പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എം. ശ്രീശങ്കറിനു മെഡലില്ല. ആറു ശ്രമത്തില്‍ മൂന്നും ഫൗളാക്കി 7.96 മീറ്റര്‍ ദൂരം മാത്രം കണ്ടെത്തിയ ശ്രീശങ്കര്‍ ഏഴാം സ്ഥാനത്തേക്കാണ് ചാടിവീണത്.
യോഗ്യതാ റൗണ്ടില്‍ മറികടന്ന എട്ടുമീറ്റര്‍ ദൂരം പോലും കണ്ടെത്താനാകാതെയാണ് ശ്രീ മെഡലില്ലാതെ മടങ്ങുന്നത്. സീസണില്‍ ശ്രീശങ്കര്‍ കുറിച്ച 8.36 മീറ്റര്‍ ദൂരം കണ്ടെത്തിയ ചൈനീസ് താരം ജിയാനെന്‍ വാങ്ങിനാണ് സ്വര്‍ണം. 8.32 മീറ്റര്‍ താണ്ടിയ ഗ്രീക്ക് താരം മിലിറ്റാഡിസ് ടെന്റോഗ്ലു വെള്ളി നേടിയപ്പോള്‍ 8.16 മീറ്റര്‍ ദൂരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെറ സിമോണ്‍ ഇഹാമ്മര്‍ വെങ്കലമണിഞ്ഞു.
അമേരിക്കയിലെ ഓറിഗണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന പുരുഷന്മാരുടെ യോഗ്യതാ പോരാട്ടത്തില്‍ എട്ടുമീറ്റര്‍ ചാടിയാണ് ശ്രീ ഫൈനലിലേക്കു മുന്നേറിയത്. എന്നാല്‍ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല.
തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 7.96 മീറ്റര്‍ കണ്ടെത്തി പ്രതീക്ഷ നല്‍കിയ ശ്രീ പിന്നീട് പിന്നോക്കം പോകുന്നതാണ് കണ്ടത്. തുടര്‍ന്നുള്ള രണ്ടു ശ്രമങ്ങളും ഫൗള്‍ വരുത്തിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ മലയാളി താരത്തിനു നാലാം ശ്രമത്തില്‍ 7.89 മാത്രമേ താണ്ടാനായുള്ളു. അതിനോടകം എതിരാളികള്‍ ഏറെ മുന്നിലെത്തിയിരുന്നു. അഞ്ചാം ശ്രമവും ഫൗളായതോടെ അവസാന അവസരത്തില്‍ തന്റെ കരിയര്‍ ബെസ്റ്റ് പുറത്തെടുക്കേണ്ട അവസ്ഥയിലായി ശ്രീശങ്കര്‍.
എന്നാല്‍ ആ ശ്രമം 7.83 മീറ്ററില്‍ ഒതുങ്ങിയതോടെ പ്രതീക്ഷകള്‍ വീണുടഞ്ഞു. തന്റെ അവസാന ശ്രമത്തില്‍ 8.36 മീറ്റര്‍ താണ്ടിയ വാങ് അപ്രതീക്ഷിത പ്രകടനവുമായി സ്വര്‍ണമണിയുകയും ചെയ്തു. സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ശ്രീശങ്കര്‍ ഇന്നു കാഴ്ചവച്ചത്.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ജാവലിന്‍ താരം നീരജ് ചോപ്രയ്‌ക്കൊപ്പം ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തിയ താരമായിരുന്നു ശ്രീശങ്കര്‍. ഈ സീസണിലെ റെക്കോഡുകള്‍ വച്ച് ലോക റാങ്കിങ്ങില്‍ നാലാമതായിരുന്നു ശ്രീശങ്കര്‍. 8.36 മീറ്ററാണ് സീസണില്‍ താരത്തിന്റെ മികച്ച ദൂരം. ദേശീയ റെക്കോഡ് കൂടിയാണിത്.