SPORT

ഇനിയും സങ്കേതിനെ പാന്‍ വില്‍പ്പനയ്ക്ക് ഇറക്കരുത്!

വെബ് ഡെസ്ക്

ദക്ഷിണാ മഹാരാഷ്ട്രയിലെ സാംഗ്ലി ഗ്രാമത്തിലെ അഹല്യദേവി ഹോള്‍കര്‍ റോഡ് സാധാരണഗതിയില്‍ അത്ര തിരക്കേറിയതല്ല. എന്നാല്‍ ഇന്ന് ഉച്ചമുതല്‍ അവിടെയുള്ള ഒരു ചെറിയ പാന്‍ വില്‍പ്പന കടയ്ക്കു മുന്നില്‍ വന്‍ ജനക്കൂട്ടമായിരുന്നു. സ്ഥിരം കസ്റ്റര്‍മര്‍മാര്‍ക്കു പുറമേ അഭ്യുദയകാംക്ഷികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉണ്ടായിരുന്നു അവിടെ.

അവരുടെയെല്ലാം കണ്ണുകള്‍ ചെറിയ കടമുറിയുടെ പുറത്തേക്ക് ഇറക്കിവച്ച സ്റ്റൂളിലിരുന്ന 14 ഇഞ്ച് ടെലിവിഷന്‍ സ്‌ക്രീനിലേക്കായിരുന്നു. കടയുടമയുടെ മകന്‍ സങ്കേത് സര്‍ഗാര്‍ ബിര്‍മിങ്ഹാമില്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡലണിഞ്ഞ് അഭിമാനത്തോടെ നില്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു അതില്‍.

പുരുഷന്മാരുടെ 55 കിലോ ഗ്രാം വിഭാഗത്തില്‍ 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് മെഡലണിഞ്ഞത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 135 കിലോയുമായിരുന്നു പ്രകടനം. സ്വര്‍ണത്തിലേക്കുള്ള ലക്ഷ്യത്തിലായിരുന്നു സങ്കേത്. സ്‌നാച്ച് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഒന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ അവസാന ശ്രമത്തിനിടെ പരുക്കേറ്റ് വെള്ളിയില്‍ ഒതുങ്ങേണ്ടി വന്നെങ്കിലും 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്കു തുടക്കം കുറിച്ചാണ് അവന്‍ നാട്ടിലേക്കു മടങ്ങുന്നത്.

ഏറെക്കാലമായി ജീവിത ഭാരം ചുമക്കുന്ന സങ്കേതിന് അതിലും വലിയ ഭാരമൊന്നും മത്സരവേദിയില്‍ ഉയര്‍ത്തേണ്ടി വന്നില്ല. മൂന്നു തവണ ദേശീയ ചാമ്പ്യന്‍, ദേശീയ റെക്കോഡിനും കോമണ്‍വെല്‍ത്ത് റെക്കോഡിനും ഉടമ, നിരവധി രാജ്യാന്തര മത്സരങ്ങളില്‍ സ്വര്‍ണമെഡലുകള്‍. ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും... എന്നിട്ടും ബിര്‍മിങ്ഹാമില്‍ നിന്നു തിരിച്ചെത്തിയാല്‍ പരിശീലനത്തിനും ജീവനോപാധിക്കും വഴി കണ്ടെത്താന്‍ അച്ഛനൊപ്പം പാന്‍ വില്‍ക്കാന്‍ ഇറങ്ങണം ഈ മെഡല്‍ ജേതാവിന്!!

അതിനാല്‍ത്തന്നെ ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സങ്കേത് സര്‍ഗാറിന് വെറുമൊരു മത്സരം മാത്രമായിരുന്നില്ല. ഒരു മികച്ച ജീവിത സാഹചര്യത്തിലേക്കുള്ള പടിവാതില്‍ കൂടിയായിരുന്നു. കോമണ്‍വെല്‍ത്ത് പോലുള്ള വലിയ വേദിയിലെ മെഡല്‍ നേട്ടത്തിലൂടെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒരു ജോലിയാണ് ഈ 21 കാരന്റെ സ്വപ്നം.

സംഗ്ലി ഗ്രാമം ഭാരോദ്വഹനത്തിനു പേരു കേട്ടതാണ്. നിരവധി താരങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നുയര്‍ന്നു വന്നിട്ടുണ്ട്. അതിനാല്‍ത്തന്നെ അവിടെ പിറന്നു വീഴുന്ന ഏതൊരു കുട്ടിയേയും പോലെ സങ്കേതും ചെറുപ്പത്തിലേ ഭാരോദ്വഹനത്തിലേക്കു തിരിഞ്ഞു.

എന്നാല്‍ സ്‌പോര്‍ട്‌സിലേക്കു തിരിഞ്ഞ മകന് കൃത്യമായ പരിശീലനം ലഭ്യമാക്കാന്‍ മഹാദേവ് സര്‍ഗാറിനു കഴിയുമായിരുന്നില്ല. ഉള്‍ഗ്രാമത്തില്‍ നിന്നു സംഗ്ലിയില്‍ വന്നു താമസമാക്കിയതാണ് അയാള്‍. ആദ്യ കാലത്ത് ഉന്തുവണ്ടിയില്‍ പഴവര്‍ഗങ്ങള്‍ കൊണ്ടുനടന്നു വിറ്റാണ് അയാള്‍ കുടുംബം പുലര്‍ത്തിയത്.

അതില്‍ നിന്നു മിച്ചംപിടിച്ച് തുടങ്ങിയ ഒരു പാന്‍ കടയും അതിനൊപ്പം ചായയും വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്. പലപ്പോഴും പരിശീലനത്തിനു ശേഷം അച്ഛനെ സഹായിക്കാന്‍ സങ്കേത് കൂടി ചേര്‍ന്നാലേ കാര്യമായ കച്ചവടം നടക്കൂ. അതുപയോഗിച്ചു കുടുംബം പുലര്‍ത്തണോ മകന് പരിശീലന സൗകര്യം ഒരുക്കണോയെന്നായിരുന്നു ആ അച്ഛന്റെ സംശയം.

ഒടുവില്‍ രണ്ടും കല്‍പിച്ചു മകനുവേണ്ടി കുടുംബം ഒന്നടങ്കം മുണ്ട് മുറുക്കി ഉടുക്കാന്‍ തന്നെ തീരുമാനമെടുത്തു. ആ തീരുമാനം തെറ്റിയില്ലെന്ന് ഇന്നു ബിര്‍മിങ്ഹാമില്‍ സങ്കേത് തെളിയിച്ചു. പെട്ടെന്ന് ഉദിച്ചുയര്‍ന്ന ഒരു താരമല്ല സങ്കേത്. കടുത്ത പരിശീലനത്തിലൂടെ തന്റെ പ്രകടനം ഓരോ തവണയും മെച്ചപ്പെടുത്തിയാണ് സങ്കേത് അഭിമാനതാരമായി ഉയര്‍ന്നുവന്നത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാര്യമായ പരിശീലനം പോലുമില്ലാതെ പ്രാദേശിക മത്സരങ്ങളില്‍ പങ്കെടുത്ത സങ്കേത് നിരവധി മെഡലുകളാണ് വാരിക്കൂട്ടിയത്. 16-ാം വയസില്‍ തന്നെ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് സങ്കേതിന്റെ കരിയറില്‍ വഴിത്തിരിവുണ്ടായത്. 2019 വരെ 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന സങ്കേത് പിന്നീട് 55 കിലോഗ്രാമിലേക്കു ശ്രദ്ധ മാറ്റി.

തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ തലത്തില്‍ തന്റെ ആദ്യ സ്വര്‍ണം നേടാന്‍ സങ്കേതിനായി. 2021-ല്‍ ദേശീയ ചാമ്പ്യന്‍ പദവി നിലനിര്‍ത്തിയ സങ്കേത് ഈ വര്‍ഷം ഹാട്രിക് തികയ്ക്കുകയും ചെയ്തു. ഇതിനിടെ 2021 ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചെങ്കിലും നാലാമത് എത്താനേ കഴിഞ്ഞുള്ളു.

ഈ വര്‍ഷമാദ്യം നടന്ന സിംഗപ്പൂര്‍ ഓപ്പണിലാണ് താരത്തിന്റെ മിന്നും പ്രകടനം കണ്ടത്. 256 കിലോ ഉയര്‍ത്തിയ സങ്കേത് ദേശീയ റെക്കോഡും കോമണ്‍വെല്‍ത്ത് റെക്കോഡുമാണ് തകര്‍ത്തത്. ഈ പ്രകടനത്തോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് സങ്കേത് യോഗ്യത നേടിയതും. 2024 പാരീസ് ഒളിമ്പിക്‌സാണ് ഇനി സങ്കേതിന്റെ സ്വപ്നം.

ഒളിമ്പിക് മെഡലെന്ന സ്വപ്‌നത്തിലേക്ക് ഇന്നുമുതല്‍ സങ്കേത് കടക്കുമ്പോള്‍ അതിനു സഹായമൊരുക്കേണ്ടത് സര്‍ക്കാരാണ് എന്നു സങ്കേതിന്റെ അഭ്യുദയകാംക്ഷികള്‍ പറയുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പല സംസ്ഥാനങ്ങളും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സങ്കേതിനു വേണ്ടത് ഒരു സ്ഥിര ജോലിയാണ്. ഈ വെള്ളി മെഡല്‍ ആ സ്വപ്‌നം സഫലമാക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. മറ്റൊരു മെഡല്‍ നേടാനുള്ള തയാറെടുപ്പുകള്‍ക്ക് പണം കണ്ടെത്താന്‍ ഇനിയും ഈ താരത്തെ പാന്‍ വില്‍പ്പനയ്ക്ക് ഇറക്കരുത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും