ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ തുടക്കത്തില്‍ തന്നെ കടുത്ത തിരിച്ചടിയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കുണ്ടായിരിക്കുന്നത്. സൂപ്പർ താരവും ഗ്വാർഡിയോളപ്പടയുടെ എഞ്ചിനുമായ റോഡ്രിക്ക് സീസണ്‍ നഷ്ടമാകും. ആഴ്‌സണലിനെതിരായ മത്സരത്തില്‍ തോമസ് പാർട്ടിയുമായുണ്ടായ കൂട്ടിയിടിയാണ് താരത്തിന് വില്ലനായത്. കിരീടം നിലനിർത്താനിറങ്ങിയിരിക്കുന്ന സിറ്റിക്കായി റോഡ്രിയോളം മികവില്‍ ആര് കളിമെനയുമെന്നാണ് ചോദ്യം!
റോഡ്രിക്ക് പകരം വെക്കാൻ താരങ്ങളില്ലെന്നായിരുന്നു കഴിഞ്ഞ സീസണില്‍ ഗ്വാർഡിയോള പ്രഖ്യാപിച്ചത്. അതേ, ഗ്വാർഡിയോളയ്ക്ക് തന്നെ റോഡ്രിക്ക് പകരക്കാരനെ കണ്ടെത്തേണ്ടി വന്നിരിക്കുന്നു, കേവലം ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമല്ല, ഒരു സീസണ്‍ മുഴുവനും. കഴിഞ്ഞ സീസണില്‍ റോഡ്രിയില്ലാതെ ഇറങ്ങിയ അഞ്ചില്‍ നാല് മത്സരങ്ങളും സിറ്റി പരാജയപ്പെട്ടിരുന്നു.
റോഡ്രിക്ക് സമാനനായ ഒരു താരം സിറ്റിയുടെ കൂടാരത്തിലില്ലെന്ന് ഗ്വാർഡിയോള തന്നെ സമ്മതിച്ചുകഴിഞ്ഞു. എല്ലാ താരങ്ങളുടേയും സംഭാവനയിലൂടെ റോഡ്രിയുടെ അഭാവം മറികടക്കുകയായിരിക്കും ഗ്വാർഡിയോളയുടെ ലക്ഷ്യം. പകരം പുതിയൊരു മധ്യനിര താരത്തെ എത്തിക്കാനും സിറ്റി മടിച്ചേക്കില്ലെന്നും സൂചനകളുണ്ട്. പക്ഷേ, അതിനായി ജനുവരി വരെ കാത്തിരിക്കേണ്ടി വരും.
അത്‌ലറ്റിക്കൊ മാഡ്രിഡില്‍ നിന്ന് 2019ലാണ് റോഡ്രി സിറ്റിയില്‍ എത്തിയത്. ശേഷം റോഡ്രി മൈതാനത്തിറങ്ങിയ മത്സരങ്ങളില്‍ 11 ശതമാനം മാത്രമാണ് സിറ്റി തോറ്റിട്ടുള്ളത്. റോഡ്രിയില്ലാതെ സിറ്റിയിറങ്ങിയപ്പോള്‍ 24 ശതമാനം മത്സരങ്ങളിലും പരാജയം രുചിച്ചു.
കാള്‍വിൻ ഫിലിപ്‌സാണ് സമാന പൊസിഷനില്‍ കളിക്കുന്ന സിറ്റി താരം. പക്ഷേ, കാള്‍വിനില്‍ ഗ്വാർഡിയോളയ്ക്ക് അത്ര വിശ്വാസം പോരെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇപ്‌സിച്ചിനൊപ്പമാണ് കാള്‍വിൻ. ലോണിലുള്ള താരത്തെ തിരിച്ചുകിട്ടാൻ ജനുവരി വരെ കാത്തിരിക്കുകയും വേണം.
അതുകൊണ്ടുതന്നെ ഫോർമേഷനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാകാം ഗ്വാർഡിയോള റോഡ്രിക്ക് പരിഹാരം കാണുക. രണ്ട് 'ഹോള്‍ഡിങ് മിഡ്‌ഫീല്‍ഡർ'മാരുമായായിരിക്കണം ഇനി സിറ്റിയിറങ്ങുക. ഇവിടെ മാറ്റെയോ കൊവാസിച്ചും ജോണ്‍ സ്റ്റോണ്‍സുമായിരിക്കും ഗ്വാർഡിയോളയ്ക്ക് മുന്നിലുള്ള ഓപ്‌ഷൻ. എല്‍ക്കെ ഗുണ്ടോഗനേയും റോഡ്രിയുടെ സ്ഥാനത്ത് ഗ്വാർഡിയോള പരീക്ഷിച്ചിട്ടുണ്ട്. 19 വയസുകാരനായ റിക്കൊ ലെവിസിന്റെ സാധ്യതകളേയും തള്ളാനാകില്ല.