ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് യോഗ ചെയ്യുന്നതും പസിലുകൾ തരം തിരിക്കുന്നതുമായ വീഡിയോ പുറത്തുവിട്ട് ടെസ്‌ല. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. യോഗാസനത്തിലെ സൂര്യനമസ്കാരത്തിന്റെ ചുവടുകൾ വളരെ കൃത്യതയോടെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ടു കൂടിയാണ് ഒപ്റ്റിമസ് വികസിപ്പിക്കുന്നതെന്ന സൂചനകളാണ് ഇതോടുകൂടി പുറത്തു വരുന്നത്.
യോഗ ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്ത്യയിലെ പ്രേക്ഷകർക്കിടയിൽ ഏറെ പ്രീതിപിടിച്ചു പറ്റിയത്. ടെസ്‌ല ഒപ്റ്റിമസിന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇലോൺ മസ്ക് 'നമസ്തേ' എന്ന ക്യാപ്ഷനോടു കൂടിയാണ് റോബോട്ടിന്റെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
ഒപ്റ്റിമസിന്റെ ന്യൂറൽ നെറ്റ്‌വർക്ക് പൂർണ്ണമായും എൻഡ്-ടു-എൻഡ് രീതിയിൽ പരിശീലിപ്പിച്ചിരിക്കുന്നുവെന്നാണ് എക്സിലൂടെ ടെസ്‌ല അവകാശപ്പെടുന്നത്. അതായത്, വീഡിയോ ഇൻപുട്ട് പ്രോസസ്സ് ചെയ്യാനും കൺട്രോൾ ഔട്ട്പുട്ട് നൽകാനും കഴിയുന്ന ടെസ്‌ല കാറുകളുടെ അതേ എൻഡ്-ടു-എൻഡ് ന്യൂറൽ നെറ്റ്‌വർക്കിലാണ് ടെസ്‌ലബോട്ട് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ചുരുക്കം. പ്രോഗ്രസ് എന്ന ഒറ്റവാക്കിലാണ് സിഇഒ എലോൺ മസ്‌ക് വീഡിയോയോട് പ്രതികരിച്ചത്. സുരക്ഷിതമല്ലാത്തതും ആവർത്തിക്കുന്നതോ വിരസമായതോ ആയ ജോലികൾ ചെയ്യാൻ കഴിവുള്ള, ബൈ-പെഡൽ, ഓട്ടോണമസ് ഹ്യൂമനോയിഡ് റോബോട്ട് ആണ് ടെസ്‌ല വികസിപ്പിക്കാനായി ലക്ഷ്യമിടുന്നത്.
മനുഷ്യൻ ചെയ്യുന്നതിന് സമാനമായ ജോലികൾ വളരെ കൃത്യമായി ചെയ്യാനുളള റോബോട്ടിന്റെ കഴിവ് വ്യക്തമാക്കുന്നതാണ് വീഡിയോ. അതേസമയം, റോബോട്ടിന്റെ പുതിയ കഴിവുകളോട് വളരെ ആവേശകരമായാണ് ഉപയോക്താക്കൾ പ്രതികരിച്ചിരിക്കുന്നത്. നിരവധി ഉപയോക്താക്കളാണ് ഇതിനോടകം വീഡിയോയ്ക്ക് രസകരമായി പ്രതികരണവുമായി നിരവധി ഉപഭോക്താക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. എഐ റോബോട്ട് യോഗ മെഷീൻ എന്നും യോഗ ചെയ്യുമ്പോഴുളള റോബോട്ടിന്റെ ഒരു പോസ് ഭരതനാട്യത്തിന്റേതാണെന്ന് അടക്കമുളള കമന്റുകളും വന്നു കഴിഞ്ഞിരിക്കുകയാണ്.
ടെസ്‌ല ടീമിൽ നിന്നും അത്ഭുതകരമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഒപ്റ്റിമസ് വളരെ സുഗമമാണെന്നുമാണ് ഉപയോക്തക്കളുടെ പ്രതികരണം. റോബോട്ടിന്റെ അടുത്ത പുരോഗതിയെക്കുറിച്ച് അറിയാനായി ഇനി അധിക നാൾ കാത്തിരിക്കാനാവില്ലെന്ന് അടക്കമുളള ആവേശകരമായ പ്രതികരണങ്ങളും ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി. എന്നാൽ, ടെസ്‌ലബോട്ട് എപ്പോൾ വാണിജ്യപരമായ ഉപയോഗത്തിനായി പുറത്തിറങ്ങും എന്നതിനെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.