പാരീസ് ഒളിംപിക്‌സിനിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി ടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഒളിംപിക്‌സില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട തനിക്ക് അത്യാവശ്യ സമയത്ത് പിന്തുണ ലഭിച്ചില്ല. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമര്‍ശിച്ചു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം.
അയോഗ്യത ചോദ്യം ചെയ്ത് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത് താന്‍ മുന്‍കയ്യെടുത്താണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കാന്‍ വൈകി. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. പാരീസ് ഒളിംപിക്‌സിനിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി ടി ഉഷയുടെ പിന്തുണ ആത്മാര്‍ഥമായി തോന്നിയില്ല. ആശുപത്രിയില്‍ എത്തി ഫോട്ടോ എടുത്ത് മടങ്ങുകയാണ് ഉണ്ടായത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് നടത്തിയത് വെറും ആത്മാര്‍ഥതയില്ലാത്ത പ്രകടനം മാത്രമായിരുന്നു എന്നും വിനേഷ് ഫോഗട്ട് പറയുന്നു.
നേരത്തെ, അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ നിയമ നടപടിക്ക് ഉള്‍പ്പെടെ ഇന്ത്യന്‍ ഒളിംമ്പിക് അസോസിയേഷന്‍ മുന്നിട്ടിറങ്ങിയിരുന്നെങ്കിലും സംഭവങ്ങളുടെ ഉത്തവാദിത്തം താരത്തിന് തന്നെയാണ് എന്നായിരുന്നു പി ടി ഉഷ ഉള്‍പ്പെടെ കൈക്കൊണ്ടത്. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്നായിരുന്നു
വിശദീകരണം. ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ് എന്നായിരുന്നു ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെതിരായി ഉയര്‍ന്ന ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ നിലപാട് എടുത്തിരുന്നു.
പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതലിന്റെ പേരില്‍ ആയോഗ്യയാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഹരജി കായിക തര്‍ക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല. വളരെ ബുദ്ധിമുട്ട് നിറഞ്ഞൊരു കേസാണിതെന്ന് വ്യക്തമാക്കിയ കോടതി വിനേഷിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചതായുള്ള തെളിവുകളോ നിര്‍ദേശങ്ങളോ ഇല്ലെന്നും പറയുന്നു. അനുവദനീയമായ ഭാരം താരങ്ങള്‍ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയ കോടതി. ഒരു സാഹചര്യത്തിലും ഇളവ് അനുവദിക്കുകയില്ലെന്നും പറഞ്ഞിരുന്നു. ഓഗസ്റ്റ് 14നായിരുന്നു അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളിയത്. അയോഗ്യയാക്കപ്പെട്ടെങ്കിലും വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിനേഷിന്റെ അപ്പീല്‍.