ഇന്ത്യ - ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഭീഷണിയായി പ്രതിഷേധങ്ങള്‍. യുകെയിലെ പ്രധാന കായിക മത്സരങ്ങൾ തടസ്സപ്പെടുത്തുന്ന 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ' പ്രതിഷേധക്കാര്‍ ഓവലിലും ഭീഷണി ഉയര്‍ത്തുന്നതിനാൽ വേദിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധങ്ങളെ നേരിടാന്‍ മുന്‍കൂട്ടി തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുകയാണ് ഐസിസി.
ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) രണ്ട് പിച്ചുകളാണ് തയ്യാറാക്കിയിട്ടുളളത്. നേരത്തെ, പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പോകവേ ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്റെ ഭാഗമായുളള പ്രതിഷേധക്കാർ ഓസ്ട്രേലിയൻ ടീമിന്റെ ബസ് തടഞ്ഞുവച്ചിരുന്നു. ഈ സംഭവമാണ് ഐസിസിയുടെ നീക്കത്തിന് പിന്നില്‍. ഇക്കാര്യങ്ങള്‍ ടീമിന്റെയും ക്യാപ്റ്റൻമാരായ രോഹിത് ശർമയെയും പാറ്റ് കമ്മിൻസിനെയും ഇക്കാര്യങ്ങൾ ഐസിസി ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധങ്ങൾ കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്ന പിച്ചിന് ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചാൽ പ്രതിവിധികളും ഐസിസി മുന്നിൽ കണ്ടിട്ടുണ്ട്. പ്രതിഷേധക്കാരുടെ സാന്നിധ്യം പിച്ചിലേക്ക് ഉണ്ടായാൽ, മാച്ച് പിച്ചിൽ തുടർന്നും കളിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്നത് ഓൺ-ഫീൽഡ് അമ്പയർ തീരുമാനിക്കും. ഇതിനു ശേഷം ഗെയിം നിർത്തി ഉടൻ തന്നെ ഐസിസി മാച്ച് റഫറിയെ സബ്-സെക്ഷൻ 6.4.1 പ്രകാരം അറിയിക്കും.
6.4.4 പ്രകാരം, കളി പുനരാരംഭിക്കേണ്ടതില്ലെന്നാണ് തീരുമാനമെങ്കിൽ ഐസിസി മാച്ച് റഫറിയുമായി കൂടിയാലോചിച്ച് നിലവിലെ പിച്ച് അറ്റകുറ്റപ്പണികൾ നടത്താനാകുമോ എന്ന് ഓൺ-ഫീൽഡ് അമ്പയർമാർ വിലയിരുത്തും. അതേസമയം, മോശം പിച്ചിൽ നടന്ന കളി കണക്കിലെടുക്കുമ്പോൾ ഈ അറ്റകുറ്റപ്പണികൾ ഇരുപക്ഷത്തിനും പ്രയോജനപ്പെടുമോ ഇല്ലയോ എന്ന് ഐസിസി മാച്ച് റഫറി പരിഗണിക്കണം. 6.4.7-ന് കീഴിൽ, മുകളിൽ സൂചിപ്പിച്ച തീരുമാനപ്രകാരം, ഐസിസി മാച്ച് റഫറി ഇരു ടീമിലെ ക്യാപ്റ്റന്മാരെയും ഗ്രൗണ്ട് അതോറിറ്റി മേധാവിയെയും സാഹചര്യത്തെക്കുറിച്ച് അറിയിക്കും. ഇത് സംബന്ധിച്ച്, ഉചിതമായ ഒരു പൊതു പ്രഖ്യാപനം സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ഗ്രൗണ്ട് അതോറിറ്റി മേധാവി ഉറപ്പാക്കും.
ഇന്ന് നടക്കുന്ന കളി മഴ കാരണം തടസ്സപ്പെട്ടാൽ, ജൂൺ 12 ന് ഒരു റിസർവ് ദിനവുമുണ്ട്. അതേസമയം, ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ' പ്രതിഷേധക്കാർ തടസ്സപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു. നേരത്തെ, പരിശീലനത്തിനുള്ള വഴിയിൽ പ്രതിഷേധക്കാർ ഓസ്ട്രേലിയൻ ടീമിന്റെ ബസ് തടഞ്ഞുവച്ചിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇത് പരിഹരിച്ചത്. കഴിഞ്ഞയാഴ്ച അയർലൻഡിനെതിരായ ഏകദിന ടെസ്റ്റിന്റെ ആദ്യ ദിനത്തിന് മുന്നോടിയായി ലോർഡ്സിലേക്ക് പോകുമ്പോൾ പ്രതിഷേധക്കാർ ഇംഗ്ലണ്ട് ടീമിന്റെ ബസും തടഞ്ഞുവച്ചിരുന്നു.
2022 ഫെബ്രുവരിയിൽ സ്ഥാപിതമായ ഒരു പരിസ്ഥിതി പ്രവർത്തക ഗ്രൂപ്പാണ് ജസ്റ്റ് സ്റ്റോപ്പ് ഓയിൽ. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഫോസിൽ ഇന്ധന ലൈസൻസിംഗും ഉൽപാദനവും നിർത്തലാക്കുന്നതിനായാണ് ഇത് നിലവിൽ വന്നത്.