TENNIS

വിംബിള്‍ഡണ്‍: ജോക്കോവിച്ച്-അല്‍കാരസ് ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍ ഇന്ന്

ഇതു മൂന്നാം തവണയാണ് അല്‍കാരസും ജോക്കോവിച്ചും ടെന്നീസ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനു മുമ്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം വീതം പങ്കിടുകയായിരുന്നു.

വെബ് ഡെസ്ക്

വിംബിള്‍ഡണ്‍ കിരീടത്തിനായി ലോക ടെന്നീസിന്റെ ഇപ്പോഴത്തെ ചക്രവര്‍ത്തി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും യുവരാജാവ് സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസും ഇന്നു കൊമ്പുകോര്‍ക്കും. 36-കാരനായ ജോക്കോവിച്ച് തന്റെ 35-ാം മേജര്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണ് ഇറങ്ങുന്നത്. അല്‍കാരസാകട്ടെ തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനും.

'ഓപ്പണ്‍ യുഗ'ത്തില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിക്കുന്ന താരമെന്ന റെക്കോഡുമായാണ് ജോക്കോവിച്ച് കളത്തിലിറങ്ങുന്നത്. 34 ഫൈനല്‍ കളിച്ച അമേരിക്കന്‍ വനിതാ താരം സെറീന വില്യംസിന്റെ റെക്കോഡാണ് ഇത്തവണത്തെ ഫൈനല്‍ പ്രവേശനത്തിലൂടെ ജോക്കോവിച്ച് സ്വന്തം പേരിലാക്കിയത്. ഇതുവരെ കളിച്ച 34 ഫൈനലുകളില്‍ 23-ഉം ജയിച്ച ജോക്കോവിച്ച് തന്നെയാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ താരവും.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ഇറ്റാലിയന്‍ താരം യാന്നിക് സിന്നറിനെയാണ് ജോക്കോവിച്ച് തോല്‍പിച്ചത്. സ്‌കോര്‍ 6-3, 6-4, 7-6. ഏഴു തവണ വിംബിള്‍ഡണ്‍ ചൂടിയിട്ടുള്ള ജോക്കോവിച്ച് തുടര്‍ച്ചയായ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. യാന്നിക്കിനെതിരായ സെമിയിലെ ജയം സെന്റര്‍ കോര്‍ട്ടില്‍ ജോക്കോവിച്ച് നേടുന്ന തുടര്‍ച്ചയായ 34-ാം ജയം കൂടിയായിരുന്നു. 2018 മുതല്‍ സെന്റര്‍ കോര്‍ട്ടില്‍ ജോക്കോവിച്ച് തോല്‍വിയറിഞ്ഞിട്ടില്ല.

മറുവശത്ത് യുവത്വത്തിന്റെ ചുറുചുറുക്കിലാണ് അല്‍കാരസ് ജോക്കോയെ നേരിടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നോര്‍വെ താരം കാസ്പര്‍ റൂഡിനെ തോല്‍പിച്ച് യു.എസ്. ഓപ്പണ്‍ നേടി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ അല്‍കാരസ് രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ മൂന്നാം സീഡ് റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദവിനെയാണ് അല്‍കാരസ് തോല്‍പിച്ചത്. സ്‌കോര്‍ 6-3, 6-3, 6-3.

ഇതു മൂന്നാം തവണയാണ് അല്‍കാരസും ജോക്കോവിച്ചും ടെന്നീസ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനു മുമ്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. 2022-ല്‍ മാഡ്രിഡ് മാസ്‌റ്റേഴ്‌സിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍. കളിമണ്‍ കോര്‍ട്ടില്‍ അന്ന് ജോക്കോവിച്ചിനെ വീഴ്ത്താന്‍ അല്‍കാരസിനായി.

പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ വന്നത് ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിലായിരുന്നു. അന്നു പരുക്ക് വകവയ്ക്കാതെ കളിച്ച അല്‍കാരസിനെ തോല്‍പിച്ച് ജോക്കോവിച്ച് ഫൈനലിലേക്കു മുന്നേറിയിരുന്നു. ആ തോല്‍വിക്ക് പകരം വീട്ടാനാണ് സ്പാനിഷ് താരം ഇന്നു ലക്ഷ്യമിടുന്നത്.

അതേസമയം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാമിലേക്കുള്ള ലക്ഷ്യത്തിലാണ് ജോക്കോവിച്ച്. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ ജോക്കോവിച്ചിന് ഇക്കുറി കലണ്ടര്‍ സ്ലാം സാധ്യത കല്‍പിക്കുന്നുണ്ട്. ഇന്നു ജയിച്ചു വിംബിള്‍ഡണ്‍ നേടിയാല്‍ പിന്നീട് യുഎസ് ഓപ്പണില്‍ ആ നേട്ടം സ്വന്തമാക്കാനാകുമെന്നാണ് ജോക്കോവിച്ചിന്റെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ 1988-ല്‍ സ്‌റ്റെഫി ഗ്രാഫ് കൈവരിച്ചതിനു ശേഷം കലണ്ടര്‍ സ്ലാം സ്വന്തമാക്കുന്ന ആദ്യ താരമാകും ജോക്കോ. 2021-ലും സെര്‍ബിയന്‍ താരം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടത്തിന് അരികിലെത്തിയിരുന്നു. അന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ചൂടിയ ജോക്കോ പക്ഷേ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ മെദ്‌വെദവിനോട് പരാജയപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ