ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും 2024 പാരീസ് ഒളിമ്പിക്‌സിനുമായി ഇന്ത്യന്‍ അത്‌ലറ്റുകള്‍ കഠിന പരിശീലനം നടത്തുന്ന വര്‍ഷത്തില്‍ കായിക മേഖലയ്ക്കായി 700 കോടിയുടെ അധിക വിഹിതം മാറ്റിവച്ച് കേന്ദ്ര ബജറ്റ്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച 2023-24 ബജറ്റില്‍ 3,397.32 കോടി രൂപയാണ് കായിക രംഗത്തിനായി മാറ്റിവച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 723.97 കോടിരൂപയാണ് ഇത്തവണത്തെ അധിക വിഹിതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2673.35 കോടിയാണ് ഈമേഖലയ്ക്കു നല്‍കിയത്. യഥാര്‍ത്ഥത്തില്‍ 3062.60 കോടിയായിരുന്നു കായിക മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസ് കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്കു മാറ്റിയതോടെ 389.25 കോടി കുറച്ചാണ് നല്‍കിയത്.
ആ കുടിശിക ഉള്‍പ്പടെ 723.97 രൂപയാണ് ഇക്കുറി കൂടുതലായി അനുവദിച്ചത്. കേന്ദ്ര ബജറ്റില്‍ സ്‌പോര്‍ട്‌സ് മേഖലയ്ക്കായി അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന വിഹിതമാണ് ഇത്തവണത്തേത്.
ബജറ്റില്‍ ഖേലോ ഇന്ത്യ പ്രോഗ്രാമിനായി ഏറ്റവും കൂടുതല്‍ തുക മാറ്റിവച്ചിരിക്കുന്നത്. 1045 കോടിയാണ് ഇത്തവണ ഖേലോ ഇന്ത്യയ്ക്കുള്ള വിഹിതം. കഴിഞ്ഞ വര്‍ഷം ഇത് 606 കോടി രൂപയായിരുന്നു.
ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയ്ക്കുള്ള തയാറെടുപ്പുകള്‍ക്കും േപരിശീലന സൗകര്യമൊരുക്കലുകള്‍ക്കുമെല്ലാമായി 439 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.
കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കായിക താരങ്ങള്‍ക്ക് പരിശീല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും വിദഗ്ധ പരിശീലകരെ നിയമിക്കുന്നതിനും മറ്റുമായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇത്തവണ 36.09 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. 785.52 കോടിയാണ് സായിക്കുള്ള വിഹിതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 749.43 കോടിയായിരുന്നു.
വിവിധ കായിക ഫെഡറേഷനുകള്‍ക്കുള്ള വിഹിതത്തിലും വര്‍ധനയുണ്ട്. കഴിഞ്ഞ തവണത്തെ 280 കോടി രൂപയില്‍ നിന്നു 45 കോടി കൂടി വര്‍ധിപ്പിച്ച് 325 കോടിയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)ക്കും ദേശീയ ഡോപ് ടെസ്റ്റിങ് ലബോറട്ടറി(എന്‍.ഡി.ടി.എല്‍) എന്നിവയ്ക്കു ഇത്തവണ മുതല്‍ നേരിട്ട് ഫണ്ട് അനുവദിക്കുകയാണ് ചെയ്തത്.
നേരത്തെ സായ് മുഖേനയായിരുന്നു ഫണ്ട് വിഹിതം നല്‍കിയിരുന്നത്. ഇത്തവണ ബജറ്റില്‍ നാഡയ്ക്കായി 21.73 കോടി രൂപയും എന്‍.ഡി.ടി.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 19.50 കോടി രൂപയും പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് സയന്‍സിനും ശാസ്ത്രീയ പരിശീലനത്തിനും പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന് 13 കോടി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.