പാരീസ് ഒളിമ്പിക്‌സില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളിയശേഷം പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. മുഖം കൈകള്‍കൊണ്ട് മറച്ച് ഗോദയില്‍ കിടക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. ചിത്രത്തിനു താരം അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല.
തന്റെ ഗുസ്തി കരിയറിലെ സുപ്രധാന നേട്ടത്തിനു പടിവാതില്‍ക്കല്‍വെച്ചായിരുന്നു വിനേഷ് അയോഗ്യയാക്കപ്പെട്ടത്. നിലവിലെ ചാമ്പ്യനും അന്താരാഷ്ട്ര മത്സരങ്ങളില്‍ തോല്‍വി അറിയാത്ത താരവുമായ ജപ്പാന്റെ യു സസാക്കിയെ പരാജയപ്പെടുത്തിയായിരുന്നു 50 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് തന്റെ കുതിപ്പ് ആരംഭിച്ചത്. പിന്നീട് യുക്രെയ്‌ന്റ ഒക്സാന ലിവാച്ചിനെയും ക്യൂബയുടെ യുസ്നേലിസ് ഗുസ്‍മാനെയും മലർത്തിയടിച്ച് ഫൈനലിലേക്കും കടന്നു.
ഫൈനല്‍ ദിവസം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതാണ് വിനേഷിന് തിരിച്ചടിയായത്. മത്സരിക്കാൻ അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതല്‍ ഭാരം വിനേഷിനുണ്ടായിരുന്നു. വിനേഷ് അയോഗ്യയാക്കപ്പെട്ടത് കായികലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. താരം വെള്ളി മെഡല്‍ അർഹിക്കുന്നുണ്ടെന്നും അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസ താരങ്ങള്‍ രംഗത്തെത്തി. വെള്ളി നല്‍കണമെന്ന ആവശ്യവുമായായിരുന്നു വിനേഷും കോടതിയെ സമീപിച്ചത്.
വിനേഷിന്റെ അപ്പീല്‍ കോടതി തള്ളിയത് ഞെട്ടിച്ചതായും നിരാശ സമ്മാനിച്ചതായും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ പ്രതികരിച്ചു. വിനേഷിനുണ്ടായ ദുരനുഭവം വിരല്‍ ചൂണ്ടുന്നത് അവ്യക്തമായ നിയമങ്ങളെക്കുറിച്ചും അതിന്റെ വ്യാഖ്യാനങ്ങളെക്കുറിച്ചുമാണെന്ന് ഐഒഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം നടപടികള്‍ ആഴത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐഒഎ ആവശ്യപ്പെട്ടിട്ടുണ്ട്.