ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പ് വേദികളും സമയക്രമവും പ്രഖ്യാപിച്ച് ഐസിസി. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ലോകകപ്പിന് വേദിയാകില്ല. സന്നാഹ മത്സരം മാത്രമാണ് ഇവിടെ നടക്കുക. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകും. നവംബര്‍ 19നാണ് ഫൈനല്‍ പോരാട്ടം.
ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ഏറ്റുമുട്ടലോടെ മത്സരത്തിന് തുടക്കം കുറിക്കും. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ആദ്യ സെമി ഫൈനല്‍ നവംബര്‍ 15ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലുമാണ് നടക്കുക. 12 വേദികളിലായാണ് മത്സരങ്ങള്‍. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഡല്‍ഹി, ബെംഗളുരു, പൂനെ, ധരംശാല, ഹൈദരബാദ്, ലഖ്‌നൗ എന്നിവയാണ് മറ്റ് മത്സരവേദികള്‍. തിരുവനന്തപുരത്തോടൊപ്പം ഗുവാഹത്തിയും പരിശീലന മത്സരങ്ങള്‍ക്ക് വേദിയാകും.
ലോകകപ്പ് ട്രോഫി ടൂറിന് ഇന്ന് തുടക്കമായി. കുവൈറ്റ്, ബഹ്റൈന്‍, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാന്‍സ്, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളിലാണ് ട്രോഫി പര്യടനം. സെപ്റ്റംബര്‍ നാലിന് ട്രോഫി ഇന്ത്യയില്‍ തിരിച്ചെത്തും. രാജ്യം ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ ലോകകപ്പാണ് ഇത്.
ഇന്ത്യയുടെ മത്സരങ്ങള്‍
IND vs AUS: ഒക്ടോബർ 8, ചെന്നൈ
IND vs AFG: ഒക്ടോബർ 11, ഡൽഹി
IND vs PAK: ഒക്ടോബർ 15, അഹമ്മദാബാദ്
IND vs BAN: ഒക്ടോബർ 19, പൂനെ
IND vs NZ: ഒക്ടോബർ 22, ധരംശാല
IND vs ENG: ഒക്ടോബർ 29, ലഖ്‌നൗ
IND vs QF2: നവംബർ 2, മുംബൈ
IND vs SA: നവംബർ 5, കൊൽക്കത്ത
IND vs QF1: നവംബർ 11, ബെംഗളൂരു