തിരഞ്ഞെടുക്കപ്പെട്ട റിച്ചാർജ് പ്ലാനുകള്‍ക്ക് 5ജിയുടെ അണ്‍ലിമിറ്റഡ് ഓഫർ ടെലിക്കോം കമ്പനികളായ എയർടെല്ലും ജിയോയും നല്‍കുന്നുണ്ട്. എന്നാല്‍ 2024ന്റെ പകുതിയോടെ 5ജിയുടെ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ നിർത്തലാക്കി താരിഫ് ഉയർത്താന്‍ കമ്പനികള്‍ ഒരുങ്ങുന്നുവെന്നാണ് ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
താരിഫ് വർധിപ്പിച്ചുകൊണ്ട് വരുമാന വളർച്ചയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. ഉയർന്ന ഉപഭോക്തൃ ഏറ്റെടുക്കലിന്റേയും 5ജി നിക്ഷേപങ്ങളുടേയും ചെലവ് തിരിച്ചുപിടിക്കുന്നതിനായി എയർടെല്ലും ജിയോയും ആർഒസിഇ (മൂലധനത്തില്‍ നിന്നുള്ള വരുമാനം) 20 ശതമാനമാക്കി ഉയർത്താനാണ് പദ്ധതിയിടുന്നത്.
നിലവില്‍ രണ്ട് കമ്പനികളും പ്രത്യേക 5ജി പ്ലാനുകള്‍ നല്‍കുന്നില്ല. ഇതിന് ഉടന്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജി പ്ലാനുകളേക്കാള്‍ ചെലവേറിയതായിരിക്കും 5ജി പ്ലാനുകള്‍. വില വർധനവിനൊപ്പം ഡാറ്റയിലും മാറ്റമുണ്ടായേക്കും. 30 മുതല്‍ 40 ശതമാനം വരെ അധിക ഡാറ്റ ലഭ്യമാകുമെന്നാണ് സൂചനകള്‍.
എയർടെല്ലിന് പ്രതിമാസം ഒരു ഉപയോക്താവില്‍ നിന്ന് ശരാശരി 200 രൂപയാണ് ലഭിക്കുന്നത്. ഇത് 250 രൂപയാക്കി വർധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 5ജി ഉപയോക്താക്കളുടെ എണ്ണത്തിലും സ്ഥിരതയാർന്ന ഉയർച്ച രാജ്യത്ത് രേഖപ്പെടുത്തുന്നുണ്ട്. 125 ദശലക്ഷം 5ജി ഉപയോക്താക്കളാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് 200 മില്യണാക്കി ഉയർത്തുക എന്ന ലക്ഷ്യമാണ് രണ്ട് കമ്പനികള്‍ക്കുമുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിഐയും 5ജി ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.