യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ കടന്നു. ഇന്നു നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു തറപറ്റിച്ചായിരുന്നു നദാലിന്റെ മുന്നേറ്റം. സ്‌കോര്‍ 2-6, 6-4, 6-2, 6-1.
ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സ്പാനിഷ് താരത്തിന്റെ മിന്നുന്ന പ്രകടനം. നദാലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്താണ് ഫോഗ്നിനി തുടങ്ങിയത്. ഇതിഹാസ താരത്തിന്റെ സര്‍വ് തുടരെ ബ്രേക്ക് ചെയ്ത് ഇറ്റാലിയന്‍ യുവതാരം ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി.
എന്നാല്‍ ആദ്യ റൗണ്ടിലേതിനു സമാനമായി നദാല്‍ വൈകി ഫോമിലേക്കുയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റില്‍ ഫോഗ്നിനിയെ ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലൂടെയും വേഗതയേറിയ റിട്ടേണുകളിലൂടെയും താളം തെറ്റിച്ച നദാല്‍ 6-4ന് സെറ്റ് സ്വന്തമാക്കി ഒപ്പമെത്തി. പിന്നീട് സ്പാനിഷ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. എതിരാളിക്ക് ഒരവസരവും നല്‍കാതെ കളിച്ച താരം മൂന്നും നാലും സെറ്റുകള്‍ യഥാക്രമം 6-2, 6-1 എന്ന സ്‌കോറില്‍ നേടിയ മത്സരം സ്വന്തമാക്കുകയായിരുന്നു.
ഫോഗ്നിനിക്കെതിരേ ഇത് നദാലിന്റെ 14-ാം വിജയമാണ്. ഇതുവരെ 18 തവണ ഏറ്റുമുട്ടിയപ്പോള്‍ വെറും നാലു തവണ മാത്രമാണ് ഇറ്റാലിയന്‍ താരത്തിന് നദാലിനെ വീഴ്ത്താനായത്. അതില്‍ രണ്ടു തവണയും യുഎസ് ഓപ്പണിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പരുക്കിന്റെ നിഴലിലാണ് നദാല്‍ ഇത്തവണ യുഎസ് ഓപ്പണില്‍ കളിക്കാനിറങ്ങിയത്. വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ നിക് കിര്‍ഗിയോസിനെതരെയുള്ള മത്സരത്തിനിടെ പരുക്കിനെത്തുടര്‍ന്നു താരം മത്സരത്തില്‍ നിന്നു പിന്മാറിയിരുന്നു.