ടതെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.
സ്ത്രീകൾ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണ് ജെന്നിഫറിന് സംഭവിച്ചതെന്നായിരുന്നു സ്പെയിനിലെ മന്ത്രി ഐറിൻ മൊണ്ടെറോയുടെ പ്രതികരണം. എന്നാൽ, തന്നെ വിമർശിക്കുന്നവർ വിഡ്ഢികളാണെന്നും ആ സമയത്തെ സന്തോഷത്തിലും ആവേശത്തിലുമാണ് താരങ്ങളെ ചുംബിച്ചതെന്നുമായിരുന്നു വിഷയത്തെ ന്യായീകരിച്ചുകൊണ്ടുളള റൂബിയാലെസിന്റെ വാദം. കൂടാതെ, ചുംബനം ഉഭയസമ്മപ്രകാരമുള്ളതായിരുന്നുവെന്നും 'സ്നേഹ ചുംബനം' നൽകാൻ ജെന്നിഫർ ഹെർമോസോ സമ്മതം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജെന്നിഫറിനും മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, റൂബിയാലെസിന്റെ പ്രവൃത്തി സ്പെയിനിന്റെ കിരീടനേട്ടത്തിന്റെ ശോഭകെടുത്തിയെന്നായിരുന്നു വിമർശനങ്ങൾ ഉയർന്നത്.