കരിയറിലെ അവസാന ടൂര്‍ണമെന്റിനിറങ്ങിയ അമേരിക്കൻ ഇതിഹാസം സെറീന വില്യംസിന് വിജയത്തുടക്കം. ഒന്നാം റൗണ്ടിൽ സെറീന, ഡങ്ക കോവിനികിനെ 6-3, 6-3, എന്ന സ്കോറിനാണ് തോൽപ്പിച്ചത്. രണ്ടാം റൗണ്ടിൽ ടൂർണമെന്റിലെ രണ്ടാം സീഡ് അനെറ്റ് കോണ്ടവീറ്റാണ് സെറീനയുടെ എതിരാളി.
വനിതകളുടെ മറ്റ് മത്സരത്തിൽ ഏഴാം സീഡ് സിമോണ ഹാലെപ് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. യുക്രെയിന്‍ താരം ഡാരിയ സ്നിഗുറാണ് സിമോണയെ തോൽപ്പിച്ചത്. സ്കോർ 6-2,0-6,6-4. അമേരിക്കൻ താരം കൊക്കോ ഗൗഫ് ആദ്യ റൗണ്ടിൽ വിജയിച്ചു. ലിയോലിയ ജീൻജീനെ 6-2, 6-3 എന്ന സ്കോറിന് തോൽപ്പിച്ചാണ് അമേരിക്കൻ യുവതാരത്തിന്റെ മുന്നേറ്റം.
പുരുഷ വിഭാഗത്തിൽ ആൻഡി മറെയ്ക്ക് പുറമെ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വദേവ്, നിക്ക് കിർഗിയോസ്, തുടങ്ങിയ പ്രമുഖർ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ. സ്റ്റെഫാനോസ് സിറ്റ്സിപാസ്, സ്റ്റാൻ വാവ്റിങ്ക എന്നിവർക്ക് അടിപതറി. 7-5, 6-3, 6-3 എന്ന സ്കോറിനായിരുന്നു ആൻഡി മറെയുടെ ജയം. റഷ്യൻ താരം മെദ്‌വദേവ് അമേരിക്കയുടെ സ്റ്റെഫാൻ കോസ്ലോവിനെ 6-2, 6-4, 6-0 എന്ന സ്കോറിന് തോൽപ്പിച്ചു. കിർഗിയോസ് ഓസ്‌ട്രേലിയയുടെ തന്നെ തനാസി കൊക്കിനാകിസിനെ 6-3, 6-4, 7-6 നാണ് മറികടന്നത്.
പുരുഷ വിഭാഗം നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് പുറത്തായതാണ് ആദ്യ ദിനത്തിലെ പ്രധാന അട്ടിമറി. ആദ്യ മത്സരത്തിൽ കൊളംബിയൻ താരം ഡാനിയൽ ഇലാഹി ഗലൻ ആണ് സിറ്റ്സിപാസിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു കൊളംബിയൻ താരത്തിന്റെ ജയം. സ്കോർ 6-3,6-1,6-3,7-5. സ്റ്റാൻ വാവ്റിങ്ക കോറെന്റിൻ മൗട്ടെറ്റുമായുള്ള മത്സരത്തിനിടയിൽ പരിക്കുമൂലം പിന്മാറുകയായരുന്നു . 6-4,7-6 എന്ന സ്കോറിന് മൗട്ടെറ്റ് മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു വാവ്റിങ്കയുടെ പിന്മാറ്റം.