ഐസിസി ഏകദിന ലോകക്കപ്പിന്റെ ഷെഡ്യൂള്‍ തയ്യാറായി . അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലൻഡും പോരാടും. ഒക്ടോബര്‍ അഞ്ചിനാരംഭിക്കുന്ന മത്സരം നവംബര്‍ 19 നാണ് അവസാനിക്കുക.
ചെന്നൈയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ആരാധകര്‍ ഉറ്റു നോക്കുന്ന ഇന്ത്യ പാക് മത്സരം നവംബര്‍ 15നാണ് നടക്കുക. ഇന്ത്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉടന്‍ തന്നെ ഷെഡ്യൂള്‍ ഔപചാരികമായി പുറത്തു വിടും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷമായിരിക്കും വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ആതിഥേയന്‍ എന്ന നിലയില്‍ തീയതികളിലും വേദികളിലും മാറ്റം വരുത്താന്‍ ബി സി സി ഐക്ക് അധികാരമുണ്ട്.
ഏഷ്യാകപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പാകിസ്താന്‍ ഇന്ത്യയില്‍ കളിക്കാനെത്തില്ലെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നുവെങ്കിലും പാകിസ്താന്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.ഹൈദരാബാദ് , ചെന്നൈ,ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും പാകിസ്താന്‍ കളിക്കാനിറങ്ങുന്നത്. മിക്ക പാകിസ്താന്‍ ഗെയിമുകള്‍ക്കും ബി സി സി ഐ സൗത്ത് സോണിലാണ് വേദികള്‍ നല്‍കുന്നത്. പാകിസ്താന്‍ കളിക്കാനിറങ്ങുന്നതുകൊണ്ട് കനത്ത സുരക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2023 ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ശേഷം പിസിബി ചെയര്‍മാന്‍ നജാം സേത്തി ആഗോള ടൂര്‍ണമെന്റില്‍ കളിക്കാന്‍ പാകിസ്താന് പച്ചക്കൊടി കാണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ മത്സരത്തിനിറങ്ങുന്നതിൽ സേത്തി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫൈനല്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളിക്കാമെന്നും പിസിബി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ഷോപീസ് ഇവന്റിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ലോകകപ്പില്‍ 10 ടീമുകള്‍ക്കിടയില്‍ 48 മത്സരങ്ങള്‍ കളിക്കണം. ജൂണില്‍ സിംബാബ്വെയിൽ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റിലൂടെ രണ്ട് ടീമുകള്‍ പട്ടികയില്‍ ഇടംപിടിക്കും. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, നേപ്പാള്‍, യുഎഇ, അയര്‍ലന്‍ഡ്, സിംബാബ്വെ, നെതര്‍ലന്‍ഡ്സ്, ഒമാന്‍, സ്‌കോട്ട്ലന്‍ഡ് എന്നീ ടീമുകളാണ് 50 ഓവര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുക.