SPORT

വിമർശകരെ ജയത്തിലൂടെ 'നോക്കൗട്ട്‌' ആക്കിയ ഇമാനെ ഖെലീഫ്

മുഹമ്മദ് റിസ്‌വാൻ

പാരീസ് ഒളിംപിക്സിലെ 66 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ ഹംഗേറിയൻ എതിരാളിയെ ഇടിച്ചുവീഴ്ത്തുമ്പോൾ അൾജീരിയൻ താരം ഇമാനെ ഖെലീഫ് പൊട്ടിക്കരയുന്നുണ്ടായിരുന്നു. റൗണ്ടുകളെല്ലാം അവസാനിച്ച് ഇടിക്കൂട്ടിൽ വിജയിയായി പ്രഖ്യാപിച്ച ശേഷവും കണ്ണീരടക്കം ഇമാനെയ്‌ക്ക് കഴിയുന്നുണ്ടായില്ല. കാരണം അവൾ നേടിയ ജയം കേവലം ഒരു താരത്തിനെതിരെ മാത്രമായിരുന്നില്ല, തന്നെ കൂകി വിളിച്ച, തനിക്കെതിരെ വിവാദങ്ങളുടെ കൂരമ്പുകൾ എയ്ത, തന്റെ ജയത്തെ പോലും അതുവഴി റദ്ദ് ചെയ്യാൻ ശ്രമിച്ച ഒരു സമൂഹത്തിന് എതിരേയായിരുന്നു. ഒളിംപിക്സിൽ ഒരു മെഡൽ ഉറപ്പിച്ച ഇമാനെ കഴിഞ്ഞ ദിവസം നടപ്പാക്കിയത് അവരോടുള്ള മധുര പ്രതികരമായിരുന്നു. അവൾ നൽകിയത് അവർക്കുള്ള മറുപടിയായിരുന്നു.

ക്വാർട്ടർ ഫൈനല്‍ വിജയത്തിനുശേഷം ഇമാനെ ഖെലീഫ്

2024 പാരീസ് ഒളിംപിക്സിലെ 'ലിംഗവിവാദ'ത്തിന്റെ പ്രധാന ഇരയായിരുന്നു അൾജീരിയയിലെ ടിയാരെറ്റിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയായ ഇമാനെ ഖെലീഫ്. പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ഏഞ്ചെല കാരിനി, മത്സരം തുടങ്ങി 46 സെക്കന്റായപ്പോഴേക്കും പിന്മാറിയതായിരുന്നു വിവാദത്തിന്റെ തുടക്കം. ഒരു പുരുഷന്റെ പഞ്ചിന് സമാനമായിരുന്നു ഇമാനെയുടെ ഇടിയെന്നായിരുന്നു ഇറ്റാലിയൻ താരം പ്രതികരിച്ചത്. ഇതോടെ 2023 അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിനിടെ പുരുഷ ഹോർമോൺ ശരീരത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇമാനെയെ വിലക്കിയ സംഭവം ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തെത്തി. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പക്ഷേ, അന്നും ഇന്നും ഇമാനെയ്‌ക്ക് ഒരൊറ്റ മറുപടിയെ എല്ലാവരോടും ഉണ്ടായിരുന്നുള്ളു. "I dont care... പാരിസിലെത്തിയത് ഒളിംപിക്‌സ് മെഡൽ ലക്‌ഷ്യം വച്ചാണ്. അതുമാത്രമാണ് പ്രധാനം." ഒടുവിൽ ഇമാനെ തന്റെ സ്വപ്നസാക്ഷാത്കാരത്തിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു. രണ്ടായിരത്തിന് ശേഷം ബോക്സിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ അൾജീരിയൻ താരമായിരിക്കുകയാണ് ഇമാനെ. ഇനിയറിയേണ്ടത് സ്വർണമാണോ വെള്ളിയാണോ വെങ്കലമാണോ എന്നത് മാത്രമാണ്.

ഇമാനെ ഖെലീഫ് എന്ന പോരാളി

1999-ൽ പടിഞ്ഞാറൻ അൾജീരിയയിലെ ഒരു ചെറുഗ്രാമത്തിലാണ് ഇമാനെയുടെ ജനനം. ചെറുപ്പത്തിൽ ഫുട്‍ബോളിനോടായിരുന്നു താത്പര്യമെങ്കിലും, നാട്ടിലെ പയ്യന്മാരുമായുള്ള കയ്യാങ്കളികൾ പതിനാറാം വയസിൽ അവളെ ബോക്സിങ് റിങ്ങിലെത്തിച്ചു. പരിശീലനം ഒട്ടും എളുപ്പമായിരുന്നില്ല. പത്ത് കിലോമീറ്റർ ദൂരെയുള്ള ജിമ്മിലേക്ക് ദിനേന പോയിരുന്നത് അമ്മ ഉണ്ടാക്കിയിരുന്ന കസ്കസും (റവ കൊണ്ടുണ്ടാക്കുന്ന പരമ്പരാഗത വിഭവം) ആക്രി വിറ്റുമായിരുന്നു.

അങ്ങനെ പരിശീലനം തുടരവെയാണ് അൾജീരിയൻ ബോക്സിങ് ഫെഡറേഷന്റെ ശ്രദ്ധയിൽ ഇമാനെ പതിയുന്നത്. പിന്നീട് ഉയർച്ചയുടെ കാലമായിരുന്നു. 2018 ലെ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. അവിടെ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും വിട്ടുകൊടുക്കാൻ അവൾ തയാറായിരുന്നില്ല. 2021 ടോക്കിയോ ഒളിംപിക്സിൽ മത്സരിച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ വീണുപോയി. പക്ഷെ 2022 വനിതാ ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇമാനെ ഫൈനൽ വരെയെത്തി. അങ്ങനെയിരിക്കെയാണ് 2023ൽ ഇമാനെ വിവാദങ്ങളിൽ പെടുന്നതും ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ചാംപ്യൻഷിപ്പിൽനിന്ന് പുറത്താകുന്നതും.

അതേസമയം, സ്ത്രീകളായി ജനിച്ച്, സ്ത്രീകളായി വളർന്ന, പാസ്‌പോർട്ടിലും സ്ത്രീയെന്ന് അടയാളപ്പെടുത്തിയിട്ടുള്ള രണ്ടുത്തരങ്ങളെയും മത്സരിപ്പിക്കാൻ യാതൊന്നും തടസ്സമല്ലെന്ന ഉറച്ച നിലപാടായിരുന്നു ഒളിംപിക്‌സ് കമ്മിറ്റിയുടേത്. കൂടാതെ ഇമാനെയ്ക്കൊപ്പം 'ലിംഗവിവാദം' നേരിടുന്ന തായ്‌വാന്റെ ലിൻ യു ടിങ്ങും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ ഏകപക്ഷീയ തീരുമാനത്തിൻ്റെ ഇരകളാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.

ഇങ്ങനെയൊക്കെ ആണെന്നിരിക്കെയും, തന്റെ സ്വത്വത്തെ റദ്ദ് ചെയ്ത് പരിഹസിക്കാൻ ശ്രമിച്ചവർക്കുള്ള നല്ല ഉശിരൻ 'അപ്പർക്കട്ട്' പഞ്ചാണ് ഇമാനെ ക്വാർട്ടർ ഫൈനലിൽ നൽകിയത്. സ്പോർട്സിൽ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി വാക്കുകളിലൂടെയല്ല, ജയങ്ങളിലൂടെയാണ് നൽകാറുള്ളത്. അതുതന്നെയാണ് ഇമാനെ ഖെലീഫും ചെയ്യുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും