സ്മാർട്ട് സ്പീക്കറുകളുടെ ഏറ്റവും പുതിയ പതിപ്പായ എക്കോ ഡോട്ട് അഞ്ചാം തലമുറ ഇന്ത്യയിൽ അവതരിപ്പിച്ച് ആമസോൺ. മെച്ചപ്പെട്ട ഓഡിയോ, മോഷൻ ഡിറ്റക്ഷൻ, ടെമ്പറേച്ചർ സെൻസർ, ആംഗ്യ നിയന്ത്രണങ്ങൾ തുടങ്ങി കൂടുതൽ പുതിയ സവിശേഷതകളുമായാണ് എക്കോ ഡോട്ട് എത്തുന്നത്. പരിഷ്കരിച്ച പതിപ്പിലൂടെ ഉപയോക്താക്കൾക്ക് ഇനി ഹിന്ദിയിലും ഇംഗ്ലീഷിലും ഹിംഗ്ലീഷിലും സ്മാർട്ട് വീട്ടുപകരണങ്ങൾ നിയന്ത്രിക്കാനും ടൈമറുകൾ, റിമൈൻഡറുകൾ എന്നിവ സജ്ജീകരിക്കാനും സംഗീതം പ്ലേ ചെയ്യാനും സാധിക്കും. ആമസോണിന്റെ എക്കോ എന്ന വയര്‍ലെസ് സ്പീക്കറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എക്കോ ഡോട്ട്. അഞ്ചാം തലമുറ ആമസോൺ എക്കോ ഡോട്ട് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ശബ്‌ദം സംവിധാനം വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നു.
5,499 രൂപയാണ് പുതിയ ആമസോൺ എക്കോ ഡോട്ടിന്റെ (അഞ്ചാം തലമുറ)വില. എന്നാൽ പ്രാരംഭ വില 4,999 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫർ വിലയായ 4,999 രൂപയ്ക്ക് സ്മാർട്ട് സ്പീക്കർ മാർച്ച് 2 മുതൽ 4 വരെ ആമസോൺ ഇന്ത്യയിൽ ലഭ്യമാകും. ക്രോമ, റിലയൻസ് ഡിജിറ്റൽ, പൂർവിക തുടങ്ങിയ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഉപയോക്താക്കൾക്ക് ഇത് വാങ്ങാം. അതേസമയം, 3,449 രൂപയാണ് ആമസോൺ ഇന്ത്യയിൽ എക്കോ ഡോട്ട് (നാലാം തലമുറ) സ്പീക്കറിന്റെ വില. കറുപ്പ്, നീല, വെളുപ്പ് തുടങ്ങി മൂന്ന് നിറങ്ങളിൽ എക്കോ ഡോട്ടിന്റെ അഞ്ചാം പതിപ്പ് ലഭ്യമാകും. എല്ലാ വേരിയന്റുകളിലും നീല LED ലൈറ്റുകളും ഉണ്ടാകും.
വൈഫൈയുടെയും വൈദ്യുതിയുടെയും സഹായത്തോടെ മാത്രമാണ് സ്പീക്കറുകൾ പ്രവർത്തിക്കുക. ആൻഡ്രോയ്ഡ് ഐഒഎസ് എന്നിവയിൽ പ്രവർത്തിക്കാനായി അലക്സ ആപ്പുമായി കണക്ട് ചെയ്യണം. ഇൻ-ബിൽറ്റ് അൾട്രാസൗണ്ട് മോഷൻ ഡിറ്റക്ഷനും ടെമ്പറേച്ചർ സെൻസറും ആണ് ആമസോൺ എക്കോ ഡോട്ടിന്റെ (അഞ്ചാം തലമുറ) ഏറ്റവും മികച്ച സവിശേഷതയായി കമ്പനി അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് യഥാക്രമം റൂമിൽ പ്രവേശിക്കുമ്പോൾ റൂം ലൈറ്റുകൾ സ്വയമേവ ഓണാക്കാനും മുറിയിൽ ചൂട് കൂടുതലാണെങ്കിൽ ഓട്ടോമാറ്റിക്കായി എ സി ഓണാക്കാനും സാധിക്കും.
അലക്‌സയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് മറ്റ് എക്കോ സ്പീക്കറുകൾ, ഫയർ ടിവി തുടങ്ങിയവ ഇപ്പോൾ വിലക്കുറവിൽ ലഭ്യമാണ്.