ലോക ഫുട്‌ബോള്‍ മാമാങ്കമായ ഫിഫ ലോകകപ്പിന് സൗദി അറേബ്യയുടെ മണലാരണ്യം ആതിഥ്യമരുളുമെന്ന പ്രതീക്ഷ ഏറെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് അവര്‍ അടുത്ത കാലങ്ങളിലായി കായികമേഖലയില്‍ നടത്തുന്ന വന്‍ നിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍. അതുകൊണ്ടുതന്നെ 2034 ഫുട്‌ബോള്‍ ലോകകപ്പിന് സൗദി വേദിയാകുമെന്ന ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫെന്റിനോയുടെ പ്രഖ്യാപനം ആരിലും അമ്പരപ്പ് സൃഷ്ടിച്ച് കാണാനിടയില്ല.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി ഏതാനും വര്‍ഷമായി ആഗോള സ്‌പോര്‍ട്‌സ് ഹബ്ബായി മാറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഉപയോഗിച്ച് കായികരംഗത്തെ വിവിധ മേഖലകളില്‍ വന്‍ നിക്ഷേപമാണ് സൗദി നടത്തിയത്.
ലിവ് ഗോള്‍ഫ്(Liv Golf) എന്ന ഒരൊറ്റ റിബല്‍ ലീഗിലൂടെ ആഗോള ഗോള്‍ഫ് രംഗത്തെ അവര്‍ കീഴ്‌മേല്‍ മറിച്ചു. റസ്‍ലിങ് എന്‍ടെര്‍ടെയ്ന്‍മെന്റ് രംഗത്തെ സൂപ്പര്‍ താരങ്ങളെ എത്തിച്ച് പ്രൊഫഷണല്‍ റസ്‍ലിങ്ങില്‍ അമേരിക്കയുടെ കുത്തക തകര്‍ത്തു. ബോക്‌സിങ് സൂപ്പര്‍ താരങ്ങളെ എത്തിച്ച് ബോക്‌സിങ് ലീഗുകള്‍ ആരംഭിച്ചു. ഫോര്‍മുല വണ്‍ രംഗത്ത് വന്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ നടത്തി. യൂറോപ്യന്‍ ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ വിപണിയെ തകര്‍ത്തെറിഞ്ഞ് വന്മരങ്ങളെ സൗദി ലീഗിലേക്ക് എത്തിച്ച് വിപ്ലവം സൃഷ്ടിച്ചു. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ലോകകപ്പ് ആതിഥ്യവും സ്വന്തമാക്കിയിരിക്കുന്നു.
മുന്നില്‍നിന്ന് നയിച്ച് 'എംബിഎസ്'
'എംബിഎസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സൗദിയുടെ ഈ പുതിയ ഉദ്യമത്തിന്റെ ബുദ്ധികേന്ദ്രം. രാജ്യത്തിന്റെ യഥാര്‍ഥ ഭരണാധികാരിയായാണ് സല്‍മാന്‍ രാജകുമാരനെ സൗദിക്കാര്‍ വിശേഷിപ്പിക്കുന്നത്. ലോകത്തിനു മുന്നില്‍ സൗദിയുടെ മുഖഛായ മാറ്റിയെടുക്കുന്ന പരിഷ്‌കരണങ്ങളാണ് സല്‍മാന്‍ രാജകുമാരന്‍ നടപ്പില്‍ വരുന്നത്. 2015 രാജ്യത്തിന്റെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ലോകരാജ്യങ്ങളുടെ ആകമാനം പ്രശംസ പിടിച്ചുപറ്റിയത്.
യാഥാസ്ഥിതിക മുസ്ലിം രാജ്യമായി സൗദിയില്‍ നിലനിന്നിരുന്ന പല നിയമങ്ങളും അദ്ദേഹം പൊളിച്ചെഴുതി. അതിലെല്ലാമുപരി സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി കൈക്കൊണ്ട് നിലപാടുകളാണ് ഏറെ ശ്ലാഘനീയമായത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും, സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള അനുമതി നല്‍കിയതും, പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളഞ്ഞതുമൊക്കെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഭരണപരിഷ്‌കാരങ്ങളാണ്. സൗദിയെ ആധുനിക സമ്പദ്‌വ്യവസ്ഥയായും പ്രാദേശിക ശക്തിയായും വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച വിഷന്‍ 2030 പദ്ധതിയുടെ മുഖ്യ അജൻഡയായിരുന്നു കായികരംഗത്തിന്റെ വികസനം.
ഈ രംഗത്ത് നിക്ഷേപം നടത്തുന്നത് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും തൊഴിലും നിക്ഷേപവും സൃഷ്ടിക്കാനും യുവതലമുറയെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം. 2018-ല്‍ മുന്നോട്ടുവച്ച ഈ ആശയം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ വന്‍ വിജയമായി മാറിയിരിക്കുകയാണ്.
2018-ല്‍ ലോക റസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ്(ഡബ്ല്യുഡബ്ല്യുഇ) ഇവന്റുകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ സൗദി കായികമന്ത്രാലയം 100 മില്യണ്‍ ഡോളറിന് 10 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചതോടെയാണ് കായികരംഗത്ത് ആദ്യത്തെ പ്രധാന നിക്ഷേപം വന്നത്. തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തിനിടെ ബോക്‌സിങ്, ടെന്നിസ്, കുതിരപ്പന്തയം, ഫോര്‍മുല വണ്‍, ഗോള്‍ഫ് എന്നീ കായിക ഇനങ്ങളിലെല്ലാം മള്‍ട്ടി മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സൗദി നടത്തിയത്. 2021-ല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കി ഫുട്‌ബോള്‍ രംഗത്തേക്കും സൗദി വലിയ കാല്‍വയ്പ് നടത്തി.
ഈ വര്‍ഷം ആദ്യം പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി ക്ലബ് അല്‍ നസര്‍ സ്വന്തമാക്കിയത് ലോകഫുട്‌ബോളിലേക്ക് പണമൊഴുക്കുന്ന സൗദി വിപ്ലവത്തിനാണ് തിരികൊളുത്തിയത്. പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയ്ക്ക് വേതനം. അതായത്, ഏകദേശം 1600 കോടി ഇന്ത്യന്‍ രൂപ. വന്‍ തുക മുടക്കി 38-ാം വയസില്‍ ക്രിസ്റ്റിയാനോയെ സൗദി മണ്ണിലെത്തിച്ചപ്പോള്‍ സല്‍മാന്‍ രാജകുമാരന്‍ ക്രിസ്റ്റിയാനോയുടെ കളി മികവിനപ്പുറം വാണിജ്യമൂല്യത്തിലാണ് കണ്ണുവച്ചത്. അതില്‍ അദ്ദേഹത്തിന്റെ ലക്ഷ്യം വിജയം കാണുകയും ചെയ്തു.
ക്രിസ്റ്റിയാനോയുടെ വരവിന് പിന്നാലെ യൂറോപ്പില്‍നിന്ന് സൂപ്പര്‍ താരങ്ങളുടെ കുത്തൊഴുക്കാണ് സൗദിയിലേക്കുണ്ടായത്. പിഎസ്‍ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സെമ, ചെല്‍സിയുടെ ഫ്രഞ്ച് താരം എംഗോളോ കാന്റെ, ബയേണിന്റെ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ, ലിവര്‍പൂളിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ, സെനഗലിന്റെ കാലിദൊ കൗലിബാലി, പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവെസ്, ചെല്‍സിയുടെ ഫ്രഞ്ച് ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി, പിഎസ്ജിയുടെ തുര്‍ക്കി താരം ഹക്കിം സീയച് തുടങ്ങി യൂറോപ്പിലെ എണ്ണംപറഞ്ഞ താരങ്ങളാണ് സൗദിയിലേക്ക് പറന്നിറങ്ങിയത്. ഇത് യൂറോപ്പിലെയും സൗദിയിലെയും ഫുട്‌ബോള്‍ രംഗത്ത് വന്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.
പിന്തുടര്‍ന്നത് ചൈനീസ് മാതൃക
ഒരു കാലത്ത് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ രംഗത്ത് ചൈനയായിരുന്നു ഇത്തരത്തില്‍ പണമൊഴുക്കി വിപ്ലവമുണ്ടാക്കിയിരുന്നത്. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മുന്‍നിര താരങ്ങളെ ചൈനീസ് ലീഗില്‍ എത്തിച്ച് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചൈന ലോകത്തെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ കടുത്ത നികുതി നിയമങ്ങളും സര്‍ക്കാരിന്റെ കര്‍ശന നിലപാടുകളും ചൈനീസ് ലീഗിന്റെ പ്രതാപം വളരെവേഗം നഷ്ടമാകാന്‍ കാരണമായി.
ചൈന പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ട് സൗദി
ശതകോടികള്‍ എറിഞ്ഞിട്ടും ചൈനീസ് വിപ്ലവം പരാജയപ്പെട്ടത് സൂക്ഷ്മമായി വിലയിരുത്തിയായിരുന്നു സല്‍മാന്‍ രാജകുമാരന്‍ ഫുട്‌ബോള്‍ കളത്തിലേക്കിറങ്ങിയത്. സര്‍ക്കാര്‍ തന്നെ കായിക വികസനത്തിന് നേതൃത്വം നല്‍കണമെന്ന് സല്‍മാന്‍ രാജകുമാരന്‍ തീരുമാനമെടുത്തത് ചൈനീസ് ലീഗിന്റെ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ്. സൗദി ലീഗിനെ ലോകത്തെ ഏറ്റവും മികച്ച ലീഗുകളില്‍ ഒന്നാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നിക്ഷേപം നടത്താനായിരുന്നു സല്‍മാന്‍ രാജകുമാരന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, രാജ്യത്തിന്റെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്) അല്‍ ഹിലാല്‍, അല്‍ എത്തിഹാദ്, അല്‍ നസര്‍, അല്‍ അഹ്‌ലി എന്നീ പ്രധാനപ്പെട്ട നാല് ക്ലബ്ബുകളെ ഏറ്റെടുത്തു. ഇതിന്റെ നാലിന്റെയും ഉടമ നിലവില്‍ സൗദി കിരീടവകാശിയാണ്. ഇതുവഴിയാണ് ഈ ക്ലബ്ബുകള്‍ ശതകോടികള്‍ എറിഞ്ഞ് ക്രിസ്റ്റിയാനോ അടക്കമുള്ള താരരാജാക്കന്മാര്‍ക്ക് വിലപേശിയത്.
സ്‌പോര്‍ട്‌സ് വാഷിങ് ആരോപണം
പണംവാരിയെറിഞ്ഞ് കായികരംഗത്തിന്റെ ആഗോള ഹബ്ബായി മാറാനുള്ള സൗദിയുടെ ശ്രമങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നും സ്ത്രീസ്വാതന്ത്ര്യ നിഷേധങ്ങളില്‍നിന്നും ലോകത്തിന്റെ ശ്രദ്ധതിരിക്കാന്‍ സൗദി ഭരണകൂടം സ്‌പോര്‍ട്‌സിനെ ഉപയോഗിക്കുകയാണെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാന ആരോപണം. മുമ്പ് അസര്‍ബൈജാനിനും ഖത്തറിനുമെതിരേ ഉപയോഗിച്ച് പരാജയപ്പെട്ട ഈ 'സ്‌പോര്‍ട്‌സ് വാഷിങ്' ആരോപണത്തെ കണക്കിലെടുക്കേണ്ടതില്ലെന്നായിരുന്നു പക്ഷേ സല്‍മാന്‍ രാജകുമാരന്റെ പക്ഷം.
ലക്ഷ്യം വലുത്
ആരോപണങ്ങള്‍ക്ക് ചെവികൊടുക്കാതെ കൂടുതല്‍ വലിയ ലക്ഷ്യങ്ങളിലേക്കാണ് സൗദി ഉറ്റുനോക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ലോകകപ്പ് ഫുട്‌ബോള്‍ പോലൊരു വലിയ കായിക ഈവന്റ് നടത്തി വിജയിപ്പിച്ച അയല്‍ രാജ്യമായ ഖത്തറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വലിയ കായികമേളകൾ രാജ്യത്തേക്ക് എത്തിക്കാനായിരുന്നു സല്‍മാന്‍ രാജകുമാരന്റ ശ്രമം.
ഇതിന്റെ ഭാഗമായി 2026 വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍, 2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍, 2029 വിന്റര്‍ ഒളിമ്പിക്‌സ്, 2034 ഏഷ്യന്‍ ഗെയിംസ് എന്നിവയ്‌ക്കെല്ലാം സൗദി അതിഥ്യം വഹിക്കാന്‍ ബിഡ് സമര്‍പ്പിച്ചു. കായികമേഖലയില്‍ ഇത്രകണ്ട് പണം നിക്ഷേപിക്കുന്ന സൗദിയെ ആര്‍ക്കും അവഗണിക്കാനുമായില്ല. ഏഷ്യന്‍ ഗെയിംസ് അടക്കം എല്ലാത്തിനും സൗദിയെ വേദിയായി തിരഞ്ഞെടുത്തു. ഇപ്പോള്‍ ഇതാ ഫിഫാ ലോകകപ്പിനും സൗദി വേദിയാകുന്നു.
പക്ഷേ സല്‍മാന്‍ രാജകുമാരനു മുന്നില്‍ ഇനിയും ലക്ഷ്യങ്ങള്‍ ബാക്കിയാണ്. ആഗോള കായിക ഉത്സവമായ ഒളിമ്പിക്‌സും സ്വന്തം രാജ്യത്തേക്ക് എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. 2036 ഒളിമ്പിക്‌സിന് വേദിയാകാന്‍ ബിഡ് സമര്‍പ്പിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍ സൗദിയുണ്ട്. ഒളിമ്പിക്‌സിന് വേദിയാകുന്ന ആദ്യ അറബ് രാജ്യമാകാന്‍ സൗദിക്ക് കഴിയുമോയെന്നത് വരും ദിനങ്ങളില്‍ അറിയാം.
ഖത്തറിനേക്കാള്‍ വിസ്മയിപ്പിക്കുമോ സൗദി?
ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് എന്നാണ് ഖത്തര്‍ ലോകകപ്പിനെ ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫെന്റിനോ വിശേഷിപ്പിച്ചത്. 2010-ല്‍ ഖത്തറിനെ 2022 ഫിഫ ലോകകപ്പിന്റെ വേദിയായി പ്രഖ്യാപിക്കുമ്പോള്‍ ആ അറബ് രാജ്യത്തിന്റെ 'കൈയില്‍ ഒതുങ്ങാത്ത പന്തായിരുന്നു' ലോകകപ്പ്. എന്നാല്‍ വെറും 12 വര്‍ഷത്തിനപ്പുറം 'നൂറ്റാണ്ടിലെ തന്നെ മികച്ച ലോകകപ്പ്' എന്ന് ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ വരെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഖത്തറിനായി.
ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയ ഏഴ് പുതിയ സ്‌റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലോകത്തെത്തന്നെ അതിശയിപ്പിച്ചു. മരുഭൂമിയിലെ കൊടുംചൂടില്‍ എങ്ങനെ ഫുട്‌ബോള്‍ കളിക്കുമെന്ന് ആശങ്കപ്പെട്ട ലോകത്തിനു മുന്നില്‍ ശീതീകരണ സംവിധാനമുള്ള സ്‌റ്റേഡിയങ്ങള്‍ ഒരുക്കി ഖത്തര്‍ മറുപടി നല്‍കി. കാല്‍പ്പന്ത് മാമാങ്കത്തിനായി ഇത്തിരിക്കുഞ്ഞന്‍ രാജ്യത്തേക്ക് ലോകം മുഴുവന്‍ ഒഴുകിയെത്തിയപ്പോള്‍ യാതൊരുവിധ പ്രതിസന്ധികളുമുണ്ടാകാതെ മികച്ച സംഘാടനമികവുമായി നിറഞ്ഞ ചിരിയോടെയാണ് ഖത്തര്‍ സ്വീകരിച്ചത്.
പതിനൊന്നു വര്‍ഷത്തിനപ്പുറം 2034-ലെ ഫുട്‌ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സൗദിക്ക് മുന്നില്‍ ഖത്തര്‍ ഒരു മാതൃകയാണ്. അറബ് സംസ്‌കാരത്തിന്റെ തനത് പൈതൃകം പേറുന്ന സൗദിയില്‍ ഒരു ലോകകപ്പ് നടക്കുമ്പോള്‍ അത് ഖത്തര്‍ ഒരുക്കിയ വിസ്മയത്തിനും അപ്പുറം ആകണമെന്ന് ഒരോ സൗദി പൗരനും ആഗ്രഹിക്കുന്നതില്‍ അദ്ഭുതമില്ല. തയാറടുപ്പുകള്‍ ഇപ്പോഴേ തന്നെ സല്‍മാന്‍ രാജകുമാരന്‍ തുടങ്ങിക്കഴിഞ്ഞു.
അതിന്റെ ആദ്യപടിയായി പുതുതായി ഒരു നഗരം തന്നെ നിര്‍മിക്കാനാരുങ്ങുകയാണ് സൗദി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ താബുക്കില്‍ 'നിയോം' എന്ന പേരില്‍ നിര്‍മിക്കുന്ന ഭാവി നഗരം ആഗോള കായികമേഖലയുടെ തലസ്ഥാനമാകുമെന്നാണ് സൗദി രാജകുമാരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പും ഒളിമ്പിക്‌സും മുന്നില്‍ക്കണ്ടാണ് പുതിയ നഗരത്തിന്റെ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഖത്തറില്‍ നടന്നതിനേക്കാള്‍ വലിയ ലോകകപ്പായിരിക്കും സൗദിയില്‍ അരങ്ങേറുകയെന്നത് ഉറപ്പാണ്. കാരണം പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം അപ്പോഴേക്കും 32-ല്‍ നിന്ന് 42 ആയി ഉയരും. കൂടുതല്‍ ടീമുകള്‍ വരുന്നതോടെ ലോകകപ്പ് കാണാന്‍ എത്തുന്ന ആരാധകരുടെ എണ്ണവും കൂടും. ഒളിമ്പിക്‌സ് വേദിയാകാന്‍ കഴിഞ്ഞാല്‍ അതിലേറെ ആളുകളെ ഉള്‍ക്കൊള്ളേണ്ടി വരും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് 26,600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ആധുനിക നഗരം നിര്‍മിക്കുന്നത്.
വിമാനത്താവളം, ആധുനിക സംവിധാനങ്ങളുള്ള സ്‌റ്റേഡിയങ്ങള്‍, കായിക താരങ്ങള്‍ക്കും ടീമുകള്‍ക്കും താമസിക്കാനുള്ള വില്ലേജുകള്‍, ആരാധകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടിയുള്ള ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍, ഗ്ലോബല്‍ ട്രേഡ് ഹബുകള്‍, ഒഴുകുന്ന വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുമായാണ് നഗരം ഒരുങ്ങുന്നത്.
ഇതിനു പുറമേ ലോകകപ്പിനു വേണ്ടി പുതിയ അത്യാധുനിക സ്‌റ്റേഡിയങ്ങളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. നിലവില്‍ റിയാദിലെ 68,752 പേര്‍ക്ക് ഇരിക്കാവുന്ന കിങ് ഫഹദ് രാജ്യാന്തര സ്‌റ്റേഡിയമാണ് സൗദിയിലെ പ്രധാന ഫുട്‌ബോള്‍ സ്‌റ്റേഡിയം. അല്‍ ഹിലാല്‍, അല്‍ ഷബാബ് എന്നീ ക്ലബുകളുടെ ഹോം സ്‌റ്റേഡിയമാണിത്. ജിദ്ദയിലെ 65,000 പേരെ ഉള്‍ക്കൊള്ളുന്ന കിങ് അബ്ദുള്ള സ്‌റ്റേഡിയമാണ് മറ്റൊരു പ്രധാന സ്‌റ്റേഡിയം. അല്‍ അഹ്ലി, അല്‍ ഇത്തിഹാദ് എന്നീ ക്ലബുകളുടെ ഹോം ഗ്രൗണ്ടാണിത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന അല്‍ നസറിന്റെ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയമടക്കം ഒമ്പതോളം സ്‌റ്റേഡിയങ്ങള്‍ വേറെയും സൗദിയിലുണ്ട്. എന്നാല്‍ ഇവയെല്ലാം സീറ്റിങ് കപ്പാസിറ്റിയില്‍ 30,000-ലും താഴെയാണ്. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് അത് അനുയോജ്യമല്ലാത്തതിനാല്‍ ഈ സ്‌റ്റേഡിയങ്ങള്‍ എല്ലാം നവീകരിക്കുകയാണ് സൗദിയുടെ പ്രഥമ ലക്ഷ്യം. പുതിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനു പുറമേ നിലവിലുള്ളവ ലോകത്തിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ളതാക്കി മാറ്റുമെന്നും സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകകപ്പിന് ഒരുങ്ങാന്‍ കൃത്യം 11 വര്‍ഷമാണ് സൗദിക്ക് മുന്നിലുള്ളത്. എണ്ണപ്പണം എറിഞ്ഞ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടൂര്‍ണമെന്റിന് ആതിഥ്യമരുളാനാകും സൗദിയുടെ ശ്രമം. അത് ഏഷ്യന്‍ വന്‍കരയിലാകാമാനം ഫുട്‌ബോള്‍ വികസനത്തിന് എണ്ണപകരുമെന്ന് പ്രതീക്ഷിക്കാം.