2001, ജൂലൈ 2... ഓള്‍ ഇംഗ്ലണ്ട് ക്ലബിലെ വിഖ്യാതമായ പുല്‍ക്കോര്‍ട്ട്. എല്ലാം തുടങ്ങിയത് അവിടെ നിന്നായിരുന്നു. അന്ന് ആ ദിനമാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ഒരു 19-കാരന്‍ ഏഴു തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പീറ്റ് സാംപ്രസിനെ നാലാം റൗണ്ടില്‍ അട്ടിമറിക്കുന്നത്. റോജര്‍ ഫെഡറര്‍ എന്ന ആ പേരിനൊപ്പം അന്ന് ഒരേയൊരു എടിപി കിരീടം മാത്രമായിരുന്നുണ്ടായിരുന്നത്. തന്റെ കരിയറിന്റെ അന്ത്യത്തിലായിരുന്നുവെങ്കിലും സാംപ്രസ് അന്നു ലോക ആറാം നമ്പര്‍ താരമായിരുന്നു, മാത്രമല്ല അന്ന് ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ വ്യക്തിയും.
അഞ്ചു സെറ്റുകള്‍ നീണ്ട ആ മത്സരം ഇന്നും സെന്റര്‍ കോര്‍ട്ടില്‍ നടന്ന ക്ലാസിക് മത്സരങ്ങളുടെ പട്ടികയിലുണ്ട്. ടെന്നീസ് ലോകത്തെ ചക്രവര്‍ത്തി പദം ഒരു തലമുറയില്‍ നിന്നു മറ്റൊരു തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഒരു സൂചകമായിരുന്നു ആ മത്സരം. ആവേശപ്പോരാട്ടത്തിനൊടുവില്‍ സാംപ്രസ് തന്നെക്കാര്യം തുറന്നു പറയുകയും ചെയ്തു. '' ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ എനിക്കു തോന്നുന്നു ഇവനില്‍ എന്തോ പ്രത്യേകതയുണ്ട്. ഇവന്‍ ഇവിടെ നിര്‍ത്തില്ല'' -പിസ്റ്റള്‍ പീറ്റ് പറഞ്ഞു.
സാംപ്രസ് അന്നു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ അച്ചട്ടായി. അവന്‍ അവിടം കൊണ്ടു നിര്‍ത്തിയില്ല. പക്ഷേ 21 വര്‍ഷത്തിനു ശേഷം ഇന്ന് ആ കുതിപ്പിന് പൂര്‍ണവിരാമം വീണു. രണ്ടു പതിറ്റാണ്ടിനിടയില്‍ ഫെഡറര്‍ ടെന്നീസ് പ്രേമികള്‍ക്കു സമ്മാനിച്ച അസുലഭ മുഹൂര്‍ത്തങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനാകില്ല. ടെന്നീസ് കോര്‍ട്ട് കണ്ട എക്കാലത്തെയും മികച്ച താരമാണോ ഫെഡറര്‍ എന്നതില്‍ ആരാധകര്‍ക്ക് തര്‍ക്കിക്കാം. പക്ഷേ, കോര്‍ട്ടില്‍ തന്റെ ക്ഷുഭിത യൗവനത്തെ മെരുക്കിയ നാള്‍ മുതുല്‍ ഇന്നുവരെ ടെന്നീസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന റോള്‍ ഭംഗിയായി നിര്‍വഹിച്ചാണ് ഫെഡറര്‍ റാക്കറ്റ് താഴ്ത്തുന്നത്.
മറ്റൊരു താരവും ഇത്രയേറെ ജനപ്രീതിയാര്‍ജിച്ചിട്ടില്ലെന്നു നിസ്തര്‍ക്കം പറയാം. റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും ഫെഡററേക്കാള്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയിട്ടുണ്ടാകാം. എന്നാല്‍ ടെന്നീസ് എന്ന ഗെയിം ആഗ്രഹിക്കുന്ന തരത്തില്‍, അതിന്റെ മാന്യതയ്ക്കുള്ളില്‍ നിന്നു കോര്‍ട്ടിനകത്തും പുറത്തും ഒരു താരം എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്ന ഒരു പാഠശാലയായിരുന്നു ആരാധകര്‍ക്കും വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്കും ഫെഡറര്‍.
അതാണ് ഫെഡററെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. കോര്‍ട്ടിനു പുറത്തെ കുലീനമായ പെരുമാറ്റമില്ലായിരുന്നെങ്കില്‍ കോര്‍ട്ടിനകത്തെ ഫെഡറര്‍ ബ്രില്യന്‍സിന് ഇത്രകണ്ട് സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. കോര്‍ട്ടിലേക്ക് ഫെഡററെ അകമ്പടി സേവിച്ച് ഒരു വിവാദവും രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടയില്‍ കടന്നുവന്നിട്ടില്ല.
കോര്‍ട്ടിനകത്തും അയാള്‍ എന്നും വ്യത്യസ്ത പുലര്‍ത്തിയിരുന്നു. സര്‍വുകളില്‍ കൊടുങ്കാറ്റിന്റെ കരുത്താവാഹിക്കുന്നവനോ, സമ്മര്‍ദ്ദങ്ങളില്‍ തളരാതെ പോരാടുന്ന നിശ്ചയദാര്‍ഡ്യമോ ഒന്നും ആ മുഖത്ത് കാണാന്‍ കഴിഞ്ഞേക്കില്ല. പകരം കാണാനാകുക ഒരു നര്‍ത്തകന്റെ മെയ്‌വഴക്കവും ചാരുതയുമാണ്. കണ്ണെത്തുന്നിടത്ത് മെയ്യും മെയ് എത്തുന്നിടത്ത് മനസുമെത്തിച്ചു ചുവടുപിഴയ്ക്കാതെയുള്ള നീക്കങ്ങളുമായി അയാള്‍ കോര്‍ട്ടില്‍ നൃത്തമാടുകയായിരുന്നു, ടെന്നീസ് എന്ന ഗെയിമിനെ മറ്റാരേക്കാളും നന്നായി മനസിലാക്കിയവന്റെ ആനന്ദനൃത്തം.
21 വര്‍ഷത്തിനിടയില്‍ ആ ചുവടുകള്‍ കൊണ്ട് അളന്നു കീഴപ്പെടുത്തിയത് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ്. തനിക്കു മുന്നേ നടന്നവര്‍ സ്ഥാപിച്ചു വച്ച നേട്ടങ്ങള്‍ ഒന്നൊഴിയാതെ സ്വന്തം പേരില്‍ കുറിക്കാന്‍ ഫെഡറര്‍ക്കായി. അതീവ ചാരുതയുള്ള തന്റെ ട്രേഡ്മാര്‍ക്ക് ബാക്ക് ഹാന്‍ഡ് ഷോട്ടുകള്‍ കൊണ്ട് ഫെഡറര്‍ കുറിച്ചിട്ടത് അനവധി റെക്കോഡുകളുമാണ്.
ലോക ടെന്നീസിലെ ഏറ്റവും വലിയ പോരാട്ടമായ വിംബിള്‍ഡണിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന പേരും നേടിയാണ് മടക്കം. 1998-ല്‍ ജൂനിയര്‍ ചാമ്പ്യനായി ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബിന്റെ നടുമുറ്റത്ത് നിന്ന ഫെഡറര്‍ 41-ാം വയസില്‍ റാക്കറ്റ് താഴ്ത്തുമ്പോള്‍ പേരിലുള്ളത് എട്ട് സീനിയര്‍ വിംബിള്‍ഡണ്‍ കിരീടങ്ങള്‍. ഒരുപക്ഷേ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടം. 310 ആഴ്ച ടെന്നീസ് റാങ്കിങ്ങിന്റെ തലപ്പത്തിരുന്നതിന്റെ പെരുമയും സ്വിസ് താരത്തിനു സ്വന്തം.
2018 ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് അവസാനമായി ആ നൃത്തം ആരാധകര്‍ ആസ്വദിച്ചത്. 2017-ല്‍ എട്ടാം തവണയും വിംബിള്‍ഡണ്‍ നേടുമ്പോള്‍ പോലും ഇത്രവേഗം ആ കരിയര്‍ അവസാനിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. എന്നാല്‍ അതേ പുല്‍ത്തകിടിയില്‍ തൊട്ടടുത്ത വര്‍ഷം കനേഡിയന്‍ താരം മിലോസ് റായോനിക്കിനെതിരായ മത്സരത്തില്‍ നേരിട്ട പരുക്ക് ആ കരിയറിന് അവസാനം കുറിച്ചു.
നീണ്ട കരിയറില്‍ അതിനു മുമ്പ് ഒരിക്കല്‍പ്പോലും ഫെഡററെ പരുക്ക് അലട്ടിയിരുന്നില്ല. ചിരവൈരിയായ റാഫേല്‍ നദാലിനെ പലപ്പോഴും ഒന്നിനു പിറകെ ഒന്നായി പരുക്കുകള്‍ വേട്ടയാടിയപ്പോഴും പരുക്കുകള്‍ക്ക് തൊടാനാകാത്ത തരത്തില്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാന്‍ ഫെഡറര്‍ക്ക് എന്നും കഴിഞ്ഞിരുന്നു.
ഫെഡററിനു മുന്നില്‍ ഇനി വിടവാങ്ങല്‍ മത്സരം മാത്രം ശേഷിക്കുമ്പോള്‍ ടെന്നീസില്‍ വീണ്ടും യുഗാന്ത്യമാണ് കുറിക്കാനൊരുങ്ങുന്നത്. ആഴ്ചകള്‍ക്കു മുമ്പ് വനിതാ ടെന്നീസ് റാണി സെറീനാ വില്യംസ് കളമൊഴിഞ്ഞു, ഇപ്പോള്‍ പുരുഷ ഇതിഹാസം ഫെഡററും. ആധുനിക ടെന്നീസിലെ സുവര്‍ണതലമുറയില്‍ ഇനി ശേഷിക്കുന്നത് റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ മാത്രം. അവര്‍ ഇനിയെത്ര നാള്‍ കൂടിയെന്നാകും ആരാധകര്‍ ആശങ്കപ്പെടുന്നത്.
ടെന്നീസ് കോര്‍ട്ടില്‍ സൗമ്യതയുടെ പര്യായമായിരുന്ന സാംപ്രസ് വിടപറഞ്ഞപ്പോള്‍ പകരം ഒരു ഫെഡറര്‍ ഉണ്ടായിരുന്നു. സാംപ്രസിന്റെ നേര്‍ വിപരീതമായിരുന്ന ആന്ദ്രെ അഗാസി വിട പറഞ്ഞപ്പോള്‍ പകരം നദാലും. സാംപ്രസ്-അഗാസി പോരാട്ടങ്ങള്‍ കണ്ണിമചിമ്മാതെ കാത്തിരുന്നു കണ്ട ആരാധകര്‍ പിന്നീട് ഫെഡറര്‍-നദാല്‍ പോരാട്ടങ്ങള്‍ക്കായിരുന്ന വൈരില്‍ നഖം കടിച്ചുതിന്നത്. ആ ബാറ്റണ്‍ ഇനി മറ്റേതെങ്കിലും താരങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെടും. പക്ഷേ, ഫെഡറര്‍ എന്നും ടെന്നീസ് കോര്‍ട്ടിനൊരു നഷ്ടമായി തന്നെ തുടരും...