ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം ചൂടി ബെലാറുസ് താരം അരീന സബലെങ്ക. കസാഖിസ്ഥാന്റെ എലേന റെയ്ബാക്കിനയെ തോല്‍പ്പിച്ചാണ് താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം. ആദ്യ സെറ്റ് കൈവിട്ടശേഷമാണ് സബലെങ്ക കളിയിലേക്ക് തിരിച്ചുവന്നത്. സ്‌കോര്‍: 4-6, 6-3, 6-4. ഗ്രാന്‍ഡ്സ്ലാം നേട്ടത്തോടെ താരം ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി.
നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ റെയ്ബാക്കിന ആദ്യ സെറ്റില്‍ മുന്നേറ്റം പ്രഖ്യാപിച്ചെങ്കിലും രണ്ടാം സെറ്റ് മുതല്‍ സബലെങ്ക കളിയില്‍ ശക്തമായി തിരിച്ചു വന്നു. രണ്ടാം സെറ്റില്‍ ആദ്യ ഗെയിമുകളില്‍ തന്നെ സബലെങ്ക ആധിപത്യം സ്ഥാപിച്ചുതുടങ്ങി. എലേന തിരിച്ചു വരുമെന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും, സബലെങ്കയുടെ തിരിച്ചടിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. മൂന്നാമത്തെ സെറ്റില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും ആറാം ഗെയിം മുതല്‍ സബലെങ്ക മുന്നേറ്റം നിലനിര്‍ത്തുകയായിരുന്നു. മൂന്നാം സെറ്റും 6-4 ന് സ്വന്തമാക്കിയതോടെ റെയ്ബാക്കിനയെ വീഴ്ത്തി തന്റെ കന്നി ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ടു.
സെമിയില്‍ മഗ്ദ ലിനറ്റിനെ 7-6, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അരിന സബലെങ്ക ഫൈനലില്‍ എത്തുന്നത്. മറുവശത്ത് എലേന റെയ്ബാക്കിന 7-6, 6-3ന് വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.