SPORT

''നിങ്ങളുടെ നട്ടെല്ല് ബ്രിജ് ഭൂഷണിന് മുന്നില്‍ പണയം വച്ചിരിക്കുന്നു'' യോഗേശ്വർ ദത്തിനെതിരെ ആഞ്ഞടിച്ച് വിനേഷ് ഫോഗട്ട്

ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡനപരാതിയില്‍ ബ്രിജ്ഭൂഷണിനെ യോഗേശ്വര്‍ സഹായിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരുടെ പേര് അദ്ദേഹം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഫോഗട്ട് ആരോപിച്ചു

വെബ് ഡെസ്ക്

ലണ്ടന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. യോഗേശ്വറിന്റെ നട്ടെല്ല് ബ്രിജ് ഭൂഷണിന്റെ കാല്‍ക്കീഴില്‍ അടിയറവ് വച്ചിരിക്കുകയാണെന്നും ചരിത്രം അയാളെ ഒറ്റുകാരനെന്ന് രേഖപ്പെടുത്തുമെന്നും താരം കുറ്റപ്പെടുത്തി. ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് ഏഷ്യന്‍ ഗെയിംസ് പ്രാഥമികഘട്ട യോഗ്യതാ റൗണ്ടുകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി നിര്‍ദേശിച്ചിരുന്നു. സമിതിയുടെ നടപടിയെ യോഗേശ്വര്‍ ചോദ്യം ചെയ്ത് ഗുസ്തി താരം കൂടിയായ യോഗേശ്വര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തത്.

ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡനക്കേസില്‍ ബ്രിജ്ഭൂഷണിനെ യോഗേശ്വര്‍ സഹായിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരുടെ പേര് അദ്ദേഹം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. ബ്രിജ്ഭൂഷണെതിരായ ലൈംഗീകാരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയിലെ ആറുപേരില്‍ ഒരാളായിരുന്നു യോഗേശ്വര്‍. ഒരു വിഭാഗം താരങ്ങള്‍ക്ക് മാത്രം ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്നും അത് പക്ഷാപാതപരമാണെന്നും പറഞ്ഞുകൊണ്ട് യോഗേശ്വര്‍ ദത്ത് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതാണ് യോഗേശ്വറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിലേക്ക് വിനേഷ് ഫോഗട്ടിനെ നയിച്ചത്. സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ യോഗേശ്വര്‍ ദത്ത് അത് പൊളിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നും സമരങ്ങള്‍ക്കും കേസിനും ഒന്നും ബ്രിജ്ഭൂഷണിനെ തൊടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ഫോഗട്ട് ആരോപിച്ചു.

വനിതാ താരങ്ങളോട് യോഗേശ്വര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും ഗുസ്തിഫെഡറേഷന്‍ തലവനെതിരായ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും താരം പറഞ്ഞു. കൂടാതെ സമിതി യോഗത്തിന് ശേഷം യോഗേശ്വര്‍ പരാതിക്കാരുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായും സമരക്കാരുടെ വീട്ടില്‍ വിളിച്ച് പെണ്‍മക്കളെ നിയന്ത്രിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ വെളിപ്പെടുത്തി. ''വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ യോഗേശ്വര്‍ പരസ്യമായി മൊഴി നല്‍കിയിരുന്നു. എന്നിട്ടും അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് സമിതികളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി. സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗുസ്തിക്കാരെയും പരിശീലകരെയും അദ്ദേഹം നിരന്തരം വിലക്കിയിരുന്നു. ബ്രിജ് ഭൂഷണിന്റെ മിച്ചമാണ് യോഗേശ്വര്‍ കഴിക്കുന്നതെന്ന് ലോകം മുഴുവന്‍ ഉള്ള ആളുകള്‍ക്കും മനസ്സിലായി'' ട്വീറ്റില്‍ കുറിച്ചു.

കര്‍ഷകര്‍, ജവാന്മാര്‍, വിദ്യാര്‍ത്ഥികള്‍, മുസ്ലീങ്ങള്‍, സിഖുകാര്‍ എന്നിവരെക്കുറിച്ച് മുന്‍പും അദ്ദേഹം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറഞ്ഞഇരുന്നു, ഇപ്പോള്‍ വനിതാ ഗുസ്തിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു. '' സമൂഹത്തെ വഞ്ചിച്ച നിങങള്‍ രണ്ട് തിരഞ്ഞെടുപ്പിലും വീണു, ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. കാരണം സമൂഹം വിഷപ്പാമ്പുകളെ ഒരിക്കലും നിലനിര്‍ത്തുകയില്ല'' ട്വീറ്റില്‍ പറയുന്നു. വനിതാ ഗുസ്തിക്കാരുടെ മനസ്സിന്റെ ശക്തി തകര്‍ക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഫോഗട്ട്, യോഗേശ്വറിന് മുന്നറിയിപ്പ് നല്‍കി.'' വനിതാ ഗുസ്തിക്കാരുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ ബലപ്രയോഗം നടത്തരുത്, ഇതിനകം ബ്രിജ്ഭൂഷന്റെ കാലിനടിയില്‍ പണയംവച്ച നിങ്ങളുടെ നട്ടെല്ല് ബലപ്രയോഗത്തില്‍ ഒടിഞ്ഞുപോയേക്കാം'' ഫോഗട്ട് പരിഹസിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ