ആഗോള സാമ്പത്തികമാന്ദ്യ ഭീതിയിൽ നിയമനങ്ങൾ വെട്ടിക്കുറച്ചതിന് പിന്നാലെ, ജീവനക്കാരുടെ സ്ഥാനക്കയറ്റം നിർത്തലാക്കി പ്രമുഖ ഐടി കമ്പനിയായ വിപ്രോ. എലൈറ്റ് വിഭാഗത്തിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉയർന്ന ശമ്പളം നേടാനാകുന്ന ടർബോ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത് കമ്പനി നിർത്തലാക്കി. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് നാല് മുതൽ ആറ് മാസം വരെ പരിശീലനം നൽകിയശേഷം ടർബോ വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന സമ്പ്രദായത്തിലൂടെയാണ് വിപ്രോയില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നത്. എലൈറ്റ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവർക്ക് പ്രതിവർഷം 3.5 ലക്ഷം രൂപ ലഭിക്കുമ്പോള്‍, ടർബോ വിഭാഗക്കാർക്ക് 6.5 ലക്ഷം വരെ വാർഷിക വരുമാനം ലഭിച്ചിരുന്നു. നിയമനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തലും നിർത്തിവയ്ക്കുന്നത്.
യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിൻ്റെ പിടിയിലായേക്കുമെന്ന ഭീതിയും യൂറോപ്പിനേറ്റ തിരിച്ചടിയും ഇന്ത്യന്‍ ഐടി മേഖലയില്‍ ഉണ്ടാക്കിയ ആഘാതമാണ് ഐടി കമ്പനികളിലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിൻ്റെ പ്രധാനകാരണം
പുതുതായി നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് പ്രോജക്ട് എന്‍ജിനീയർ വിഭാഗത്തില്‍ ശമ്പള പരിഷ്ക്കരണമില്ലാതെ, 3.5 ലക്ഷം പ്രതിവർഷ വരുമാനത്തില്‍ ജോലിയില്‍ സ്ഥിരനിയമനം നേടാമെന്ന് കമ്പനി അറിയിച്ചു. ഇത് അംഗീകരിക്കുന്നവർക്ക് മാർച്ചില്‍ ജോലിയില്‍ സ്ഥിര നിയമനം ലഭിക്കും. എന്നാല്‍, ഈ ഓഫർ അംഗീകരിക്കുന്നവർക്ക് മുമ്പ് കമ്പനി മുന്‍പോട്ട് വച്ചിരുന്ന ഓഫറുകളൊന്നും ലഭിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ഓഫറിന് സമയ പരിധിയുണ്ടെന്നും വിപ്രോ അറിയിച്ചിട്ടുണ്ട്.
നൂറുകണക്കിന് പുതിയ ജീവനക്കാരാണ് ഐടി കമ്പനികളില്‍ സ്ഥിരനിയമനത്തിനായി കാത്തിരിക്കുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലായേക്കുമെന്ന ഭീതിയും യൂറോപ്പിനേറ്റ തിരിച്ചടിയും ഇന്ത്യന്‍ ഐടി മേഖലയില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഇതിന് പിന്നാലെയാണ് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ കമ്പനികളിലെ നിയമനം പകുതിയായി കുറച്ചത്. രണ്ടാം പാദത്തില്‍ നാല് കമ്പനികളും കൂടെ ആകെ 28,836 പേരെ മാത്രമാണ് ജോലിക്കെടുത്തത്.
അതേസമയം, ഗൂഗിളും മെറ്റയും ട്വിറ്ററും പോലുള്ള വന്‍കിട ടെക്ക് കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ തുടരുമ്പോള്‍, ഒരാളെ പോലും പിരിച്ചുവിടില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവനദാതാവായ ടിസിഎസ്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഐടി മേഖലകളിലെ പിരിച്ചുവിടൽ ടിസിഎസിനെ ബാധിക്കില്ലെന്നും ജീവനക്കാർക്ക് ശമ്പള പരിഷ്‌ക്കരണം ഏർപ്പെടുത്തുമെന്നും പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് കമ്പനിയുടെ നിലപാട്.