ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിന് ആശ്വാസ ജയം. പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തുള്ള ചിലിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. എഡ്വേർഡൊ വാർഗാസിന്റെ ഗോളില്‍ രണ്ടാം മിനുറ്റില്‍ തന്നെ ചിലി മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ബ്രസീല്‍ ഒപ്പമെത്തിയത്. ഇഗോർ ജീസസാണ് സ്കോർ ചെയ്തത്. 89-ാം മിനുറ്റില്‍ ലൂയിസ് ഹെൻറിക്കാണ് കാനറികളുടെ രക്ഷകനായത്.
ഒൻപത് കളികളില്‍നിന്ന് 13 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ബ്രസീലിനായി. നാല് ജയവും ഒരു സമനിലയും നാല് തോല്‍വിയുമാണ് ടൂർണമെന്റിലെ ബ്രസീലിന്റെ സമ്പാദ്യം.
വെനസ്വേലയോടായിരുന്നു അർജന്റീന സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. നിക്കോളാസ് ഒറ്റമെൻഡിയുടെ ഗോളില്‍ 13-ാം മിനുറ്റില്‍ അർജന്റീന ലീഡ് നേടിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വെനസ്വേല തിരിച്ചുവരവ് നടത്തി. സലോമ റോണ്ടന്റെ ഗോളിലായിരുന്നു വെനസ്വേല അർജന്റീനയ്ക്ക് ഒപ്പമെത്തിയത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ അർജന്റീനയുടെ ആദ്യ സമനിലയാണിത്. നിലവില്‍ ഒൻപത് കളിലകളില്‍നിന്ന് ആറ് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അർജന്റീന.
അതേസമയം, കോപ്പ അമേരിക്ക ഫൈനലിസ്റ്റുകളായ കൊളംബിയക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്നു. ബൊളീവിയയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. ലോകകപ്പ് യോഗ്യത റൗണ്ടിലെ കൊളംബിയയുടെ ആദ്യ തോല്‍വിയാണിത്. മിഗുവല്‍ ടെറസെറോസാണ് ബൊളീവിയയുടെ വിജയഗോള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൊളംബിയ.
മറ്റൊരുമത്സരത്തില്‍ ഇക്വഡോറും പരാഗ്വേയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.