യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ. അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെയാണ് സിന്നർ പരാജയപ്പെടുത്തിയത്. ആദ്യ മൂന്നുസെറ്റുകളും കരസ്ഥമാക്കിയായിരുന്നു ജയം. ലോക ഒന്നാം നമ്പർ താരത്തിന്റെ ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.
കളിയുടെ തുടക്കം മുതൽ കോർട്ടിൽ ആധിപത്യം സ്ഥാപിച്ച സിന്നർ, ആദ്യ രണ്ട് സീറ്റുകളും നിഷ്പ്രയാസം നേടിയെടുക്കുകയായിരുന്നു. മൂന്നാം സെറ്റിൽ മാത്രമാണ് ഫ്രിറ്റ്സ് ഒരു ജയപ്രതീക്ഷ ഉണ്ടാക്കിയത്. പക്ഷെ സിന്നർ വീണ്ടും കളി തിരിച്ചുപിടിച്ചു. 6-3,6-4,7-5 എന്നിങ്ങനെയായിരുന്നു സ്കോർ.
ലോകറാങ്കിങ്ങിലെ പന്ത്രണ്ടാം നമ്പർ താരമാണ് അമേരിക്കയുടെ ഫ്രിറ്റ്സ്. 2009ന് ശേഷം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം കിരീടപോരാട്ടത്തിന്റെ ഫൈനലിൽ യുഎസ് പുരുഷ താരമെത്തുന്നത്. അതിന്റെ ആവേശം ന്യൂയോർക്കിലെ ഫ്ളഷിങ് മെഡോസിൽ പ്രകടമായിരുന്നു. 21 വർഷത്തെ കിരീട വരൾച്ചയ്ക്ക് ഫ്രിറ്റ്സിലൂടെ അന്ത്യം കാണാമെന്ന് കരുതിയിരുന്നെങ്കിലും മികച്ച ഫോമിലുണ്ടായിരുന്ന ഇറ്റാലിയൻ താരം പ്രതീക്ഷകളെ തുടക്കം മുതൽ തച്ചുടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന യു എസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ അരീന സബലേങ്കയും കിരീടം സ്വന്തമാക്കിയിരുന്നു. 2024ലെ യു എസ്, ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടങ്ങളെന്ന നേട്ടവും ഇരുവരും കരസ്ഥമാക്കിയിട്ടുണ്ട്.