1982 ഡിസംബര്‍ മൂന്നു മുതല്‍ 1984 ഒക്‌ടോബര്‍ 31 വരെ മാത്രം നീണ്ട വളരെ ചെറിയ ക്രിക്കറ്റ് കരിയറായിരുന്നു ബല്‍വിന്ദര്‍ സിങ് സന്ധുവിന്റേത്. എന്നാല്‍ തനിക്ക് കിട്ടിയ ആ രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു. 1983 ഏകദിന ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജിനെ പുറത്താക്കിയ വലംകൈയ്യന്‍ പേസറായ സന്ധുവിന്റെ മാന്ത്രിക ഡെലിവറി ഇന്നും ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമാണ്. അന്ന് ഇന്ത്യയ്ക്കായി 11ാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സന്ധുവിന് വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ മാല്‍ക്കം മാര്‍ഷലില്‍ നിന്ന് ലഭിച്ച പ്രഹരവും ആരാധകര്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല.
കൂട്ടത്തകര്‍ച്ചയിലേക്കു വീണ ഇന്ത്യന്‍ ബാറ്റിങ് നിരയെ രക്ഷിക്കാന്‍ സയ്യിദ് കിര്‍മാണിയുമായി പത്താം വിക്കറ്റില്‍ കൂട്ടുകെട്ട് തീര്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അറ്റാക്ക്. മാര്‍ഷലിന്റെ പന്ത് സന്ധുവിന്റെ ഹെല്‍മറ്റില്‍ വന്ന് ആഞ്ഞടിച്ചത് ഇന്നും നടക്കുത്തോടെയാണ് സന്ധു ഓര്‍മിക്കുന്നത്. ഒരുനിമിഷം തലചുറ്റിപ്പോയ സന്ധു പക്ഷേ തന്റെ സിരകളിലെ സിഖ് പോരാട്ടവീര്യം പുറത്തെടുക്കുകയായിരുന്നു പിന്നീട്. ഒന്നും സംഭവിക്കാത്ത മട്ടില്‍ ബാറ്റിങ് തുടര്‍ന്ന സന്ധു കിര്‍മാണിക്കൊപ്പം അവസാന വിക്കറ്റില്‍ വിലയേറിയ 22 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 183 എന്ന സ്‌കോറില്‍ ഇന്ത്യയുടെ അവസാന വിക്കറ്റ് വിന്‍ഡീസ് വീഴ്ത്തിയപ്പോഴും 30 പന്തില്‍ 11 റണ്‍സുമായി ആ പഞ്ചാബി കീഴടങ്ങാന്‍ കൂട്ടാക്കാതെ ക്രീസിലുണ്ടായിരുന്നു.
കിട്ടുന്നതും വാങ്ങി വീട്ടില്‍പ്പോകുന്നതല്ല സിഖ് പാരമ്പര്യം. തനിക്ക് മാര്‍ഷല്‍ തന്നത് അതേ കളത്തില്‍ തന്നെ സന്ധു തിരിച്ചുകൊടുക്കുകയും ചെയ്തു. ആ രോഷത്തിന് ഇരയായത് വിന്‍ഡീസിന്റെ വിഖ്യാത ഓപ്പണര്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് ആയിരുന്നു. ഓഫ് സ്റ്റംപിനു പുറത്തുകുത്തിയ പന്ത് ഔട്ട്‌സ്വിങ് ചെയ്തു പുറത്തേക്കു പോകുമെന്നായിരുന്നു ഗ്രീനിഡ്ജ് കരുതിയത്. ആ ധാരണയില്‍ പന്ത് ലീവ് ചെയ്ത ഗ്രീനിഡ്ജിനു പിഴച്ചു. ഓഫ്‌സ്റ്റംപ് ഇളകുന്ന കാഴ്ചയാണ് പിന്നീട് വിന്‍ഡീസ് താരം കണ്ടത്. പിന്നീട് വാലറ്റക്കാരന്‍ ഫൗദ് ബാഷസിനെക്കൂടി പുറത്താക്കിയ സന്ധു 83-ലെ ഐതിഹാസിക ജയത്തില്‍ തന്റേതായ നിര്‍ണായക സംഭാവന നല്‍കി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുള്ള അനുഭവമാണ് വളരെ വൈകിയാണെങ്കിലും സന്ധുവിന് ദേശീയടീമിലേക്കുള്ള വഴി തുറന്നത്. 1980-81ല്‍ ബോംബെയുടെ സ്ഥിരം ഓപ്പണിംഗ് ബൗളറായിരുന്ന കര്‍സന്‍ ഗവ്രി ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്നപ്പോഴാണ് സന്ധുവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഇറാനി ട്രോഫിയിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. 1982 ല്‍ പാകിസ്താനെതിരെയായിരുന്നു അദ്ദേഹം ദേശീയ ടീമില്‍ ഏകദിന അരങ്ങേറ്റം കുറിച്ചത്. ശ്രദ്ദേയമായ രണ്ട് പ്രകടനങ്ങള്‍ക്ക് ശേഷം സന്ധു ടെസ്റ്റ് ടീമിന്റെ ഭാഗമായി. 1983 ജനുവരിയില്‍ പാക്പടയ്‌ക്കെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റവും നടത്തി. തന്റെ ആദ്യ മത്സരത്തില്‍ തന്നെ സന്ധു ഇന്ത്യക്കായി നിര്‍ണായകമായ 71 റണ്‍സ് സ്‌കോര്‍ ചെയ്തു. സന്ധുവിന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പത്താം നമ്പറിലും പതിനൊന്നാം നമ്പറിലും അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ഒരു മികച്ച ടെയ്ല്‍ എന്‍ഡറായിരുന്നു സന്ധു.
കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ സന്ധു നിര്‍ണായക പങ്ക് വഹിച്ചു
മിന്നുന്ന പ്രകടനങ്ങളോടെ സന്ധു ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ സന്ധു നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്റെ പേരെഴുതി ചേര്‍ക്കുകയായിരുന്നു അദ്ദേഹം. ആ വര്‍ഷം അവസാനം അഹമ്മദാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ്. ആ മത്സരത്തില്‍ അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തി. 1984 ഒക്ടോബറില്‍ പാകിസ്താന്‍ എതിരായ ഏകദിനമായിരുന്നു അദ്ദേഹം രാജ്യത്തിനായി കളിച്ച അവസാന മത്സരം.
തന്റെ അന്താരാഷ്ട്ര കരിയറില്‍ 8 ടെസ്റ്റ് മത്സരങ്ങളും 22 ഏകദിന മത്സരങ്ങളും മാത്രമാണ് സന്ധു കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 10 ഉം ഏകദിനത്തില്‍ 16 ഉം വിക്കറ്റാണ് സന്ധുവിന്റെ സമ്പാദ്യം. 1984ല്‍ പാഡഴിച്ച ശേഷം മുംബൈയുടെയും പഞ്ചാബിന്റെയും പരിശീലകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലും പ്രവര്‍ത്തിച്ചു. 1990 കളില്‍ അദ്ദേഹം കെനിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുകയും അവിടെ കോച്ചിങ് നടത്തുകയും ചെയ്തിട്ടുണ്ട്.