ഇന്ത്യന്‍ വെല്‍സ് മാസ്റ്റേര്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ജേതാക്കള്‍. ടെന്നീസ് പറുദീസയില്‍ ലോക ഒന്നാം നമ്പര്‍ വെസ്ലി കൂള്‍ഹോഫ്-നീല്‍ സ്‌കുപ്‌സ്‌കി സഖ്യത്തെ തോല്‍പ്പിച്ചാണ് ഇവർ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-3, 2-6, 10-8
ഇതോടെ 43 വയസുകാരനായ ബൊപ്പണ്ണ മാസ്റ്റേര്‍സ് 1000 ഡബിള്‍സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. തന്റെ മുന്‍ പങ്കാളിയായിരുന്ന കാനഡയുടെ ഡാനിയല്‍ നെസ്റ്ററിനെ മറികടന്നാണ് ബൊപ്പണ്ണയുടെ നേട്ടം. രോഹന്‍ ബൊപ്പണ്ണയുടെ അഞ്ചാമത്തെ മാസ്റ്റേര്‍സ് 1000 ഡബിള്‍സ് കിരീടമാണ് ഇന്ന് സ്വന്തമാക്കിയത്. 2017 ല്‍ മോണ്ടെ കാര്‍ലോയില്‍ ജയിച്ചതിന് ശേഷമുള്ള ആദ്യ കിരീടമാണ് ഇത്. ഇന്ത്യ-ഓസ്‌ട്രേലിയന്‍ സഖ്യത്തിന്റെ ഈ വര്‍ഷത്തെ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്.
ബൊപ്പണ്ണയുടെ പത്താമത്തെ എടിപി മാസ്റ്റേഴ്‌സ് 1000 ഫൈനലായിരുന്നു ഇത്
ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ- എബ്ഡാന്‍ സഖ്യം ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായത്. ബൊപ്പണ്ണയുടെ പത്താമത്തെ എടിപി മാസ്റ്റേഴ്‌സ് 1000 ഫൈനലായിരുന്നു ഇത്. മുന്‍ ലോക മൂന്നാം നമ്പര്‍ താരമായ ബൊപ്പണ്ണ കിരീട നേട്ടത്തോടെ എടിപി ലൈവ് ഡബിള്‍സ് റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11ആം സ്ഥാനത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ ജോണ്‍ ഇസ്‌നര്‍- ജാക്ക് സോക്ക് സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യ-ഓസ്‌ട്രേലിയ സഖ്യം ഫൈനലില്‍ കടന്നത്.