SPORT

ചോയിമൂലയുടെ 'മിന്നും മണി'; ഐപിഎല്‍ താരലേലത്തിലെ മലയാളത്തിന്റെ അഭിമാനം

ബൗണ്ടറി ലൈനില്‍ നിന്ന് പന്തെടുത്തു തിരിച്ചെറിയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ 'ത്രോ'യുടെ ശക്തി പതിയെ ആണ്‍കോയ്മയെ എറിഞ്ഞൊതുക്കി

ശ്യാം ശശീന്ദ്രന്‍

'മിന്നു മണി കണ്‍ഫേംഡ് ടു ഡല്‍ഹി ക്യാപിറ്റല്‍സ്' എന്നു ലേലകര്‍ത്താവ് ചുറ്റികയ്ക്കടിച്ചു പറഞ്ഞപ്പോള്‍ പുളകം കൊണ്ടിരിക്കുക മാനന്തവാടി എടപ്പാടി ചോയിമൂലയിലെ നെല്‍പ്പാടങ്ങളായിരിക്കും. കാരണം ക്രിക്കറ്റിനോട് അടങ്ങാത്ത അഭിവാഞ്ജയോടെ ആറാം ക്ലാസ് മുതല്‍ വിയര്‍ത്തുകളിച്ച ഒരു പെണ്‍കുട്ടിയെ ആ പാടശേഖരത്തിലെ ഓരോ മണല്‍ത്തരികള്‍ക്കും നന്നായി അറിയാം. ഇന്നലെ പ്രഥമ വനിതാ ഐപിഎല്ലിന്റെ താരലേലത്തില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയ ആ മിന്നും താരം മിന്നു ആരാണ്?

ചോയിമൂലയിലെ അയല്‍വാസികളായ സഹപാഠികളെല്ലാം കൊത്താംകല്ലും മറ്റും കളിക്കുമ്പോള്‍ മിന്നുവിനു പ്രണയം ക്രിക്കറ്റിനോടായിരുന്നു. കൂടെക്കളിക്കാന്‍ സമപ്രായക്കാരോ മുതിര്‍ന്നവരോയായ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞതിനാല്‍ അവള്‍ പലപ്പോഴും സമീപത്തും മറ്റും താമസിക്കുന്ന ബന്ധുവീടുകളിലെ ചേട്ടന്മാര്‍ക്കൊപ്പം 'കണ്ടം ക്രിക്കറ്റ്' കളിക്കാനിറങ്ങി. ആള്‍ ചില്ലറക്കാരിയല്ലെന്നു മനസിലാക്കിയതോടെ പതിയെ ടീമില്‍ എടുത്തു. ആദ്യമാദ്യം 'ലാസ്റ്റ് വുമന്‍' ബാറ്റിങ്ങിന് മാത്രം അയയ്ക്കപ്പെട്ട അവള്‍ പിന്നീട് ടീമിന്റെ പ്രധാന ബാറ്ററും ബൗളറുമായി മാറിയത് വളരെപ്പെട്ടെന്നാണ്.

'ആണ്‍കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ്' പരിശീലിക്കുന്നുവെന്ന് വീട്ടുകാരോടു പറയാന്‍ അവള്‍ക്ക് ഭയമായിരുന്നു

പകരക്കാരിയില്‍ നിന്ന് ടീമിന്റെ ഔള്‍റൗണ്ടറിലേക്കുള്ള അവളുടെ അദ്ഭുത വളര്‍ച്ച സഹതാരങ്ങളായ ചേട്ടന്മാരെ അമ്പരപ്പിച്ചെങ്കില്‍ ആനന്ദിപ്പിച്ചത് മറ്റൊരാളെയാണ്. അവള്‍ പഠിച്ചിരുന്ന മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ എല്‍സമ്മ ടീച്ചറിനെ. അവളിലെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞ ടീച്ചര്‍ അവള്‍ക്ക് വഴികാട്ടിയായി. വയനാട്ടിലെ സാധാരണക്കാരുടെ 'മക്കള്‍ക്ക്' ക്രിക്കറ്റിന്റെ ആദ്യക്ഷരം കുറിച്ചു നല്‍കുന്ന 'ഷാനവാസ് സാറിന്' മുന്നില്‍ അവളെ എത്തിക്കാന്‍ എല്‍സമ്മ ടീച്ചര്‍ മുന്‍കൈയെടുത്തു.

ആറാം ക്ലാസില്‍ തന്നെ അവള്‍ക്കു മികച്ച ക്രിക്കറ്റ് പരിശീലനം ലഭ്യമാക്കാന്‍ ആ അധ്യാപികയുടെ ഇടപെടലുകള്‍ക്കായി. പക്ഷേ അപ്പോഴും താന്‍ 'ആണ്‍കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ്' കളിക്കുന്നുവെന്നും പരിശീലിക്കുന്നുവെന്നും വീട്ടുകാരോടു പറയാന്‍ അവള്‍ക്ക് ഭയമായിരുന്നു. അതിനാല്‍ തന്നെ ഒഴിവു സമയങ്ങളില്‍ മാത്രമായിരുന്നു പരിശീലനത്തിന് എത്തിയിരുന്നത്. കൂലിപ്പണിക്കാരായ അച്ഛന്‍ മണിയോടും അമ്മ വസന്തയോടും ഞായറാഴ്ചയും 'സ്പെഷല്‍' ക്ലാസ് ഉണ്ടെന്നു പറഞ്ഞു പരിശീലനത്തിന് എത്തിയിരുന്ന അവള്‍ക്ക് ഏറെക്കാലം അതൊളിക്കാനായില്ല.

കൂലിപ്പണിക്കാരായ അച്ഛന്‍ മണിയോടും അമ്മ വസന്തയോടും ഞായറാഴ്ചയും 'സ്പെഷല്‍' ക്ലാസ് ഉണ്ടെന്നു പറഞ്ഞു പരിശീലനത്തിന് എത്തിയിരുന്ന അവള്‍ക്ക് ഏറെക്കാലം അതൊളിക്കാനായില്ല

കൃത്യം രണ്ടു വര്‍ഷത്തിനപ്പുറം ജില്ലാ ജൂനിയര്‍ ടീമിലേക്ക് അവള്‍ക്കു സെലക്ഷന്‍ ലഭിച്ച വിവരം എല്‍സമ്മ ടീച്ചര്‍ വീട്ടില്‍ വന്ന് അറിയിക്കുമ്പോള്‍ അവളുടെ മാതാപിതാക്കള്‍ അമ്പരന്നു മുഖത്തോടുമുഖം നോക്കുകയായിരുന്നു. അതോടെ അവള്‍ക്ക് സത്യം തുറന്നു പറയേണ്ടി വന്നു. അന്തംവിട്ട് എല്ലാം കേട്ട ആ മാതാപിതാക്കള്‍ മകളുടെ ആഗ്രഹത്തിനൊപ്പം നിന്നപ്പോള്‍ കേരളത്തിലെ വനിതാ ക്രിക്കറ്റിന് ഒരു മിന്നും താരത്തെയാണ് മിന്നു മണിയിലൂടെ ലഭിച്ചത്. ജില്ലാ തലത്തില്‍ നിന്നു സംസ്ഥാന ജൂനിയര്‍ ടീമിലേക്കും പിന്നീട് ഇന്ത്യന്‍ എ ടീമിലേക്കും നീണ്ട അവളുടെ ഉയര്‍ച്ച ഇപ്പോള്‍ പ്രഥമ വനിതാ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡഗ്ഗൗട്ടില്‍ വരെയെത്തി നില്‍ക്കുന്നു.

കേരളത്തില്‍നിന്ന് ഇന്ത്യന്‍ വനിതാ എ ടീമിലെത്തുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മിന്നു.nകേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം തുടങ്ങിയവയും കരസ്ഥമാക്കിയിട്ടുണ്ട്. അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാമ്പ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോര്‍ മിന്നു മണിയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം മിന്നു മണിയെ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ് ഇലവനിലും ഇന്ത്യ എ ടീമിലും എത്തിച്ചു.

കളിച്ചു വളര്‍ന്ന വഴികളെക്കുറിച്ചു ചോദിക്കുമ്പോള്‍ മിന്നുവിന് ഇപ്പോഴും അമ്പരപ്പാണ്. ''എല്ലാം അങ്ങനെ നടന്നുപോയി. എങ്ങനെ സംഭവിച്ചുവെന്നൊന്നും പറയാന്‍ അറിയില്ല. ക്രിക്കറ്റ് കളിക്കണം എന്ന ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളു. അതിനു പലരും സഹായിച്ചു. എല്ലാവരോടും നന്ദി മാത്രം'' സ്വതസിദ്ധ ശൈലിയില്‍ മിന്നു പറയുമ്പോള്‍ അവളില്‍ ഒരു താരത്തെയല്ല കാണാന്‍ കഴിയുക, മറിച്ച് ക്രിക്കറ്റ് സ്വപ്‌നം കണ്ടുനടന്ന ആ ആറാം ക്ലാസുകാരിയെയാണ്.

? ചോയിമൂലയിലെ പാടത്തുനിന്ന് ഐ.പി.എല്‍. ഡഗ്ഗൗട്ടിലേക്ക്

ഒന്നും പറയാനില്ല. സന്തോഷം മാത്രം. നന്ദി പറയാന്‍ ഒരുപാടുപേരുണ്ട്. പാടത്ത് കളിക്കാന്‍ കൂട്ടിയ ചേട്ടന്മാരും അനിയന്മാരും, എല്‍സമ്മ ടീച്ചര്‍, ഷാനവാസ് സാര്‍, എല്ലാം അറിഞ്ഞപ്പോള്‍ പിന്തുണച്ച മാതാപിതാക്കള്‍, കെ.സി.എ. ക്രിക്കറ്റ് അക്കാദമിയില്‍ ബാലപാഠങ്ങള്‍ പഠിപ്പിച്ച നൗഫല്‍, ജിനി മാഡം, സോണിയ മോള്‍, ദീപ്തി, ജസ്റ്റിന്‍ തുടങ്ങിയ അനേകം പരിശീലകര്‍. അവരുടെ ഒക്കെ പ്രാര്‍ഥനയും ശ്രമവുമാണ് ഈ നേട്ടത്തിനു പിന്നില്‍. പിന്നെ ക്രിക്കറ്റിനോടുള്ള എന്റെ ഇഷ്ടവും.

? വഴിത്തിരിവ്

അത് ശരിക്കും എല്‍സമ്മ ടീച്ചറിന്റെ ഇടപെടലാണ്. പാടത്തെ വയല്‍വരമ്പുകളില്‍ നിന്ന് ക്രിക്കറ്റ് മൈതാനത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചു നടത്തിയത് അവരാണ്. കരിയറിലെ വഴിത്തിരിവ് ആണെങ്കില്‍ എന്നും അത് എന്റെ ആദ്യ മത്സരമാണ്. വയനാട് ജില്ലാ ജൂനിയര്‍ ടീമിലേക്ക് ക്ഷണം കിട്ടിയ ശേഷം കളിച്ച ആദ്യ മത്സരം. അതില്‍ നേടിയ 41 റണ്‍സ്. ആ പ്രകടനത്തിലൂടെ ടീം ജയിച്ചത്. ഏത് ഉയരത്തില്‍ എത്തിയാലും അതുതന്നെയാണ് എന്നും എന്റെ ഫേവറൈറ്റ് ഇന്നിങ്സ്.

? പരിശീലനം

ആറാം ക്ലാസ് മുതല്‍ പരിശീലനം ലഭിക്കാന്‍ ഭാഗ്യമുണ്ടായി. എല്‍സമ്മ ടീച്ചറും ഷാനവാസ് സാറും ആയിരുന്നു കാരണക്കാര്‍. പിന്നീട് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ ജൂനിയര്‍ ടീമിലേക്ക് ക്ഷണം ലഭിച്ചതോടെ പരിശീലനവും ക്രിക്കറ്റിനോടുള്ള സമീപനവും ഗൗരവതരമായി. ഒമ്പതാം ക്ലാസില്‍ എത്തും മുമ്പേ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയില്‍ പ്രവേശനം ലഭിച്ചു. തൊടുപുഴയിലായിരുന്നു. ഒമ്പതും പത്തും ക്ലാസുകള്‍ അവിടെ അക്കാദമിയില്‍ താമസിച്ചാണ് പഠിച്ചത്. ഒപ്പം പരിശീലനവും. പ്ലസ് വണ്‍-പ്ലസ് ടു ക്ലാസുകളുടെ സമയത്ത് നാട്ടിലേക്ക് കിട്ടി. സുല്‍ത്താന്‍ ബത്തേരിയിലെ കെ.സി.എ. അക്കാദമിയില്‍ ആയിരുന്നു. പിന്നീട് ഡിഗ്രി കാലഘട്ടം തിരുവനന്തപുരം അക്കാദമിയിലും. ഈ മൂന്നിടത്തു നിന്നാണ് എന്റെ ക്രിക്കറ്റിന്റെ തുടക്കം.

? ഇടംകൈ ബാറ്റര്‍ വലം കൈ സ്പിന്നര്‍... ബാറ്റിങ്ങോ ബൗളിങ്ങോ കൂടുതല്‍ ഇഷ്ടം

എനിക്കു ബാറ്ററും ആകണ്ട ബൗളറും ആകണ്ട. ടീമിനു മികച്ച സംഭാവനകള്‍ നല്‍കുന്ന ഒരു ഓള്‍റൗണ്ടര്‍ ആയാല്‍ മതി. ഏതൊരു ടീമും ആഗ്രഹിക്കുന്നത് മികച്ച ഓള്‍റൗണ്ടര്‍ ഒപ്പം വേണമെന്നതാണ്. ഒരു കോച്ചും ഓള്‍റൗണ്ടറെ മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കില്ല. അതുകൊണ്ടു തന്നെ ഞാന്‍ ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് പരിശീലിക്കുന്നത്.

? കരിയര്‍

2013-ലാണ് കേരളാ ജൂനിയര്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. തുടര്‍ന്ന് 10 വര്‍ഷത്തോളമായി ജൂനിയര്‍ സീനിയര്‍ തലത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചതു മഹാഭാഗ്യം. ഇതിനിടെ ഡിഗ്രി പഠന കാലത്ത് 2019-ല്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാകാനും കഴിഞ്ഞു. ഇന്ത്യന്‍ എ ടീമിനൊപ്പം ബംഗ്ലാദേശ് പര്യടനവും ശ്രീലങ്കയില്‍ നടന്ന എമര്‍ജിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പും കളിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമില്‍ എത്തുകയെന്നതാണ് ലക്ഷ്യം. ഐ.പി.എല്‍. അതിനു ചവിട്ടുപടിയാകുമെന്നു പ്രതീക്ഷിക്കുന്നു.

? എന്ന് ഇന്ത്യന്‍ ജഴ്സിയില്‍ കാണാനാകും

ഉടന്‍ തന്നെ.

? ക്രിക്കറ്റിലെ റോള്‍ മോഡല്‍

എല്ലാവരും തന്നെ റോള്‍ മോഡല്‍സാണ്. നമ്മള്‍ ആരാധിക്കുന്ന താരങ്ങള്‍ എല്ലാം തന്നെ ആ നിലയില്‍ എത്തിയത് മികച്ചവരായതു കൊണ്ടാണല്ലോ? ആ മികവിനെ അല്ലെ നമ്മള്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് എല്ലാവരും എന്റെ റോള്‍ മോഡല്‍സാണ്. പിന്നെ കൂടുതല്‍ ഇഷ്ടം ആരെ എന്നു ചോദിച്ചാല്‍ അതു സ്മൃതി മന്ദാനയെയാണ്. സ്മൃതിയും ഒരു ഇടംകൈ ബാറ്റര്‍ ആണല്ലോ. മാത്രമല്ല അഗ്രസീവും. അഗ്രസീവ് ബാറ്റിങ് എനിക്ക് ഇഷ്ടമാണ്. സ്മൃതി കഴിഞ്ഞാല്‍ ഷെഫാലി വര്‍മയും ഫേവറൈറ്റ് താരമാണ്.

? ഡല്‍ഹി ടീമിലേക്ക് അവസരം ലഭിച്ചപ്പോള്‍

പറയാന്‍ കഴിയാത്ത സന്തോഷം. ഇപ്പോഴും എനിക്കറിയില്ല എന്താ പറയേണ്ടതെന്നു. ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഇതും കരിയറിലെ മറ്റൊരു വഴിത്തിരിവ് എന്നു പറയാം. ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. പ്രതീക്ഷയല്ല, അതിനായി പരമാവധി ശ്രമിക്കുക തന്നെ ചെയ്യും.

? ഷെഫാലിയും ഡല്‍ഹി ടീമിലുണ്ടല്ലോ

അതെ. ഷെഫാലി മാത്രമല്ല ജെമീമ റോഡ്രിഗസും. ഇരുവര്‍ക്കുമൊപ്പം കളിച്ചിട്ടുണ്ട് ഇന്ത്യന്‍ എ ടീമില്‍. വീണ്ടും അവര്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചത് വളരെ സന്തോഷം നല്‍കുന്നു. മാത്രമല്ല അവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച താരങ്ങളാണ്. അവരുടെ പിന്തുണയും പ്രോത്സാഹനവും എന്റെ കരിയറിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കും. അവര്‍ക്കൊപ്പം കളിക്കാനായി കാത്തിരിക്കുകയാണ്.

? ഡല്‍ഹി ടീമിന്റെ സാധ്യത

സാധ്യതയൊന്നും ഇപ്പോള്‍ എങ്ങനെയാ പ്രവചിക്കുക. പക്ഷേ നല്ല ടീമാണ് ഡല്‍ഹിയുടേത്. മികച്ച താരങ്ങളാണ് ഉള്ളത്. ഞങ്ങള്‍ എന്തായാലും കിരീടം നേടാന്‍ തന്നെയാകും കളത്തിലിറങ്ങുക. ക്രിക്കറ്റ് അല്ലെ... എല്ലാം കളത്തില്‍ കാണാം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം