2026ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് നിരവധി മത്സരയിനങ്ങള്‍ ഒഴിവാക്കി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന ഹോക്കി, ഗുസ്തി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, സ്‌ക്വാഷ്, ഷൂട്ടിങ് എന്നീ ഇനങ്ങളാണ് ഗെയിംസില്‍ നിന്ന് ഒഴിവാക്കിയത്. വലിയ പണച്ചിലവിനെ തുടര്‍ന്നാണ് തീരുമാനം.
ഗെയിംസ് നടത്താനുള്ള വലിയ സാമ്പത്തിക ചെലവിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടര്‍ന്നാണ് ആതിഥേയത്വം വഹിക്കാന്‍ സ്‌കോട്ട്ലന്‍ഡ് രംഗത്തെത്തുന്നത്. 2026 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ബജറ്റ് സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരയിനങ്ങള്‍ ഒഴിവാക്കിയതെന്നാണ അധികൃതര്‍ നല്‍കുന്ന സൂചന. ഇതേത്തുടര്‍ന്ന് പത്ത് മത്സരയിനങ്ങള്‍ മാത്രമാകും ഗെയിംസില്‍ ഉണ്ടാകുക.
ഗെയിംസില്‍നിന്ന് ഹോക്കിയും ഗുസ്തിയും ഒഴിവാക്കുന്നത് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയാകും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ ടീം ഹോക്കിയില്‍ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഒരു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ ഇന്ത്യന്‍ വനിതാ ടീമും സ്വന്തമാക്കിയിട്ടുണ്ട്.